ന്യൂഡല്‍ഹി: എറണാകുളം-അങ്കമാലി അതിരൂപതാ ഭൂമിയിടപാട് കേസില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്കിയ ഹര്‍ജിയിലാണ് അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്കി സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
മറ്റൂരില്‍ മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിനായി എറണാകുളം-അങ്കമാലി അതിരൂപതയുടെ ഉടസ്ഥതയിലുള്ള 301.76 സെന്റ് സ്ഥലത്തിന്റെ ഇടപാട് മതിയായ കൂടിയാലോചനകള്‍ക്ക് ശേഷം നടത്തിയിട്ടുള്ളതാണെന്ന് കണ്ടെത്തുക മാത്രമല്ല കാനന്‍ നിയമപ്രകാരമാണ് ഇടപാടുകള്‍ എല്ലാം തന്നെ നടന്നിരിക്കുന്നതെന്നും സുപ്രീം കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
ബാങ്ക് വായ്പ് തിരിച്ചടയ്ക്കുന്നതിനായി സഭ വിറ്റ ഭൂമിക്ക് സെന്റിന് ഒമ്പതുലകഷം രൂപയാണ് പ്രതീക്ഷിച്ചതെങ്കിലും സെന്റിന് 2.43 ലക്ഷം മുതല്‍ 10.75 ലക്ഷം രൂപ വരെയാണ് ലഭിച്ചത്. ഭൂമി വാങ്ങിയ 36 പേരും എറണാകുളം-അങ്കമാലി അതിരൂപതയുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്..
വ്യക്തിഗത പ്രമാണങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന തുകയെക്കാള്‍ കൂടുതലായി ആരുംതന്നെ നല്കിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ ഭൂമിയിടപാടില്‍ അനധികൃതമായി ഒരു തരത്തിലുളളപണമിടപാടും നടന്നിട്ടില്ല എന്ന് വ്യക്തമായിട്ടുണ്ട്.
ഭൂമിവിറ്റതുമായി ബന്ധപ്പെട്ട് പരാതിക്കാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സത്യവാങ് മൂലം പറയുന്നു.