ചിലര്‍ ഒരിക്കലെങ്കിലും ഇങ്ങനെയൊരു സംശയം ഉള്ളില്‍ ചോദിച്ചിട്ടുണ്ടാവും. കത്തോലിക്കാസഭയില്‍ എത്ര വിശുദ്ധരുണ്ട്?
ഇംഗ്ലീഷിലെ സെയ്ന്റ് എന്ന വാക്ക് ലാറ്റിന്‍ വാക്കായ santus എന്നതില്‍ നിന്നാണ് രൂപപ്പെട്ടത്. സഭയുടെ ആദ്യനൂറ്റാണ്ടുകളില്‍ പ്രധാനമായും രക്തസാക്ഷിത്വം വരിച്ചവര്‍ക്ക് വിശുദ്ധ പദവി നല്കിയിരുന്നു. എന്നാല്‍ 1588 മുതലാണ് നാമകരണനടപടികള്‍ക്കായി ഔദ്യോഗികമായ രൂപം കൈവരിച്ചത്. അപ്പോള്‍ മുതല്ക്കാണ് വിശുദ്ധരുടെ നാമകരണനടപടിക്രമങ്ങള്‍ക്ക് നിയതമായ കാര്യക്രമം നിലവില്‍ വന്നതും.
പൊതുവെ പറഞ്ഞാല്‍ ആയിരത്തിനും എണ്ണായിരത്തിനും ഇടയില്‍ മാത്രമാണ് കത്തോലിക്കാസഭയിലെ വിശുദ്ധരുടെ എണ്ണം എന്ന് പറയേണ്ടിവരും. ഔദ്യോഗികമായി വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടവരുടെ എണ്ണമാണ് ഇത്.
എന്നാല്‍ കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി വന്‍തോതില്‍ പുണ്യജീവിതങ്ങള്‍ വിശുദ്ധ നിരയിലേക്ക് ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ 482 പേരെ വിശുദ്ധരായി പ്രഖ്യാപിച്ചിട്ടുണ്ട്. പോപ്പ് ബെനഡിക്ട് പതിനാറാമന്‍ 45 പേരെ. ഫ്രാന്‍സിസ് മാര്‍പാപ്പയാകട്ടെ 893 പേരെ. ഇതില്‍ 2013 ല്‍ നടന്ന കൂട്ട നാമകരണം പ്രത്യേകമായി പറയണം. 800 ഇറ്റാലിയന്‍ രക്തസാക്ഷികളെയാണ് 2013 ല്‍ പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്.
വിശുദ്ധരുടെ എണ്ണം കൃത്യമായി രേഖപ്പെടുത്താന്‍ കഴിയില്ല എന്ന് വിശ്വസിക്കുന്നവരാണ് കൂടുതലും. മനുഷ്യവംശം ഭൂമിയില്‍ ആവിര്‍ഭവിച്ചത് മുതല്‍ 100 ബില്യന്‍ ജനനം നടന്നിട്ടുണ്ടെന്നാണ് നരവംശശാസ്ത്രജ്ഞര്‍ പറയുന്നത്. അതില്‍ ആരൊക്കെ സ്വര്‍ഗ്ഗത്തിലെത്തിയിട്ടുണ്ട് എന്ന കാര്യം തിട്ടപ്പെടുത്താനാവില്ല. ഒന്നു മാത്രം പറയാം, എല്ലാവരും വിശുദ്ധിയിലേക്കാണ് വിളിക്കപ്പെട്ടിരിക്കുന്നത്.
അവനും അവള്‍ക്കും വിശുദ്ധരാകാമെങ്കില്‍ എന്തുകൊണ്ട് എനിക്ക് വിശുദ്ധനായിക്കൂടാ?