കൊച്ചി: കര്‍ഷകരെ ഏറെ ആശങ്കപ്പെടുത്തുന്ന ബഫര്‍സോണ്‍ വിഷയവും തീരദേശവാസികളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്ന പ്രതിസന്ധികളും പരിഹരിക്കാന്‍ സംസ്ഥാന കേന്ദ്രസര്‍ക്കാരുകള്‍ കൂടുതല്‍ സത്വരനടപടികള്‍ സ്വീകരിക്കണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭയുടെ മുപ്പതാമത് സിനഡിന്റെ രണ്ടാം സമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകരും തീരദേശനിവാസികളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ സമയോചിതമായ ഇടപെടലുകള്‍ നടത്തുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കുറ്റകരമായ അനാസ്ഥ ഉണ്ടാകുന്നതില്‍ പ്രശ്‌നബാധിത പ്രദേശങ്ങളിലെ മനുഷ്യര്‍ ആശങ്കാകുലരാണെന്ന് കര്‍ദിനാള്‍ പറഞ്ഞു.
51 സീറോ മലബാര്‍ ബിഷപ്പുമാരാണ് സിനഡില്‍ പങ്കെടുക്കുന്നത്. ഹൊസൂര്‍ രൂപതാധ്യക്ഷന്‍ മാര്‍സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പിലിന്റെ ധ്യാനചിന്തകളോടെ ആരംഭിച്ച സിനഡ് രണ്ടാഴ്ച നീണ്ടുനില്ക്കും. മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ചുള്ള വിവിധ വിഷയങ്ങളാണ് സിനഡ് ചര്‍ച്ച ചെയ്യുന്നത്.