പുറമെയുള്ള ഒന്നുമല്ല അകമേയുള്ള പലതുമാണ് നമ്മുടെ സമാധാനം നഷ്ടപ്പെടുത്തുന്നത്. അകം ശാന്തമായാല്‍ പുറത്ത് എന്തുനടന്നാലും എന്തൊക്കെ ആരോപണങ്ങള്‍ നമുക്ക് നേരെ ഉയര്‍ന്നാലും നമ്മുടെ ശാന്തതയും സമാധാനവും ഭഞ്ജിക്കപ്പെടുകയില്ല. മനസ്സമാധാനത്തിനും ശാന്തതയ്ക്കുമായി വിശുദ്ധ ബെനവെഞ്ചോറോ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ ഇക്കാര്യത്തില്‍ നമുക്ക് വളരെ പ്രയോജനപ്പെട്ടേക്കും.
പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്രാന്‍സിസ്‌ക്കന്‍ സന്യാസിയായിരുന്നു ബെനവെഞ്ചോറോ. സെന്റ് തോമസ് അക്വിനാസിന്റെയും കിങ് ലൂയിസ് ഒമ്പതാമന്റെയും സുഹൃത്തായിരുന്നു അദ്ദേഹം. എന്നാല്‍ ഒരിക്കലും അദ്ദേഹം അക്വിനാസിന്റെ അത്ര ബുദ്ധിമാനായിരുന്നില്ല. ലൂയിസിന്റെ അത്ര സമ്പന്നനുമായിരുന്നില്ല. അത്തരം പദവികളും ആഗ്രഹങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നുമില്ല. പക്ഷേ അദ്ദേഹം പിന്നീട് ആര്‍ച്ച് ബിഷപ്പായി, ഫ്രാന്‍സിസ്‌ക്കന്‍ ഓര്‍റിന്റെ തലവനുമായി.
മനസ്സിന്റെ സമാധാനത്തിനായി ഈ വിശുദ്ധന്‍ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ ഇവയാണ്.
യുക്തിസഹമായി അന്വേഷിക്കുക
ജീവിതത്തെക്കുറിച്ച് യുക്തിസഹമായി അന്വേഷിക്കുക. ജീവിതത്തിന്റെ നന്മകളെക്കുറിച്ച് ആലോചിക്കുക. എനിക്ക് നല്ല സുഹൃത്തുക്കളുണ്ട്, കുടുംബമുണ്ട്. ജോലിയുണ്ട്. ജീവിതത്തിന്റെ നല്ല വശങ്ങളെക്കുറിച്ച് ചിന്തിക്കുക.
വിശ്വസ്തതയും വിശ്വാസവും
ഈ ലോകത്തിന് ആരംഭമുണ്ടായിരുന്നു. വികാസവുമുണ്ടായിരുന്നു. ഒടുവില്‍ ഈ ലോകം അവസാനിക്കുകയും ചെയ്യും. ജീവിതം ഒരു യാത്രയാകുമ്പോള്‍ ഈ പൊതുപ്രാപഞ്ചിക നിയമം നമുക്കും ബാധകമാകും. ഇത്തരമൊരു വിശ്വാസവും തിരിച്ചറിവും കഴിഞ്ഞകാല അനുഗ്രഹങ്ങളെപ്രതി നന്ദിപറയാന്‍ നമുക്ക് പ്രേരണ നല്കും. വര്‍ത്തമാനകാലജീവിതത്തിലെ സൗഭാഗ്യങ്ങളോടും നന്ദി പറയാന്‍ കാരണമാകും. ഭാവിയെ പ്രതീക്ഷയോടെ കാത്തിരിക്കാനും കഴിയും. എല്ലാറ്റിന്റെയും നന്മയില്‍ നാം വിശ്വസിക്കുക
ബുദ്ധിപൂര്‍വ്വമായി ധ്യാനിക്കുക
ചില സംഗതികള്‍ കൂടുതല്‍ നല്ലതും കൂടുതല്‍ മാന്യതയുള്ളതുമാണ്. മോശം വസ്തുക്കള്‍ ചീത്തയായ കാര്യങ്ങള്‍ക്ക് വേണ്ടി ആഗ്രഹിക്കാതിരിക്കുക. എനിക്ക് എന്താണ് നന്മയായിട്ടുള്ളത് എന്ന് ഞാന്‍ ആലോചിക്കുക.. എനിക്ക് നന്മയായിട്ടുള്ളത് ഞാന്‍ തിരഞ്ഞെടുക്കുമ്പോള്‍ എനിക്ക് തിന്മയായിട്ടുള്ളത് ഉപേക്ഷിക്കുക തന്നെയാണ് ചെയ്യുന്നത്. ഇത്തരമൊരു തിരഞ്ഞെടുപ്പ് എനിക്ക് സ്വസ്ഥതയും ശാന്തതയും നല്കും.