ലാഹോര്‍: പാക്കിസ്ഥാനിലെ യുവജനങ്ങളെ പഠിപ്പിച്ച അയര്‍ലണ്ടുകാരി കന്യാസ്ത്രീക്ക് ബ്രിട്ടനില്‍ സഭയുടെ ആദരം. വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സാണ് സിസ്റ്റര്‍ ബെര്‍ക്ക്മാന്‍സ് കോണ്‍വേയ്ക്ക് അവാര്‍ഡ് സമ്മാനിച്ചത്. മതാന്തരസംവാദത്തിനും വിദ്യാഭ്യാസത്തിനുമായി പാക്കിസ്ഥാന് നല്കിയ സേവനങ്ങളെ മാനിച്ചാണ് ഈ അവാര്‍ഡ്.
1930 ല്‍ അയര്‍ലണ്ടില്‍ ജനിച്ച സിസ്റ്റര്‍ 1951ല്‍ കോണ്‍വെന്റില്‍ ചേരുകയും പിന്നെ 65 വര്‍ഷം പാക്കിസ്ഥാനില്‍ സേവനം ചെയ്യുകയുമായിരുന്നു. ആദ്യത്തെ മുസ്ലീം വനിതാ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയും ആസ്‌ട്രോഫിസിസ്റ്റ് നെര്‍ഗീസ് മവാല്‍വാല എന്നിവരൊക്കെ സിസ്റ്ററിന്റെ ശിഷ്യഗണത്തില്‍ പെടുന്നു.
2012 ല്‍ പാക്കിസ്ഥാന്‍ പ്രസിഡന്റിന്റെ പക്കല്‍ നിന്നും സിസ്റ്റര്‍ അവാര്‍ഡ് നേടിയിരുന്നു. ബെനഡിക്ട് പതിനാറാമന്റെ പേരിലുള്ള അവാര്‍ഡ് നേടിയവരില്‍ ഒരാളും സിസ്റ്റര്‍ ബെര്‍ക്ക്മാന്‍സായിരുന്നു.