നിക്കരാഗ്വ: സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വയില്‍ നിന്ന് പ്രസിഡന്റ് ഡാനിയേല്‍ ഓര്‍ട്ടെഗ സര്‍ക്കാര്‍ മിഷനറീസ് ഓഫ് ചാരിറ്റിയിലെ 18 അംഗങ്ങളെ രാജ്യത്ത് നിന്ന് പുറത്താക്കി, ഇതില്‍ ഏഴു പേര്‍ ഇന്ത്യക്കാരും മറ്റുള്ളവര്‍ ഫിലിപ്പിനോ, മെക്‌സിക്കോ,ഗ്വാട്ടിമാല,നിക്കരാഗ്വ,സ്‌പെയ്ന്‍, ഇക്വഡോറിയ,വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള രണ്ടുപേര്‍ വീതവുമാണ്..
ബസില്‍ സന്യാസിനിമാരെ അതിര്‍ത്തിയിലെത്തിച്ചതിന് ശേഷം കാല്‍നടയായി അയല്‍രാജ്യമായ കോസ്റ്റാറിക്കയിലേക്ക് പറഞ്ഞുവിടുകയായിരുന്നുവെന്ന് ഏല്‍ കോണ്‍ഫിഡെന്‍ഷ്യല്‍ ന്യൂസ്‌പേപ്പര്‍ റിപ്പോര്‍ട്ട്‌ചെയ്യുന്നു.
പുറത്താക്കപ്പെട്ട ഈ സന്യാസിനിമാരെ കോസ്റ്റാറിക്കയിലെ തിലാറന്‍-ലിബേറിയ രൂപത ബിഷപ് മാനുവല്‍ യൂജിനോയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഈ സന്യാസിനിമാര്‍ തങ്ങളുടെ രൂപതയ്ക്ക് വലിയൊരു മുതല്‍ക്കൂട്ടാണെന്ന് അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു. കത്തോലിക്കാസഭയ്‌ക്കെതിരെയുള്ള പ്രസിഡന്റ് ഒര്‍ട്ടേഗയുടെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പുതിയതാണ് മിഷനറീസ് ഓഫ് ചാരിറ്റിയിലെ അംഗങ്ങളെ പുറത്താക്കിയത്.
2018 ല്‍ പ്രസിഡന്റി്‌നെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് വൈദികര്‍ സംരക്ഷണംനല്കിയതോടെയാണ് കത്തോലിക്കാസഭ പ്രസിഡന്റിന്റെ കണ്ണിലെ കരടായത്. കഴിഞ്ഞമാസം മിഷനറിസ് ഓഫ് ചാരിറ്റിക്ക് രാജ്യത്ത് സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നിഷേധിച്ചിരുന്നു.സാമ്പത്തികസ്രോതസ് വെളിപെടുത്തിയില്ല എന്നായിരുന്നു ആരോപണം.
1988 മുതല്‍ നിക്കര്വാഗ്വയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു മിഷനറീസ് ഓഫ് ചാരിറ്റിയിലെ അംഗങ്ങള്‍.