കൊച്ചി: രാഷ്ട്രീയത്തിനും മതത്തിനുമപ്പുറം കേരളത്തിലെ സാമാന്യജനങ്ങളെ ബാധിക്കുന്ന വിഷയമാണ് വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയഉദ്യാനങ്ങള്‍ക്കും ചുറ്റുമായി ഒരു കിലോമീറ്റര്‍ ഇക്കോ സെന്‍സിറ്റീവ്‌സോണ്‍/ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള 2022 ജൂണ്‍ മൂന്നിലെ സുപ്രീം കോടതി വിധിയെന്ന് കെസിബിസി.
സ്വന്തം ആവശ്യത്തിനല്ലാതെ കൃഷി ചെയ്യുന്നതും മാത്രമല്ല സ്വന്തം ആവശ്യത്തിനായി വീട് വയ്ക്കുന്നതുപോലും നിരോധിക്കപ്പെട്ടിരിക്കുന്ന ഇടമാണ് ബഫര്‍ സോണ്‍. ഇതിനുള്ളില്‍ വരുന്ന ലക്ഷകണക്കിന് മനുഷ്യര്‍ അപ്രഖ്യാപിത കുടിയിറക്കലിന് ഇരയായി, ജനിച്ച മണ്ണില്‍ നിന്ന് പലായനംചെയ്യേണ്ടിവരുമെന്ന സാഹചര്യമാണ് ഇതുമൂലം സൃഷ്ടിക്കപ്പെട്ടിട്ടുളളത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച രീതിയില്‍ വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം. എല്ലാ വിഭാഗം ജനങ്ങളെയും സാരമായി ബാധിക്കുന്ന ഈ വിഷയത്തില്‍ സര്‍ക്കാര്‍ സത്വരമായി ഇടപെടല്‍ നടത്തണം.
കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ബഫര്‍സോണ്‍ സീറോ കിലോമീറ്ററില്‍നിജപ്പെടുത്തണമെന്ന പ്രമേയംനിയമസഭപാസാക്കാനുളള സാഹചര്യം സൃഷ്ടിക്കുകയുംവേണം. ഇക്കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കെസിബിസി പ്രതിനിധികള്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ട് നിവേദനം സമര്‍പ്പിക്കുമെന്ന് ഡെപ്യൂട്ടി സെക്രട്ടറി ഫാ.ജേക്കബ് ജി പാലയ്ക്കാപ്പിള്ളി അറിയിച്ചു.