ക്രിസ്തീയജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ജീവിതശൈലി ആയിരിക്കണം ദാനധർമ്മം.ദാനധർമ്മം കൂടാതെയുള്ള ആദ്ധ്യാന്മികജീവിതം പൂർണ്ണത കൈവരിക്കുകയില്ല എന്നുള്ളത് മാത്രമല്ല ദൈവീകശിക്ഷകൾക്ക് നാം അർഹരാവുകയും ചെയ്യും.
പണത്തെയും സമ്പാദ്യങ്ങളെയും സംബന്ധിച്ചെടുത്തോളം ഹൃദയത്തിന് സ്വാതന്ത്ര്യമുണ്ടായിരിക്കുകയെന്നത് അദ്ധ്യാത്മിക പുരോഗതിക്ക് അത്യാവശ്യമാണ്.”….
നീതിനിഷ്‌ഠയോടെ ജീവിക്കുന്നവര്‍ക്കു നിന്‍െറ സമ്പാദ്യത്തില്‍നിന്നു ദാനം ചെയ്യുക. ദാനധര്‍മം ചെയ്യുന്നതില്‍ മടി കാണിക്കരുത്. പാവപ്പെട്ടവനില്‍നിന്നു മുഖം തിരിച്ചുകളയരുത്. അപ്പോള്‍ ദൈവം നിന്നില്‍നിന്നു മുഖം തിരിക്കുകയില്ല.”(തോബിത് 4 : 71)നമുക്കുള്ള സമ്പത്ത് നമ്മുടെതല്ല. കർത്താവ് നമുക്ക് നല്കിയതാണ്. അവിടുത്തെ ഭരണത്തിൻകീഴിൽ, വിശ്വാസത്തിൽ ഉപയോഗിക്കാൻ നല്കിയതാണ്.പണമുള്ളവരുടെ വിളിയുടെ ഒരുഭാഗം അത് നന്നായി ഉപയോഗിക്കുകയെന്നതാണ്. പരിശുദ്ധാത്മാവിന്റെ ഒരു ദാനം അഥവാ ശുശ്രൂഷയെന്നത് ” ഔദാര്യത്തോടെ നല്കുക (റോമാ – 12.8 ) എന്നതാണ്.
കർത്താവിന് സേവനം ചെയ്യാനും ദരിദ്രർക്ക് ആശ്വാസം നല്കാനും, അവരെ വ്യക്തിപരമായി സേവിക്കാനും നമ്മുടെ സമ്പത്തിന്റെ ഒരു ഭാഗം സ്ഥിരമായി നല്കുകയെന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ഔദാര്യപൂർവ്വം നല്കുന്നവർ കൂടുതൽ സമൃദ്ധികൊണ്ട് അനുഗ്രഹിക്കപ്പെടുന്നുയെന്നത് ഒരു വിരോധാഭാസമായി ഇന്നും നിലകൊള്ളുന്നു.
ധർമ്മദാനം ചെയ്യുകയെന്നപോലെ നമ്മെ സമൃദ്ധരാക്കുന്ന മറ്റൊന്നും ഈ ലോകത്തിലില്ല .എന്നാൽ അത് ദൈവം നമുക്ക് തിരിച്ചു തരുന്നതുവരെ ,നാം നല്കിയ തുകയെ സംബന്ധിച്ചിടത്തോളം നാം കൂടുതൽ ദരിദ്രരായിരിക്കും.
പണമല്ലാ പണത്തോടുള്ള സ്നേഹമാണ് എല്ലാ തിന്മകളുടേയും വേര്.സമ്പത്തേറുമ്പോള്‍ അതനുസരിച്ചു ദാനം ചെയ്യുക. കുറച്ചേ ഉള്ളുവെങ്കില്‍ അതനുസരിച്ചു ദാനം ചെയ്യാന്‍മടിക്കരുത്. ദരിദ്രകാലത്തേക്ക് ഒരു നല്ല സമ്പാദ്യം നേടിവയ്‌ക്കുകയായിരിക്കും നീ അതുവഴിചെയ്യുന്നത്. എന്തെന്നാല്‍, ദാനധര്‍മം മൃത്യുവില്‍നിന്നു രക്‌ഷിക്കുകയും അന്‌ധകാരത്തില്‍പ്പെടുന്നതില്‍നിന്നു കാത്തുകൊള്ളുകയും ചെയ്യുന്നു.(തോബിത് 4 : 8-10)
മാതാപിതാക്കൾ കുട്ടികളെ ചെറുപ്പം മുതൽ പാവപ്പെട്ടവരെ സഹായിക്കാൻ പഠിപ്പിക്കണം. നമ്മുടെ വീടുകളിൽ സാഹായം ചോദിച്ചു വരുന്നവരെ വെറും കയ്യോടെ പറഞ്ഞയക്കരുത്. കുട്ടികളുടെ കൈവശംവഴി മറ്റുള്ളവർക്ക് ദാനധർമം നല്കി പരിശീലിപ്പിക്കുക.. അങ്ങനെ കുട്ടികളും നന്മ ചെയ്ത് വളരും. ”ശൈശവത്തില്‍ത്തന്നെ നടക്കേണ്ട വഴിപരിശീലിപ്പിക്കുക; വാര്‍ധക്യത്തിലും അതില്‍നിന്നുവ്യതിചലിക്കുകയില്ല.”(സുഭാഷിതങ്ങള്‍ 22 : 6)
നമ്മെ സമീപിക്കുന്ന ആളുകളുടെ യോഗ്യതക്കുറവ് പറഞ്ഞുകൊണ്ട് ഒരിക്കലും സഹായം നിഷേധിക്കരുത്. അങ്ങനെ നാം സഹായം നിഷേധിക്കുന്നതിന് വേണ്ടി പലപ്പോഴും ഒരു മൂടുപടം ഇടാറുണ്ട് . മദ്യപിക്കുന്നതിന് വേണ്ടി നുണ പറയുന്നതാണ് എന്നെല്ലാം പറഞ്ഞു നാം സഹായം നിഷേധിക്കുന്നു. ഇത് തെറ്റായ ഒരു പ്രവണതയാണ് . ദൈവം നമ്മെക്കുറിച്ച് ഇങ്ങനെതന്നെ ചിന്തിച്ചാൽ എന്താകുമായിരുന്നു നമ്മുടെ ഭാവി. ദൈവദൃഷ്ടിയിൽ ചിലപ്പോൾ നാം ആയിരിക്കും ആ വ്യക്തിയേക്കാൾ കൂടുതൽ അയോഗ്യൻ. ദൈവം നമ്മുടെ യോഗ്യതകൾ പരിഗണിക്കാതെയാണ് അനുഗ്രഹിക്കുന്നത്. അതുപോലെ നാമും മറ്റുള്ളവരുടെ യോഗ്യതകൾ പരിഗണിക്കാതെ അവരോട് കരുണ കാണിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു.
നീ ധര്‍മദാനം ചെയ്യുമ്പോള്‍ അതു രഹസ്യമായിരിക്കേണ്ടതിന് നിന്‍െറ വലത്തുകൈ ചെയ്യുന്നത് ഇടത്തുകൈ അറിയാതിരിക്കട്ടെ.(മത്തായി 6 : 3) നാം ചെയ്യുന്ന സഹായങ്ങൾ മറ്റുള്ളവർ അറിയണമെന്നില്ല . മറ്റുള്ളവർ അറിയാതെ ചെയ്യുന്ന പരസ്നേഹ പ്രവർത്തികൾക്ക് ദൈവസന്നിധിയിൽ വലിയ വിലയുണ്ട് . ലുബ്ധൻ ലൗകിക സമ്പാദ്യങ്ങൾക്കായി ഒരു ഭിക്ഷുവിനെപ്പോലെ വിശപ്പ് അനുഭവിക്കുന്നു. വിശ്വാസത്തിന്റെ മനുഷ്യൻ അവയിൽനിന്ന് കർത്തൃസഹജമായ സ്വാതന്ത്ര്യം അനുഭവിക്കുന്നു.
ആർത്തിയും അത്യാഗ്രഹവും വിവിധ നീതീകരണങ്ങളാകുന്ന വേഷമണിഞ്ഞ് പലപ്പോഴും നമ്മുടെ ജീവിതത്തിൽ കടന്നുവരും.
തന്റെ കുട്ടികളോടുള്ള ഉത്തരവാദിത്വം സമ്പത്ത് വർദ്ധിപ്പിക്കുകയും അത് സംരക്ഷിക്കാനും ആവശ്യപ്പെടുന്നുവെന്ന് അവകാശപ്പെടുകയും തനിക്ക് മതിയായെന്ന് ഒരിക്കലും ചിന്തിക്കാതിരിരിക്കുകയും കൂടുതൽ വസ്തുക്കൾക്കായി എപ്പോഴും ആവശ്യം കണ്ടെത്തുകയും ചെയ്യുന്ന മനുഷ്യരെ പോലെ നാം പെരുമാറും. ആർത്തിയും അത്യാഗ്രഹവും എത്ര കൂടുതൽ ശക്തമാണോ അത്ര കൂടുതലായി അത് മറഞ്ഞിരിക്കും.നിന്റെ സമ്പത്തും വിഭവങ്ങളും വർദ്ധിപ്പിക്കാൻ പരിശ്രമിച്ചു കൊള്ളുക. പക്ഷേ അങ്ങനെ ചെയ്യുന്നത് നീതിപൂർവ്വകമായിരിക്കണമെന്ന് മാത്രമല്ല ഉചിതമായും പരസ്നേഹപരമായിട്ടും കൂടിയായിരിക്കണം.
ഉപവാസം, ദാനധര്‍മം, നീതി എന്നിവയോടുകൂടിയാവുമ്പോള്‍ പ്രാര്‍ഥന നല്ലതാണ്. നീതിയോടുകൂടിയ അല്‍പമാണ് അനീതിയോടു കൂടിയ അധികത്തെക്കാള്‍ അഭികാമ്യം. സ്വര്‍ണം കൂട്ടിവയ്‌ക്കുന്നതിനെക്കാള്‍ ദാനം ചെയ്യുന്നത് നന്ന്.ദാനധര്‍മം മരണത്തില്‍ നിന്നു രക്‌ഷിക്കുന്നു; അതു സകല പാപങ്ങളും തുടച്ചു നീക്കുന്നു. പരോപകാരവും നീതിയും പ്രവര്‍ത്തിക്കുന്നവര്‍ ജീവിതത്തിന്‍െറ പൂര്‍ണത ആസ്വദിക്കും.(തോബിത് 12 : 8-9)
നമ്മുടെ ഭവനങ്ങളിൽ എത്രയോ വസ്തുക്കൾ നാം ഉപയോഗിക്കാതെ മാറ്റിവച്ചിരിക്കുന്നു . അവയെല്ലാം ഉപകാരപ്പെടുന്ന മറ്റുള്ളവർക്ക് വേണ്ടിയുള്ള ദൈവത്തിന്റെ കരുതൽ ശേഖരങ്ങളാണ്. നാം ഉപയോഗിക്കാതിരിക്കുന്ന വസ്തുക്കൾ മറ്റുള്ളവർക്ക് കൊടുക്കുമ്പോഴാണ് പുതിയ വസ്തുക്കൾ നമ്മുടെ ഭവനത്തിലേക്ക് ദൈവം തരുന്നത്.
പ്രാർത്ഥനയിലും ആദ്ധ്യാത്മികതയിലും വളർച്ചയുണ്ടാവണമെന്ന് നാം ആഗ്രഹിക്കുന്നു. എന്നാൽ ദാനധർമത്തിൽ, പരസ്നേഹപ്രവർത്തിയിൽ വളർച്ച ഉണ്ടാകണമെന്ന് നാം ആഗ്രഹിക്കുന്നില്ല . പലപ്പോഴും വിലകുറഞ്ഞ സാധനങ്ങൾ പുതിയതായി നമ്മുടെ കൈവശം വന്നു ചേരുമ്പോൾ പഴയ വിലകുറഞ്ഞ വസ്തുക്കൾ മറ്റുള്ളവർക്ക് നാം കൊടുക്കാറുണ്ട്. എന്നാൽ വിലകൂടിയ പുതിയ വസ്തുക്കൾ നമ്മുടെ ഭവനത്തിലേക്ക് ദൈവം തരുമ്പോൾ അതിനു സമാനമായ വിലകൂടിയ പഴയവസ്തുക്കൾ മറ്റുള്ളവർക്ക് കൊടുക്കാൻ നാം മടി കാണിക്കുന്നു .നമ്മുടെ ഹൃദയം കുറച്ചുകൂടി വിശാലമാകേണ്ടിയിരിക്കുന്നു .
ഓരോ ഇടവകകളിലും രൂപതകളിലും ഉള്ള എല്ലാവർക്കും ആവശ്യമായ സമ്പത്തും വിഭവങ്ങളും ദൈവം അവിടെത്തന്നെ നിക്ഷേപിച്ചിട്ടുണ്ട് . പലപ്പോഴും നാം അത് വേണ്ടത്ര ഗൗനിക്കാറില്ല. ഓരോ മനുഷ്യന്റെയും ഓരോ കുടുംബത്തിന്റെയും അടിസ്ഥാനപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനു പരസ്പരം പങ്കുവയ്ക്കുന്നതിനും ഓരോ ഇടവകയും ഓരോ രൂപതകൾക്കും ധാർമികമായ ഉത്തരവാദിത്തം ദൈവം നൽകിയിട്ടുണ്ട്.
”ആകയാല്‍, മക്കളേ, ദാനധര്‍മം എന്തു നേടുന്നുവെന്നും നീതി എങ്ങനെ രക്‌ഷിക്കുന്നുവെന്നും ചിന്തിക്കുവിന്‍..(തോബിത് 14 : 11)
മനുഷ്യന്റെ വേദനകളിൽ ഒന്നാണ് ദൈവത്തിൽനിന്ന് പാപപ്പൊറുതി ലഭിച്ചു എന്ന് നമുക്ക് അനുഭവപ്പെടാതിരിക്കുക എന്നുള്ളത്. ദൈവത്തിൽ നിന്ന് പാപക്ഷമ ലഭിച്ചു എന്ന ബോധ്യം ഉണ്ടായാൽ മാത്രമേ സമാധാനം നമ്മുടെ ഹൃദയത്തിൽ അനുഭവപ്പെടുകയുള്ളൂ . ഇതിനുവേണ്ടി നാം നേർച്ച കാഴ്ചകൾ സമർപ്പിക്കുന്നു, തീർത്ഥാടനങ്ങൾ നടത്തുന്നു. എല്ലാം വളരെ നല്ലതു തന്നെ. എന്നാൽ മറ്റൊന്നുകൂടിയുണ്ട് നമ്മുടെ പാപപരിഹാരത്തിനു ഏറ്റവും മികച്ച ആയുധം അത് ദാനധർമമാണ് .”ജലം ജ്വലിക്കുന്ന അഗ്‌നിയെ കെടുത്തുന്നതു പോലെ ദാനധര്‍മം പാപത്തിനു പരിഹാരമാണ്.”(പ്രഭാഷകന്‍ 3 : 30)
അതുപോലെ തിന്മകൾകൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരാതെ തടയുവാൻ ദാനധർമത്തിന് സാധിക്കും. പലപ്പോഴും പലതിൻമകളിലും നാം വീണു പോകുന്നു. അവയിൽനിന്നെല്ലാം ദാനധർമം നമ്മെ സംരക്ഷിച്ചു നിറുത്തും . ”ദാനധര്‍മം ആയിരിക്കട്ടെ നിന്‍െറ നിക്‌ഷേപം; എല്ലാ തിന്‍മകളിലുംനിന്ന് അതു നിന്നെ രക്‌ഷിക്കും ”(പ്രഭാഷകന്‍ 29 : 12).
കാരുണ്യം അനുഗ്രഹത്തിന്‍െറ ആരാമംപോലെയാണ്; ദാനധര്‍മം എന്നേക്കും നിലനില്‍ക്കുന്നു.(പ്രഭാഷകന്‍ 40 : 17) ആരാമം എന്നതിന് പൂന്തോട്ടം ആനന്ദം, സന്തോഷം എന്നല്ലാം അർത്ഥമുണ്ട്. നമുക്ക് നമ്മുടെ ഉള്ളിൽ നിലനിൽക്കുന്ന സന്തോഷവും ആനന്ദവും ലഭിക്കണമെങ്കിൽ , ലഭിക്കുന്ന സന്തോഷം എന്നും നിലനിൽക്കണമെങ്കിൽ ദാനധർമ്മത്തിന്റെ പിൻബലം കൂടി ഉണ്ടാകേണ്ടതുണ്ട്.
പലപ്പോഴും നമ്മുടെ ജീവിതത്തിൽ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ആപൽഘട്ടത്തിൽ സഹായകരമാണ്. എന്നാൽ വചനം നമ്മെ പഠിപ്പിക്കുന്നു .ദാനധർമം അതിനെക്കാൾ സഹായകരമാണെന്ന്.”സഹോദരരും സഹായകരും വിഷമസന്‌ധികളില്‍ ഉപകരിക്കുന്നു; ദാനധര്‍മം ഇവരെക്കാള്‍ സുരക്‌ഷിതമായ അഭയമാണ്.പ്രഭാഷകന്‍ 40 : 24
”കേസറിയായില്‍ കൊര്‍ണേലിയൂസ് എന്നൊരുവന്‍ ഉണ്ടായിരുന്നു.
അവന്‍ ഇത്താലിക്കെ എന്നു വിളിക്കപ്പെടുന്ന സൈന്യവിഭാഗത്തിലെ ഒരു ശതാധിപനായിരുന്നു.അവനും കുടുംബവും ദൈവഭയവും ഭക്‌തിയുമുള്ളവരായിരുന്നു. അവന്‍ ജനങ്ങള്‍ക്ക് ഉദാരമായി ദാനധര്‍മം ചെയ്യുകയും,ദൈവത്തോട് നിരന്തരം പ്രാര്‍ഥിക്കുകയും ചെയ്‌തുപോന്നു.ഒരു ദിവസം ഏതാണ്ട് ഒമ്പതാം മണിക്കൂറില്‍ കൊര്‍ണേലിയൂസ് എന്നുവിളിച്ചുകൊണ്ടു ഒരു ദൈവദൂതന്‍ ആഗതനാകുന്നത് ഒരു ദര്‍ശനത്തില്‍ അവന്‍ വ്യക്‌തമായിക്കണ്ടു.ഭയവിഹ്വലനായി ഉറ്റുനോക്കിക്കൊണ്ട് അവന്‍ ചോദിച്ചു: പ്രഭോ, ഇതെന്താണ്? ദൂതന്‍ പറഞ്ഞു: ”നിന്‍െറ പ്രാര്‍ഥനകളും ദാനധര്‍മങ്ങളും ദൈവസന്നിധിയില്‍ നിന്നെ അനുസ്‌മരിപ്പിച്ചിരിക്കുന്നു.യോപ്പായിലേക്ക് ആളയച്ച് പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോനെ വരുത്തുക.”(അപ്പ. പ്രവര്‍ത്തനങ്ങള്‍ 10 : 1-5). കൊർണേലിയൂസിന്റെ അടുക്കലേക്ക് ദൈവത്തെ ആകർഷിച്ചത് എന്താന്നെന്ന് ഇവിടെ നാം കാണുന്നു.
പ്രാർത്ഥനയും ദാനധർമ്മവും .
പ്രാർത്ഥനയും ദാനധർമവും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. ഇതിൽ ഏതെങ്കിലും ഒന്ന് ഇല്ലാതെ മറ്റൊന്നിന് ഒരു വിലയും ഇല്ല. നാണയത്തിന്റെ ഒരു വശത്ത് അതിന്റെ അച്ചടി തെളിഞ്ഞില്ലെങ്കിൽ ആ നാണയത്തിന് ഒരു വിലയുമുണ്ടാവുകയില്ലല്ലോ. ഇതുപോലെയാണ് പ്രാർത്ഥന തന്നെയായാലും ദാനധർമ്മം ഇല്ലെങ്കിൽ ദൈവസന്നിധിയിൽ വിലയുണ്ടാവുകയില്ല. പലരുടെയും പ്രാർത്ഥനയ്ക്ക് ഉത്തരം കിട്ടാതെ പോകുന്നതും അതുകൊണ്ട് തന്നെയാവാം.
”നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹത്തില്‍നിന്നു സ്വതന്ത്രമായിരിക്കട്ടെ. ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടുവിന്‍. ഞാന്‍ നിന്നെ ഒരു വിധത്തിലും അവഗണിക്കുകയോ ഉപേക്‌ഷിക്കുകയോ ഇല്ല എന്ന് അവിടുന്നു പറഞ്ഞിട്ടുണ്ടല്ലോ.അതിനാല്‍ നമുക്ക് ആത്‌മധൈര്യത്തോടെ പറയാം: കര്‍ത്താവാണ് എന്‍െറ സഹായകന്‍; ഞാന്‍ ഭയപ്പെടുകയില്ല; മനുഷ്യന് എന്നോട് എന്തു ചെയ്യാന്‍ കഴിയും? (ഹെബ്രായര്‍ 13 : 5-6)ധനവാന്മാരാകണമെന്ന് ആഗ്രഹിക്കുന്നവര്‍ പ്രലോഭനത്തിലും കെണിയിലും, മനുഷ്യനെ അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കുന്നു. എന്തെന്നാല്‍,ധനമോഹമാണ് എല്ലാതിന്മകളുടെയും അടിസ്ഥാനകാരണം. ധനമോഹത്തിലുടെ പലരും വിശ്വാസത്തില്‍നിന്നു വ്യതിചലിച്ചുപോകാനും ഒട്ടേറെ വ്യഥകളാല്‍ തങ്ങളെതന്നെ മുറിപ്പെടുത്താനും ഇടയുണ്ട്.1 തിമോത്തേയോസ് 6 : 9-10നമ്മുടെ ജീവിതത്തിൽ സംതൃപ്തി ഉണ്ടാകുന്നത് ധനം കുന്നുകൂട്ടി വയ്ക്കുന്നതിലല്ല .
ദൈവത്തിന്റെ കരുതലിലും നമ്മുടെ ജീവിതസാഹചര്യങ്ങളുടെ മേൽ അവിടത്തേക്കുള്ള പരിപാലനാപരമായ ഭരണത്തിലും വിശ്വസിച്ചുകൊണ്ട് ജീവിതത്തെ ഉറപ്പിക്കുകയും സമർദ്ധമാക്കുകുകയും ചെയ്യുന്നതെങ്ങനെയെന്ന് അറിയുന്നതിലാണ്.
പ്രാർത്ഥന മറ്റുള്ളവരുടെ കൂടെയുള്ള നില്ക്കലും കൂടിയാണ്. ദൈവവുമായി നേരിട്ടുള്ള ബന്ധം ,നമ്മുടെ മനസ്സും ഹൃദയവും ദൈവത്തിലേക്കുയർത്തല് പ്രാർത്ഥനയെപ്പറ്റി ഇങ്ങനെയാണ് നമ്മൾ ചിന്തിക്കുക പതിവ്. പക്ഷേ ഇവിടെ മറ്റുള്ളവർക്ക് എന്ത് സ്ഥാനം ? എന്ന് നമുക്ക് ചോദിക്കുവാൻ തോന്നിയേക്കാം .സ്നേഹത്തിൽ അയൽക്കാരന്റെ അരികിലേയ്ക്കുള്ള തിരിയൽ ഇല്ലാതെ പ്രാർത്ഥനയിൽ ദൈവത്തിലേയ്ക്കുള്ള തിരിച്ചില് ,ബൈബളിന്റെ വെളിച്ചത്തിൽ നടപ്പില്ലാത്തതാണ്.
മനോജ് മരിയ പോള്‍സണ്‍