വീടു പണിയുടെ ബുദ്ധിമുട്ടുകള്‍ ഒരിക്കലെങ്കിലും ഒരു വീടു പണിതവര്‍ക്കേ മനസ്സിലാവൂ. അങ്ങനെയെങ്കില്‍ പതിനാറ് വീടുകള്‍ പണിയുമ്പോള്‍ ഒരാള്‍ എന്തുമാത്രം ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുണ്ടാവും? ഇതാ ദരിദ്രര്‍ക്കായി പതിനാറ് വീടുകള്‍പണിതുകൊടുത്ത ഒരു വൈദികന്‍ ഇവിടെയുണ്ട്.
ഫാ. ജിജോ കുര്യന്‍. കപ്പൂച്ചിന്‍ സഭാംഗമായ ഇദ്ദേഹം ഇടുക്കി ജില്ലയിലാണ് പ്രവര്‍ത്തിക്കുന്നത്. സോഷ്യല്‍ മീഡിയായിലൂടെ അദ്ദേഹം പലര്‍ക്കും പരിചിതനുമാണ്.
സര്‍ക്കാരിന്റെ സഹായലിസ്റ്റില്‍ ഇടം നേടിയിട്ടില്ലാത്ത എന്നാല്‍ അര്‍ഹതയുള്ളവര്‍ക്കായാണ് അച്ചന്‍ വീടു പണിതുകൊടുക്കുന്നത്. അടുക്കള, ബാത്ത്്‌റൂം, സിറ്റൗട്ട്, എ്ന്നീ സൗകര്യങ്ങളുണ്ടാവും വീടിന്. പതിനഞ്ചു മുതല്‍ മുപ്പതു വരെ ദിവസങ്ങളാണ് ഒരു വീടിന്റെ നിര്‍മ്മാണത്തിന് വേണ്ടി വരുന്നത്. സാധാരണയായി ഒരു ബഡ് റൂം വീടായിരിക്കും. കൂടുതല്‍ അംഗങ്ങളുണ്ടെങ്കില്‍ രണ്ടു ബഡ്‌റൂം. രണ്ട് ബഡ് റൂം വീടിന് രണ്ടുലക്ഷം രൂപയാണ് നിര്‍മ്മാണചെലവ്.
നിര്‍മ്മാണചെലവ് കുറയ്ക്കുന്നതിനായി ഭിത്തിക്ക് ഫൈബര്‍ സിമന്റ് ബോര്‍ഡാണ് ഉപയോഗിക്കുന്നത്. മതമോ ജാതിയോ നോക്കാതെയാണ് ജിജോ അച്ചന്‍ വീടു നിര്‍മ്മിച്ചുനല്കുന്നത്. പ്രളയത്തില്‍ വീടു തകര്‍ന്നവര്‍, സ്ഥലം സ്വന്തമായി ഉണ്ടെങ്കിലും വീടില്ലാത്തവര്‍, മക്കള്‍ ഉപേക്ഷിച്ചുപോയ വൃദ്ധരായ മാതാപിതാക്കള്‍, വിധവകള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്കുന്നുണ്ടെന്ന് മാത്രം.
ആഘോഷങ്ങള്‍ക്ക് ചെലവു ചുരുക്കി മിച്ചംവച്ചുകിട്ടുന്ന തുക ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നല്കുന്ന ചില മനുഷ്യസ്‌നേഹികളുടെ സന്മനസാണ് ഇത്തരം വീടുകളുടെ നിര്‍മ്മാണത്തിന് വഴിതെളിച്ചിരിക്കുന്നതെന്ന് അച്ചന്‍ പറയുന്നു. പലരും ദരിദ്രരെ സഹായിക്കാനായി മുന്നോട്ടുവരുന്നതും ശുഭസൂചനയാണ്.അച്ചന്‍ പറയുന്നു.