ക്ഷമയും സഹിഷ്ണുതയും സഹനവും എല്ലാവരും പരിശീലിക്കേണ്ട പുണ്യങ്ങളാണെന്ന് കുരിശിലെ വിശുദ്ധ പോള്‍ വിശ്വസിച്ചിരുന്നു. ക്രൈസ്തവര്‍ ജീവിതത്തില്‍ സ്വായത്തമാക്കേണ്ട നിരവധിയായ പുണ്യങ്ങളുണ്ട്.അവയില്‍ വച്ചേറ്റവും പ്രധാനപ്പെട്ടത് ക്ഷമ,അല്ലെങ്കില്‍ സഹനമാണെന്നായിരുന്നു വിശുദ്ധന്റെ വിശ്വാസം.
ക്രിസ്തുവിനെ ജീവിതത്തില്‍ അനുകരിക്കുന്നതിന്റെ ഭാഗമാണ് ഇതെന്നും വിശുദ്ധന്‍ വിശദീകരിക്കുന്നു. കുരിശിലെ സ്‌നേഹത്തില്‍ പ്രകടമായത് ഇതായിരുന്നു. ജീവിതകാലം മുഴുവന്‍ മറ്റുള്ളവരോട് ക്ഷമിച്ച ക്രിസ്തു തന്റെ മരണത്തിന്റെ നിമിഷങ്ങളിലും തന്നെ ദ്രോഹിച്ചവരോട് ക്ഷമിച്ചു. തനിക്ക് നേരിടേണ്ടി വന്ന ഒരു കുരിശുകളെയും ക്രിസ്തു തള്ളിക്കളഞ്ഞില്ല. വളരെയധികം ശാരീരിക പീഡനങ്ങള്‍ അവിടുന്ന് സഹിച്ചു. എന്നാല്‍ ഒന്നിനു പോലും പരാതി പറഞ്ഞില്ല.
ക്ഷമയോടെ സഹിക്കാനുള്ള നമ്മുടെ കഴിവിനെ നാം ആത്മശോധന ചെയ്യേണ്ടതുണ്ടെന്നും വിശുദ്ധന്‍ പറഞ്ഞു. ജീവിതത്തില്‍ അസഹിഷ്ണുത പെരുകിവരുമ്പോള്‍, സഹനങ്ങളില്‍ പിറുപിറുക്കുമ്പോള്‍ അപ്പോഴെല്ലാം കുരിശിലെ ക്രിസ്തു നമുക്ക് പ്രചോദനമായി മാറട്ടെ.