പരിശുദ്ധ അമ്മയുടെ ജനന തിരുനാളിന് ഒരുക്കമായി സെപ്റ്റംബർ 4 ഞായറാഴ്ച ജെറുസലേം ധ്യാനകേന്ദ്രത്തിന്റെ ജെറുസലേം ബൈബിൾ ഗ്രാമം ഗ്ലോബലിന്റെ ആഭിമുഖ്യത്തില്‍ പത്തുമണി്ക്കൂര്‍ നേരം നീണ്ടുനില്ക്കുന്നമരിയന്‍പ്രഭാഷണം നടക്കുന്നു. 110 മാതാപിതാക്കളാണ് പത്തുമണിക്കൂർ നീണ്ടുനിൽക്കുന്ന ഈ ശുശ്രൂഷ നടത്തുന്നത്.
സെപ്റ്റംബർ 4 ഞായറാഴ്ച രാവിലെ 8.30 ന് ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡേവിസ് പട്ടത്ത് ഉദ്ഘാടനം ചെയ്യുന്നതോടെ പ്രഭാഷണ പരമ്പര ആരംഭിക്കുന്നു. വൈകിട്ട് 6:30 വരെയാണ് ഈ പ്രഭാഷണ പരമ്പര . ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള മാതാപിതാക്കൾ ഇതിനായി അണിനിരക്കുന്നു. പരിശുദ്ധ അമ്മയുടെ ജീവിതത്തെ മുഴുവനായി അവതരിപ്പിച്ച് അമ്മയുടെ ജീവിതത്തിലൂടെ നടത്തുന്ന തീർത്ഥാടനമാണ് ഈ ശുശ്രൂഷ.
പഴയ നിയമ കാലഘട്ടം തുടങ്ങി ഈ കാലഘട്ടത്തിൽ വരെ പരിശുദ്ധ അമ്മയുടെ പ്രസക്തി വിവിധങ്ങളായ വിഷയങ്ങളിലൂടെ അവതരിപ്പിക്കുന്നു. സൂമിലൂടെയും ജറുസലേം ധ്യാനകേന്ദ്രത്തിന്റെ യൂട്യൂബ് ചാനലിലൂടെയും ഈ മരിയൻ വിരുന്ന് ആസ്വദിക്കാൻ സാധിക്കും. പരിശുദ്ധ അമ്മയെ കുറിച്ചുള്ള ഈ പ്രഭാഷണങ്ങൾ വഴി പരിശുദ്ധ അമ്മയെ കൂടുതൽ അറിയാനും അമ്മ വഴി ഈശോയിലേക്ക് അടുക്കാനും സാധിക്കും എന്നതാണ് ഈ ശുശ്രൂഷയുടെ സവിശേഷത.
2 മാസത്തെ ഒരുക്കത്തിനു ശേഷമാണ് മാതാപിതാക്കൾ ഈ ശുശ്രൂഷയിൽ പങ്കുചേരുന്നത്. ഈ ശുശ്രൂഷ വഴി പരിശുദ്ധ അമ്മയെ കൂടുതൽ അറിയാനും ഈശോയിലേക്ക് നടനടുക്കുവാനും നമുക്കെല്ലാവർക്കും ഈ ശുശ്രൂഷ സഹായമാകുമെന്നു ഈ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്ന ഡേവിസ് പട്ടത്തച്ചനും ധ്യാനകേന്ദ്രം അഡ്മിനിസ്ട്രേറ്റർ ജോ പാച്ചേരിൽ അച്ചനും 21st ബാച്ച് ബൈബിൾ ഗ്രാമം കോഡിനേറ്റർ ബ്രദർ നിഖിൽ തച്ചുപറമ്പിലും 21st ബൈബിൾ ഗ്രാമം ഗ്ലോബൽ ബാച്ച് പ്രസിഡന്റ് മേരി അലക്സും അറിയിച്ചു.
കൊറോണയുടെ പ്രതിസന്ധി കാലഘട്ടങ്ങളിൽ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലിരുന്നുകൊണ്ട് സമ്പൂർണ്ണ ബൈബിൾ എഴുതി പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ച ബൈബിൾ ഗ്രാമം ഗ്ലോബൽ ബാച്ചിലെ മാതാപിതാക്കളാണ് ഈ ശുശ്രൂഷ നേതൃത്വം നൽകുന്നത്. 2021 ഒക്ടോബർ 31-ആം തീയതി 120 ഓളം മാതാപിതാക്കൾ ചേർന്നെഴുതിയ 5000 പേജുള്ള ബൈബിൾ ഇരിഞ്ഞാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണുക്കാടൻ പിതാവ് പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ചത് കൊറോണ നാളുകളിൽ വലിയൊരു വാർത്തയായിരുന്നു.