കോട്ടയം: വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയുടെ ഡയമണ്ട് ജൂബിലി സമാപനവും പൗരസ്ത്യ വിദ്യാപീഠത്തിന്റെ റൂബി ജൂബിലി സമാപനവും നാളെ നടക്കും. രാവിലെ ഒമ്പതിന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. ആർച്ച് ബി ഷപ് തോമസ് മാർ കൂറിലോസ്, വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ എന്നിവർ സഹകാർമികരായിരിക്കും. ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം വചന സന്ദേശം നൽകും. 11ന് നടക്കുന്ന ജൂബിലി സമാപന സമ്മേളനം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.
സെമിനാരി സിനഡൽ കമ്മീഷൻ ചെയർമാൻ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും. സീറോ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവാ, മലങ്കര ഓർത്തഡോ ക്സ് സഭ കാതോലിക്കാ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ ബാവാ, കേരള ലാറ്റിൽ കാത്തലിക് ബിഷപ്സ് കൗൺസിൽ പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ. തോമസ് കരിയിൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.
പാലാ രൂപത മുൻ ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, തലശേരി സെന്റ് ജോസഫ്സ് സെമിനാരി റെക്ടർ റവ.ഡോ. ജോർജ് കാരോട്ട്, വടവാതൂർ സെമിനാരി റെക്ടർ റവ.ഡോ. സിറിയക് കന്യാകോണിൽ , പൗരസ്ത്യ വിദ്യാപീഠം ഡയറക്ടർ റവ.ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ എന്നിവർപ്രസംഗിക്കും.