എട്ടുനോമ്പിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണല്ലോ. എട്ടുനോമ്പിന് പിന്നില്‍ പല ചരിത്രകഥകളുമുണ്ട് അ്ത്തരത്തിലൊരു ചരിത്രം ടിപ്പുസുല്‍ത്താനുമായി കൂടി ബന്ധപ്പെട്ടാണിരിക്കുന്നത്. ആ കഥ ഇങ്ങനെയാണ്:
ടിപ്പുവിന്റെ പടയോട്ടകാലത്ത് അമുസ്ലീങ്ങളായവർ അക്രമിക്കപ്പെടുകയും അവരുടെ ആരാധനാലയങ്ങൾ കൊള്ളയടിക്കപ്പെടുകയും ചെയ്തിരുന്നു. ടിപ്പു മലബാർ കീഴടക്കിയപ്പോൾ ഉണ്ടായ മതമർദനം സഹിക്കാനാവാതെ ഹിന്ദുക്കളും ക്രിസ്ത്യാനികളുമായ ഒട്ടേറെപ്പേർ തിരുവിതാംകൂറിൽ അഭയം തേടി. ടിപ്പുവിന് തിരുവിതാംകൂറിനോട് ശത്രുത ഉണ്ടാവാൻ ഇതു കാരണമായി. 1789-ൽ തിരുവിതാംകൂർ കീഴടക്കുക എന്ന ലക്ഷ്യത്തോടെ ടിപ്പു പടപ്പുറപ്പാടു നടത്തി.
വിവരം അറിഞ്ഞ തിരുവിതാംകൂറിലെ സുറിയാനി ക്രിസ്ത്യാനികൾ ദൈവാലയങ്ങളിൽ ഒരുമിച്ചുകൂടുകയും ടിപ്പുവിന്റെ ആക്രമണത്തിൽനിന്നും തങ്ങളെ രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുകയും ചെയ്തുകൊണ്ടിരുന്നു. ടിപ്പുവിന്റെ സൈന്യം; കീഴടക്കുന്ന പ്രദേശങ്ങളിലെ സ്ത്രീകളുടെ മാനം കവരുന്ന കാര്യത്തിൽ കുപ്രസിദ്ധി നേടിയിരുന്നു. കൊടുങ്ങല്ലൂർ കോട്ടയും, ആയ്ക്കോട്ടയും, ആലങ്ങാടും, പറവൂരും കീഴടക്കി മൈസൂർ സൈന്യം ആലുവാപ്പുഴ വരെ എത്തി. ഈ വിവരം അറിഞ്ഞ സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകൾ തങ്ങളുടെ ചാരിത്ര്യം സംരക്ഷിക്കപ്പെടുന്നതിനായി പരിശുദ്ധമാതാവിന്റെ പ്രത്യേക മാധ്യസ്ഥം യാചിച്ചു കൊണ്ട് കഠിനമായി ഉപവാസം അനുഷ്ഠിക്കാൻ തുടങ്ങി.
ഈ സമയത്ത് കാലവർഷം ശക്തമാവുകയും പെരിയാർ കരകവിഞ്ഞൊഴുകുകയും ചെയ്തു. ഇത് ടിപ്പുവിന്റെ സൈനികനീക്കത്തെ തടഞ്ഞു. തുടർന്ന് മടങ്ങിപ്പോയ ടിപ്പു ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടതോടെ തിരുവിതാംകൂറിലെ ക്രിസ്ത്യാനികൾക്ക് ആശ്വാസമായി. പരിശുദ്ധ മറിയത്തിന്റെ മധ്യസ്ഥതയിൽ തങ്ങൾക്കു ലഭിച്ച പ്രത്യേക അനുഗ്രഹത്തിന്റെ സ്മരണയ്ക്കായി അന്നുമുതൽ എട്ടു നോമ്പ് അനുഷ്ഠിക്കുന്നത് സുറിയാനി ക്രൈസ്തവരുടെ പതിവായിതീർന്നു.