Tuesday, July 1, 2025
spot_img
More

    എന്റെ കർത്താവേ, എന്റെ ദൈവമേ

    ഗീതാ ഹിരണ്യൻ എന്ന എഴുത്തുകാരിയുടെ ഒരു കഥയുടെ പേര്‌, “ഒററ സ്നാപ്പിൽ ഒതുക്കാനാവില്ല ഒരു ജന്മ സത്യം” എന്നാണ്‌. ഇതൊരു യാഥാർത്ഥ്യമാണ്‌, ഒററ സ്നാപ്പുകൊണ്ട്‌ അല്ലെങ്കിൽ ഒരൊററ ക്ളിക്കുകൊണ്ട്‌ ആർക്കെങ്കിലും ഒതുക്കാനാകുമോ ഒരു ജന്മസത്യം? ഒരിക്കലും സാധിക്കില്ല എന്നാണ്‌ പൊതുവെ പറയുന്നതും നാം മനസിലാക്കിവച്ചിരിക്കുന്നതും.

    അതായത്‌, ഏററവും കുറഞ്ഞ വാക്കുകൾ കൊണ്ട്‌ ഒരു വ്യക്തിയെക്കുറിച്ച്‌ പറയുവാനോ വിശദീകരിക്കുവാനോ അത്ര എളുപ്പമല്ല. എത്രയധികം വിശേഷണങ്ങളാലാണോ ഒരു ജീവിതം വിവരിക്കപ്പെടുന്നത്‌ അപ്പോഴാണ്‌ ആ വ്യക്തിയുടെ പ്രാധാന്യത്തെക്കുറിച്ച്‌, കേൾക്കുന്നവരും വായിക്കുന്നവരും കാണുന്നവരുമൊക്കെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നത്‌ എന്നതാണ്‌ നമ്മുടെ പൊതുചിന്താധാര. മിക്കവരും പിൻതുടരുന്നതും ഈ രീതി തന്നെയാണ്‌.

    ഇങ്ങനെയൊക്കെയാണ്‌ ഇക്കാലത്തും നമ്മുടെ ജീവിത പരിസരങ്ങളെന്ന്‌ അറിയുമ്പോഴും യോഹന്നാന്റെ സുവിശേഷത്തിലെ ഒരു വചനത്തിലെ നാലു വാക്കുകൾകൊണ്ട്‌ (എന്റെ കർത്താവേ, എന്റെ ദൈവമേ) തോമസ്‌ എന്ന യേശുശിഷ്യനെ എത്ര മനോഹരമായാണ്‌ സുവിശേഷം വിവരിച്ചുതന്നിരിക്കുന്നത്‌ (യോഹന്നാൻ 20:28). “ഒററ സ്നാപ്പിൽ ഒതുക്കാനാവില്ല ഒരു ജന്മ സത്യം“ എന്ന്‌ ഗീതാ ഹിരണ്യൻ എന്ന എന്റെ പ്രിയപ്പെട്ട എഴുത്തുകാരി പറഞ്ഞത്‌ സത്യമെന്ന്‌ സമ്മതിക്കുമ്പോഴും, തോമസ്‌ എന്ന ശിഷ്യനെക്കുറിച്ച്‌ പറയാനും വിശദീകരിക്കാനും ഈ നാലു വാക്കുകൾ മാത്രം മതി എന്നതാണ്‌ വചനം നമ്മെ ഓർമ്മിപ്പിക്കുന്ന കാലിക പ്രസക്തമായ സത്യം. സുവിശേഷത്തിലെ ഈ വാക്കുകൾ കൂടെക്കൂടെ വായിക്കുമ്പോൾ തോമസെന്ന ഭാരതത്തിന്റെ അപ്പസ്തോലനെ കൂടുതലായി സ്നേഹിക്കാൻ ഞാൻ പ്രാപ്തനാവുകയാണ്‌.  

    എന്റെ കർത്താവേ, എന്റെ ദൈവമേ എന്ന ഏററുപറച്ചിന്‌ ഏറെ ആത്മീയമായ അർത്ഥങ്ങളുണ്ട്‌. ഈശോയുടെ ഉത്ഥാനത്തെക്കുറിച്ച്‌ മററ്‌ ശിഷ്യർ പറയുമ്പോഴുള്ള അവന്റെ ശാഠ്യമാർന്നുള്ള നിലപാടിന്റെ പേരിൽ സംശയിക്കുന്നവനെന്ന്‌ എക്കാലത്തും മുദ്രകുത്തപ്പെട്ടപ്പോഴും, എന്റെ കർത്താവേ എന്റെ ദൈവമേ എന്ന വാക്കുകളിലൂടെ അവൻ പ്രകടമാക്കിയത്‌ ഈശോയെന്ന തന്റെ ഗുരുവിനെക്കുറിച്ചുള്ള വ്യക്തിപരമായ മനസിലാക്കലായിരുന്നു. നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണെന്ന്‌ പത്രോസ്‌ പറയുമ്പോൾ, അത്‌ ഈശോ ആരാണെന്നുള്ള വെളിപ്പെടുത്താലായിരുന്നെങ്കിൽ, എന്റെ കർത്താവേ എന്റെ ദൈവമേ എന്ന്‌ തോമസ്‌ പറയുമ്പോൾ ഈശോ അവനാരാണെന്ന സാക്ഷ്യപ്പെടുത്തലാണ്‌. ഒരാൾ നടത്തിയത്‌ ഒരു പൊതു വെളിപ്പെടുത്താലാണെങ്കിൽ മറ്റെയാൾ നടത്തിയത്‌ വ്യക്തിപരമായ സാക്ഷ്യമാണ്‌ എന്ന വ്യത്യാസമുണ്ട്‌.

    കർത്താവിന്റെ മുൻപിലുള്ള തോമസിന്റെ ആ നിമിഷങ്ങളിൽ അവന്‌ കിട്ടിയത്‌ ആഴമാർന്ന ക്രിസ്ത്വാനുഭവമാണ്‌. ഉത്ഥിതനായി, ശരീരത്തിലേററ മുറിവുകളുമായി തന്നെ കാണനെത്തിയവൻ തന്നിലേക്ക്‌ ചൊരിയുന്ന ദൈവീക ശക്തി എത്രയോ ഉന്നതമെന്നുള്ള അറിവിലേക്കാണ്‌ തോമസ്‌ എത്തിച്ചേർന്നത്‌. അതിനാൽത്തന്നെ, നിന്റെ വിരൽ ഇവിടെ കൊണ്ടുവരുക; എന്റെ കൈകൾ കാണുക; നിന്റെ കൈനീട്ടി എന്റെ പാർശ്വത്തിൽ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക എന്ന്‌ ഈശോ തോമസിനോട്‌ പറഞ്ഞെങ്കിലും (യോഹന്നാൻ 20:27)

    അവൻ ആദ്യം ശാഠ്യം പിടിച്ചതുപോലെ ഈശോയുടെ മുറിവിൽ തന്റെ വിരൽ ഇട്ടതായി സുവിശേഷത്തിൽ എവിടെയും പറയുന്നില്ല. ഈശോയെ കണ്ടമാത്രയിൽ തന്നെ അവന്റെ ഉള്ളിൽ ഉത്ഥിതൻ വലിയ ചലനം സൃഷ്ടിച്ചിരുന്നു എന്നതാകാം അതിന്റെ കാരണം.ഏതൊരു ക്രിസ്തുശിഷ്യനും ശിഷ്യയും തങ്ങളുടെ ജീവിതം കൊണ്ട്‌ എപ്പോഴും പറയേണ്ട നാലു വാക്കുകളാണ്‌ എന്റെ കർത്താവേ എന്റെ ദൈവമേ എന്ന തോമാസുകൃതം.

    ഈ വാക്കുകൾ തോമസിന്റെ ഹൃദയത്തിൽ നിന്നാണ്‌ പുറത്തുവന്നത്‌ എന്നത്‌ സംശയമില്ലാത്ത കാര്യമാണ്‌.. തോമസിന്റേതുപോലുള്ള വിശ്വാസത്തോടും ബോധ്യത്തോടും കൂടെ അവൻ പറഞ്ഞ ഇതേ വാക്കുകൾ ഏററുപറയാനും ജീവിക്കാനും നമ്മിലെത്രപേർക്ക്‌ സാധിക്കും? നമ്മിൽ മിക്കവരുടേയും ഉത്തരം അത്ര എളുപ്പമല്ല എന്നായിരിക്കാം.

    ഭാരതമണ്ണിലേക്ക്‌ വന്ന ക്രിസ്തുശിഷ്യനായ തോമസിന്റെ തിരുനാൾ ആഘോഷിക്കുകയും ആദരിക്കുകയും ചെയ്യുന്നത്‌ എളുപ്പമാണ്‌. എന്നാൽ അവൻ കർത്താവിനെ തിരിച്ചറിഞ്ഞതുപോലെ തിരിച്ചറിയാനും അവൻ കർത്താവിനെ അഭിസംബോധന ചെയ്തതുപോലെ അഭിസംബോധന ചെയ്യാനും കഴിയുക എന്നതാണ്‌ ഏററവും പ്രധാനം. ഈശോയുടെ ശീഷ്യനായ വിശുദ്ധ തോമസ്‌ പറഞ്ഞ എന്റെ കർത്താവേ എന്റെ ദൈവമേ എന്ന നാലുr വാക്കുകൾ കൊണ്ട്‌ അവന്റെ ജീവിതം മുഴുവനും എത്ര വ്യതമായാണ്‌ നമ്മുടെ മുൻപിൽ തുറന്നുകിട്ടിയിരിക്കുന്നത്‌. അവനോടൊപ്പം മരിക്കാൻ നമുക്കും പോകാം (യോഹന്നാൻ 11:16) എന്ന്‌ തോമസ്‌ മുൻപ്‌ പറഞ്ഞതിന്‌ സാധൂകരണം വന്നത്‌, എന്റെ കർത്താവേ എന്റെ ദൈവമേ എന്ന ഏററുപറച്ചിലിനുശേഷമാണ്‌.

    ഈ വാക്കുകളായിരിക്കും ഭാരതത്തിലേക്ക്‌ ഒരു യാത്രതിരിക്കാൻ പോലും വി.തോമസിന്‌ പ്രേരകമായത്‌. 
    തന്റെ ഉള്ളിൽ ബോധ്യമായി മാറിയ, ഈശോ കർത്താവും ദൈവവുമാണെന്നുള്ള സത്യത്തെ പങ്കുവയ്ക്കാൻ ത്യാഗങ്ങൾ സഹിച്ച വി.തോമസിന്റെ കർത്താവിനോടുള്ള സ്നേഹം നമ്മുടെ ജീവിതങ്ങൾക്ക്‌ പ്രചോദനമായിരുന്നെങ്കിൽ എത്രയോ നല്ലതായിരുന്നു.

    കർത്താവിന്റെ പേരിൽ ചെയ്തുകൂട്ടുന്ന അപചയങ്ങൾക്ക്‌ കുറവുവന്നേനെ. വി. തോമസിനെപ്പോലെ ചുരുങ്ങിയ വാക്കുകളാൽ തന്റെ വിശ്വാസത്തേയും ജീവിതത്തേയും പ്രകടമാക്കാൻ അവന്റെ തിരുനളാഘോഷിക്കുന്ന എല്ലാവർക്കും സാധിക്കട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു.

    പോൾ കൊട്ടാരം കപ്പൂച്ചിൻ

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!