Saturday, October 5, 2024
spot_img
More

    ഈ അത്ഭുതരോഗസൗഖ്യം ലൂര്‍ദ് മാതാവ് നല്കിയത്. കാന്‍സര്‍ രോഗവിമുക്തയായ കന്യാസ്ത്രീയുടെ സാക്ഷ്യം

    രോഗങ്ങളും വേദനകളുംപ്രയാസങ്ങളുമാണ് ദൈവത്തിന്റെ കരം പ്രത്യേകമായി കാണുവാന്‍ ഓരോ വ്യക്തികളെയും പ്രേരിപ്പിക്കുന്നത്. അന്നുവരെ ദൈവത്തിന്റെ കരം പിടിച്ചാണ് നടന്നിരുന്നതെങ്കിലും ജീവിതത്തിലെ ഒരു പ്രത്യേക നിമിഷം മുതല്‍ ആ കരത്തിന്റെ സ്പര്‍ശം നമുക്കേറെ അനുഭവവേദ്യമാകുന്നു. സലേഷ്യന്‍ മിഷനറീസ് ഓഫ് മേരി  ഇമാക്കുലേറ്റ് അംഗമായ സിസ്റ്റര്‍ ആലീസിന്റെ ജീവിതത്തില്‍ സംഭവിച്ചതും അതുതന്നെയായിരുന്നു.

    ഡല്‍ഹിയില്‍ സേവനം ചെയ്തുകൊണ്ടിരുന്ന 2012 ലാണ് സിസ്റ്റര്‍ കാന്‍സര്‍ രോഗബാധിതയായത്. ഗര്‍ഭാശയകാന്‍സറായിരുന്നു. നാലാം സ്റ്റേജിലെത്തിയിരുന്നു അപ്പോഴേയ്ക്കും. രാജീവ് ഗാന്ധി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു ചികിത്സ. രണ്ടു തവണ കീമോ തെറാപ്പിക്ക് വിധേയ ആയെങ്കിലും തന്റെരോഗത്തിന്റെ തീവ്രതയെക്കുറിച്ച് സിസ്റ്റര്‍ക്ക് അറിവുണ്ടായിരുന്നില്ല. സഹസന്ന്യാസിനിമാര്‍ അക്കാര്യം മറച്ചുവച്ചിരിക്കുകയായിരുന്നു. ഡല്‍ഹിയിലെ ചില സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രൊവിന്‍ഷ്യല്‍ ഹൗസായ റായ്പ്പൂരിലേക്ക് പിന്നീട് സിസ്റ്ററിന് മടങ്ങേണ്ടിവന്നു. ആ ട്രെയിന്‍ യാത്രയില്‍ ബോധരഹിതയായി നിലംപതിക്കുകയും ചെയ്തു.  റായ്പ്പൂരിലെ ഡോ . മിറ്റാല്‍ ഹോസ്പിറ്റലിലായിരുന്നു ചികിത്സ തുടര്‍ന്നത്.

    അവിടെ വച്ച് അവസാനത്തെ കീമോയ്ക്കു വിധേയയായി. അപ്പോഴേയ്ക്കും അവസ്ഥ വളരെ ഗുരുതരമായിക്കഴിഞ്ഞിരുന്നു. അനങ്ങാന്‍ പോലും കഴിയുന്നില്ല. വയര്‍ വലുതായിരിക്കുന്നു. ഒന്നും കഴിക്കാന്‍ കഴിയുന്നില്ല. മെയ് മാസമായിരുന്നു അത്. മാതാവിന്റെ വണക്കമാസം. ആ ദിവസങ്ങളില്‍ കൊന്ത കയ്യിലെടുത്ത് സിസ്റ്റര്‍ ആലീസ് മാതാവിനോട് പ്രാര്‍ത്ഥിച്ചത് ഒരേയൊരു കാര്യം മാത്രം. അമ്മേ മാതാവേ ഞാന്‍ ജീവിക്കുകയോ മരിക്കുകയോ അത് ദൈവത്തിന്റെ ഇഷ്ടം. പക്ഷേ അതെന്തായാലും ഈ മാസം അവസാനത്തോടെ എനിക്ക് അതിന് നീ കൃത്യമായ ഉത്തരം നല്കണം. ഒന്നുകില്‍ ഈ മാസാവസാനം ഞാന്‍ മരിക്കണം. അല്ലെങ്കില്‍ സൗഖ്യപ്പെടണം. ബന്ധുക്കളും സഹസന്യാസിനുമാരും എല്ലാം സിസ്റ്ററിനെ കാണാനെത്തിത്തുടങ്ങി. താന്‍ മരിക്കാന്‍ പോവുകയാണെന്ന് സിസ്റ്ററിന് തോന്നി. മുപ്പതാം തീയതിയെത്തി. അത്ഭുതങ്ങളൊന്നും സംഭവിക്കുന്നില്ല. ഇനി മരണം മാത്രം. മുപ്പതാം തിയതി പക്ഷേ മറ്റൊന്ന് സംഭവിച്ചു. ബില്‍സാപ്പൂര്‍ കമ്മ്യൂണിറ്റിയിലെ സുപ്പീരിയര്‍ സിസ്റ്റര്‍ ആനീസ് ജോണിന്റെ ഫോണ്‍ കോളായിരുന്നു അന്നേ ദിവസം സിസ്റ്റര്‍ ആലീസിനെ തേടിയെത്തിയത്. സിസ്റ്റര്‍ ആനീസ് ആ  ദിവസം ലൂര്‍ദ്ദിലായിരുന്നു. ആനീസ്, സിസ്റ്റര്‍ ആലീസിനോട് പറഞ്ഞത് ഇതായിരുന്നു. ഞാന്‍ ലൂര്‍ദ്ദിലാണ്. വിശുദ്ധ ബെര്‍ണദീത്തയ്ക്ക് മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലത്ത് മുട്ടുകുത്തി നിന്ന് ഒരു മണിക്കൂറോളം ഞാന്‍ സിസ്റ്ററുടെ രോഗസൗഖ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ട്.

    അമ്മ എന്നോട് പറഞ്ഞത് സിസ്റ്റര്‍ സൗഖ്യപ്പെടുമെന്നാണ്. അതുകൊണ്ട് സിസ്റ്റര്‍ ഒന്നുകൊണ്ടും പേടിക്കരുത്. കുറെയധികം വര്‍ഷം കൂടി സിസ്റ്റര്‍ ജീവിച്ചിരിക്കും. ആ രാത്രി സിസ്റ്റര്‍ ആലീസിന്റെ ജീവിതത്തിലെ മറക്കാനാവാത്ത രാത്രിയായിരുന്നു. മാസങ്ങള്‍ക്ക ശേഷം അന്നാദ്യമായി സിസ്റ്റര്‍ രാത്രിയില്‍ സുഖമായി ഉറങ്ങി. രാവിലെ  സ്വഭാവികമായ രീതിയില്‍ ശോധന നടന്നു. വയറ്റില്‍ കെട്ടിക്കിടന്നിരുന്ന വെള്ളം അപ്രത്യക്ഷമായി. വിശപ്പ് അനുഭവപ്പെട്ടുതുടങ്ങി. കരിക്കിന്‍വെള്ളം കുടിക്കാന്‍ആശ തോന്നി. കിട്ടിയത് മുഴുവന്‍ കുടിച്ചു. പിന്നെ ഏത്തപ്പഴം കഴിക്കാന്‍ ആഗ്രഹം തോന്നി. അതും കഴിച്ചു. സിസ്‌റ്റേഴ്‌സ് എല്ലാം കരുതിയത് അത് സിസ്റ്റര്‍ ആലീസിന്റെ അവസാനത്തെ ദിവസമായിരിക്കും എന്നാണ്. പക്ഷേ.. ആ നിമിഷം മുതല്‍ കഴിച്ചുകൊണ്ടിരുന്ന മരുന്നുകള്‍ സിസ്റ്റര്‍ അവസാനിപ്പിച്ചു.

    സാധാരണരീതിയില്‍ ഭക്ഷണം കഴിച്ചുതുടങ്ങി. ദിവസം കഴിയും തോറും ആരോഗ്യസ്ഥിതിയില്‍ മാറ്റം കണ്ടുതുടങ്ങി. എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന സംഭവങ്ങളാണ് പിന്നീടും സംഭവിച്ചത്. ഹോസ്പിറ്റലില്‍ ചെക്കപ്പിന് എത്തിയ ഡോക്ടര്‍മാര്‍ക്കുപോലും അത് വിശ്വസിക്കാന്‍ സാധിച്ചില്ല. മുന്നുമുഴകളും വളരെ ചെറുതായിരിക്കുന്നു. രണ്ടാമത് നടത്തിയ ടെസ്റ്റില്‍  ആ മുഴകള്‍ ഉണങ്ങിത്തുടങ്ങിയതായിട്ടായിരുന്നു. സംശയം തീരാതെ ഹിന്ദുവായ ആ ഡോക്ടര്‍ വീണ്ടും വീണ്ടും ടെസ്റ്റുകള്‍ നടത്തിക്കൊണ്ടിരുന്നു. ഒടുവില്‍ അദ്ദേഹത്തിന് അത് തുറന്നു സമ്മതിക്കേണ്ടിവന്നു. നിങ്ങളുടെ ദൈവം മഹാനാണ്. ക്രിസ്തു നിങ്ങളെ രക്ഷിച്ചിരിക്കുന്നു.


    വര്‍ഷമെത്രയോ പിന്നീട് കഴിഞ്ഞുപോയി. സിസ്റ്റര്‍ ആലീസ് ഇപ്പോഴും ആരോഗ്യവതിയായി ശുശ്രൂഷ ചെയ്യുന്നു. നന്ദി പറയാനായി ലൂര്‍ദ്ദില്‍ പോകാന്‍ സാധിച്ചില്ലെങ്കിലും നാഗപ്പൂരില്‍ ലൂര്‍ദ്ദമാതാവിന്റെ തിരുനാള്‍ ദിനത്തില്‍ ആയിരക്കണക്കിന് വിശ്വാസികളോട് തന്റെ അത്ഭുതസാക്ഷ്യം സിസ്റ്റര്‍ പറയുന്നു. ലൂര്‍ദ്ദ് മാതാവാണ് എനിക്ക് സൗഖ്യം നല്കിയത്.  അമ്മ വഴിയായിട്ടാണ് ഞാന്‍ ജീവിച്ചിരിക്കുന്നത്.


    ഈ അത്ഭുതസാക്ഷ്യം നമുക്കും ഏറെ പ്രചോദനം നല്കുന്നു, കൂടുതലായി മാതാവിനോട് പ്രാര്‍ത്ഥിക്കാന്‍..അമ്മയുടെ മാധ്യസ്ഥത്തില്‍ ശരണപ്പെടാന്‍. അമ്മേ ലൂര്‍ദ്ദ് മാതാവേ ഞങ്ങള്‍ക്കുവേണ്ടി മാധ്യസഥം അപേക്ഷിക്കണമേ.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!