ഇന്ന് വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാള്‍ സഭ ആചരിക്കുകയാണല്ലോ. ഈ ദിവസം വിശുദ്ധ കൊച്ചുത്രേസ്യ തന്റെ വ്രതവാഗ്ദാന ദിവസം മാറോടുചേര്‍ത്തുവച്ചിരുന്ന പ്രാര്‍ത്ഥനയിലെ കൂടുതല്‍ പ്രസക്തമെന്ന് തോന്നുന്ന ഭാഗങ്ങള്‍ ഇതാ.. ഈ പ്രാര്‍ത്ഥന നമ്മുടെയും പ്രാര്ത്ഥനയായി മാറട്ടെ.
ഹാ യേശുവേ, എന്റെ ദിവ്യമണവാളാ, എന്റെ ജ്ഞാനസ്‌നാന പവിത്രതയുടെ രണ്ടാം വസ്ത്രമൊരിക്കലും നഷ്ടപ്പെടാതിരുന്നുവെങ്കില്‍.. ഏറ്റവും ലഘുവായ ഒരു കുറ്റം പോലും ഞാന്‍ മനപ്പൂര്‍വ്വം ചെയ്യാനിടയാകുന്നതിന് മുമ്പ് എന്റെ ജീവിതം അവസാനിപ്പിച്ചുകൊള്ളണമേ.
അങ്ങയെമാത്രം അന്വേഷിക്കുവാനും അങ്ങയെ മാത്രമല്ലാതെ യാതൊന്നും കണ്ടെത്താതിരിക്കുവാനും എനിക്കനുഗ്രഹം നല്കണമേ. സൃഷ്ടികള്‍ എനിക്കും ഞാന്‍ അവയ്ക്കും നിരര്‍ത്ഥകമായി ഭവിക്കട്ടെ. എന്നാല്‍ യേശുവേ അങ്ങ് മാത്രം സര്‍വ്വവും ആയിരിക്കുക…ഭൗമിക വസ്തുക്കള്‍ക്കൊന്നിനും എന്റെ ആത്മാവിനെ അസ്വസ്ഥമാക്കുവാന്‍ സാധിക്കാതെ വരട്ടെ. എന്റെ സമാധാനത്തെ യാതൊന്നും ഭഞ്ജിക്കാതിരിക്കട്ടെ.. യേശുവേ സമാധാനം മാത്രമേ ഞാന്‍ അപേക്ഷിക്കുന്നുള്ളൂ. …
യേശവേ അങ്ങയെ പ്രതി ഒരു മണല്‍ത്തരി പോലെ എല്ലാവരാലും കരുതപ്പെടുവാനും ചവുട്ടിമെതിക്കപ്പെടാനും വിസ്മരിക്കപ്പെടാനും ഞാന്‍ആഗ്രഹിക്കുന്നു. അങ്ങയുടെ തിരുമനസ്സ് എന്നില്‍ സമ്പൂര്‍ണ്ണമായി നിറവേറട്ടെ. അങ്ങ് എനിക്കുവേണ്ടി ഒരുക്കുന്ന സ്ഥലത്ത് അങ്ങനെ ഞാന്‍വന്നു ചേരുകയും ചെയ്യും.
യേശുവേ അനേകം ആത്മാക്കളെ രക്ഷിക്കുവാന്‍ എന്നെ സഹായിക്കണമേ. ഇന്നേദിവസം ഒന്നുപോലും നിത്യനാശത്തില്‍ ഉള്‍പ്പെടാന്‍ ഇടയാകാതിരിക്കട്ടെ.ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെല്ലാം മോക്ഷം പ്രാപിക്കുകയും ചെയ്യട്ടെ…