ഒരു താപസന്‍ സര്‍വ്വാംഗം വ്രണബാധിതനായി കഴിയുകയായിരുന്നു. കഠിനവേദന സഹിക്കാനാവാതെ വന്നപ്പോള്‍ എത്രയും പെട്ടെന്ന് മരിച്ചുപോകാന്‍ അയാള്‍ പ്രാര്‍ത്ഥിച്ചു. അയാളുടെ പ്രാര്‍ത്ഥന കേട്ട് കാവല്‍മാലാഖ അരികിലെത്തി ഇങ്ങനെ പറഞ്ഞു: ഒന്നുകില്‍ നീ വളരെനാള്‍ ഭൂമിയില്‍ രോഗിയായി പീഡ സഹിക്കണം. അല്ലെങ്കില്‍ മൂന്നു ദിവസം ശുദ്ധീകരണസ്ഥലത്ത് കഴിയണം. ഇതിലേതാണ് താല്പര്യം? ശുദ്ധീകരണസ്ഥലത്ത് മൂന്നുദിവസം കിടക്കാനാണ് അയാള്‍ സന്നദ്ധത അറിയിച്ചത്. വെറും മൂന്നുദിവസത്തെ കാര്യമല്ലേയുള്ളൂ.ഭൂമിയിലാണെങ്കില്‍ എത്രയോ നാളുകള്‍ കൂടി വേദന സഹിക്കണം.
എന്തായാലും അയാള്‍ മരിച്ചു. ശുദ്ധീകരണസ്ഥലത്തെ അഗ്നിയിലേക്കാണ് അയാള്‍ ചെന്നുവീണത്. അവിടെ കിടന്ന് അയാള്‍ വെന്തുരുകിക്കൊണ്ടിരുന്നു. അപ്പോള്‍ കാവല്‍ദൂതന്‍ അയാളെ കാണാനെത്തി. മൂന്നു ദിവസമേയുള്ളൂവെന്ന് പറഞ്ഞിട്ട് ഞാനിവിടെ എത്രയോ ദിവസമായി കഴിയുന്നു. ഇനിയും എന്തിനാണ് എന്നെ ഇവിടെയിട്ട് ദ്രോഹിക്കുന്നത്.
അതിന് മറുപടിയായി കാവല്‍ദൂതന്‍ പറഞ്ഞു. മൂന്നുദിവസംപോയിട്ട് താങ്കള്‍ ഇവിടെ വന്നിട്ട് ഒരു ദിവസംപോലുമായിട്ടില്ല. താങ്കളുടെ മൃതദേഹം സംസ്‌കരിച്ചിട്ടുപോലുമില്ല. തീയുടെ ചൂടുകൊണ്ട് താങ്കള്‍ക്ക് കാലദൈര്‍ഘ്യം തോന്നുന്നതാണ്.
എങ്കില്‍ എന്നെ ഭൂമിയിലേക്ക് തന്നെ അയച്ചോളൂ. അയാള്‍ അഭ്യര്ത്ഥിച്ചു. ദൈവാനുമതിയോടെ ആ താപസനെ വീണ്ടും ഭൂമിയിലേക്കയച്ചു. എത്രകാലം വേണമെങ്കിലും ഞാന്‍ലോകസഹമായ പീഡകള്‍ സഹിച്ചുകൊള്ളാം എന്ന് അയാള്‍ സമ്മതിച്ചിരുന്നു.അങ്ങനെ പുനര്‍ജീവന്‍ പ്രാപിച്ച് അയാള്‍ ഭൂമിയിലേക്ക് മടങ്ങുകയും തനിക്ക് സംഭവിച്ചതെല്ലാം ബന്ധുജനങ്ങളെ അറിയിക്കുകയും ചെയ്തു.
ചാവറയച്ചന്‍ പറഞ്ഞതാണ് ഇക്കഥ.