നിത്യകന്യകയായ പരിശുദ്ധ മറിയം.. നമ്മുടെ പ്രാര്‍ത്ഥനകളില്‍ പലപ്പോഴും കടന്നുവരുന്ന ഒരു വിശേഷണമാണ് ഇത്.
649 ല്‍ കൂടിയ ലാറ്ററിന്‍ സൂനഹദോസില്‍ വച്ച് പരിശുദ്ധ കന്യകയുടെ നിത്യകന്യകാത്വം വിശ്വാസസത്യമായി പ്രഖ്യാപിച്ചുകൊണ്ട് വിശുദ്ധ മാര്‍ട്ടിന്‍ ഒന്നാമന്‍ മാര്‍പാപ്പ പറഞ്ഞത് ഇപ്രകാരമാണ്. ‘ പരിശുദ്ധ മറിയം പുരുഷസംസര്‍ഗം കൂടാതെ ഈശോമിശിഹായെ ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും അങ്ങനെ എപ്പോഴും നിത്യകന്യകയായി സ്ഥിതി ചെയ്യുകയും ചെയ്യുന്നു.’
ദൈവപുത്രന്റെ അമ്മയെന്ന നിലയില്‍ പരിശുദ്ധ അമ്മയ്ക്ക് ലഭിച്ച വിശിഷ്ടമായ വരമാണ് കന്യാത്വം. ഒരു സ്ത്രീയെ സംബന്ധിച്ച് മാതൃത്വവും കന്യാത്വവും മനുഷ്യവര്‍ഗ്ഗത്തിന്റെ നന്മയ്ക്കുവേണ്ടി ദൈവമക്കളില്‍ നിക്ഷേപിക്കുന്ന പ്രത്യേകദാനങ്ങളാണ്. എന്നാല്‍ ഇവ രണ്ടും ഒരുമിച്ച് ഒരു സ്ത്രീയില്‍ സന്ധിക്കുക അസംഭവ്യമാണ്. പക്ഷേ ഒരേസമയം അമ്മയും കന്യകയും ആയിരിക്കുക എന്നത് നസ്രത്തിലെ കന്യകയില്‍ മാത്രം കാണാന്‍ കഴിയുന്ന മഹാത്ഭുതമാണ്.
പൂര്‍ണ്ണകന്യകയായി ഈശോയെ തിരുവുദരത്തില്‍ സ്വീകരിക്കുകയും കന്യകയായിത്തന്നെ പ്രസവിക്കുകയും തുടര്‍ന്നും കന്യകയായിത്തന്നെ ജീവിക്കുകയും ചെയ്തതുകൊണ്ടാണ് മാതാവ് നിത്യകന്യകയായിരിക്കുന്നത്.