തിരഞ്ഞെടുക്കപ്പെട്ടവരുടെ അന്തിമശുദ്ധീകരണത്തെയാണ് സഭ ശുദ്ധീകരണസ്ഥലമെന്ന് വിളിക്കുന്നതെന്ന് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം വ്യക്തമാക്കുന്നു. പ്രസ്തുത ഗ്രന്ഥത്തിലെ 1030,1031,1032 ഖണ്ഡികകളില്‍ ശുദധീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
ദൈവത്തിന്റെ കൃപാവരത്തിലും സൗഹൃദത്തിലും മരിക്കുന്നവര്‍ പൂര്‍ണ്ണമായി ശുദ്ധീകരിക്കപ്പെട്ടവര്‍ ആയെങ്കിലും നിത്യരക്ഷയുടെ ഉറപ്പ് നേടിയവരാണ് എന്നാല്‍ സ്വര്‍ഗ്ഗീയാനന്ദത്തിലേക്ക് പ്രവേശിക്കുവാന്‍ ആവശ്യമായ വിശുദ്ധി നേടുന്നതിന് വേണ്ടി അവര്‍ മരണാനന്തരം ശുദ്ധീകരണത്തിന് വിധേയരാകുന്നു.
സഭയുടെ പരമ്പരാഗത വിശ്വാസമാണ്ശുദ്ധീകരണം. രണ്ടാം ലിയോണ്‍സ്, ഫ്‌ളോറന്‍സ്, ത്രെന്തോസ് തുടങ്ങിയ സൂനഹദോസുകളുടെ പഠനങ്ങളെ ആസ്പദമാക്കിയാണ് സഭ ശുദ്ധീകരണത്തെക്കുറിച്ച് പഠിപ്പിക്കുന്നത്. മരണത്തോടെ ഒരു ശുദ്ധീകരണമുണ്ട് എന്നത് സഭാപിതാക്കന്മാര്‍ അംഗീകരിക്കുന്നുണ്ട്.
തെര്‍ത്തുല്യന്‍, സിപ്രിയാന്‍, ഒരിജന്‍,മാര്‍ അപ്രേം തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍പെടുന്നു. സഭാപിതാക്കന്മാരുടെ അഭിപ്രായത്തില്‍ അശുദ്ധമായ യാതൊന്നിനും പരമ പരിശുദ്ധനായ ദൈവത്തിങ്കല്‍ എത്താന്‍ സാധ്യമല്ല.അതിനാല്‍ തങ്ങളുടെ പാപങ്ങളില്‍ നിന്നും പൂര്‍ണ്ണമായും ശുദ്ധരാകാതെ മരണത്തെ പുല്‍കുന്നവര്‍ക്ക് ശുദ്ധീകരണം ആവശ്യമാണ്.