ഇത് നൈജീരിയക്കാരനായ ഇമാം അബുബക്കര്‍ അബ്ദുല്ലാഹി. വയസ് 83. ഇന്ന് മതങ്ങളുടെയും വിശ്വാസത്തിന്റെയും പേരില്‍ ആളുകള്‍ തമ്മില്‍ത്തല്ലി ചാകുമ്പോള്‍ യഥാര്‍ത്ഥ മനുഷ്യസ്‌നേഹത്തിന്റെയും ദൈവസ്‌നേഹത്തിന്റെയും തെളിഞ്ഞ അടയാളമായി ലോകത്തിന്റെ മുമ്പില്‍ ശോഭിക്കുകയാണ് ഇദ്ദേഹം.
കാരണം 2018 ജൂണ്‍ 23 ന് ഫുലാനി മുസ്ലീം ഗോത്രക്കാര്‍ നടത്തിയ ആക്രമണത്തില്‍ 262 ക്രൈസ്തവരുടെ ജീവനുകളാണ് ഐതിഹാസികമായി ഇദ്ദേഹം രക്ഷിച്ചെടുത്തത്. തന്റെ ഭവനത്തില്‍ മാത്രമല്ല മോസ്‌ക്കില്‍ പോലും ക്രൈസ്തവരെ കയറ്റിയാണ് ഇദ്ദേഹം അവരുടെ ജീവന്‍ രക്ഷിച്ചത്.
നിസ്‌ക്കാരം കഴിഞ്ഞ് എണീല്ക്കുമ്പോള്‍ അബൂബക്കര്‍ കേട്ടത് വെടിയൊച്ചകളും കണ്ടത്ജീവന്‍ പൊതിഞ്ഞുപിടിച്ചോടുന്ന ക്രൈസ്തവരെയുമായിരുന്നു. ആ നിമിഷം അദ്ദേഹത്തിലെ യഥാര്‍ത്ഥ ഇസ്ലാം ഉണര്‍ന്നു, മനുഷ്യസ്‌നേഹി ഉണര്‍ന്നു. പിന്നെ അവരുടെ ജീവന്‍ രക്ഷിക്കുന്നതിലായിരുന്നു ഇമാമിന്റെ ശ്രദ്ധ. അന്ന് ഇമാം ഉണര്‍ന്നുപ്രവര്‍ത്തിച്ചില്ലായിരുന്നുവെങ്കില്‍ മതതീവ്രവാദികളുടെ കരാളഹസ്തങ്ങളില്‍ പെട്ട് ആ മനുഷ്യജീവനുകള്‍ പൊലിഞ്ഞേനേ.
മതമല്ലമനുഷ്യനാണ് വലുത് എന്ന് ലോകത്തിന് കാട്ടിക്കൊടുത്ത ഇദ്ദേഹത്തെ അടുത്തയിടെയാണ് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‌റ് ഇന്റര്‍നാഷനല്‍ റിലീജിയസ് ഫ്രീഡം അവാര്‍ഡ് നല്കി ആദരിച്ചിരുന്നു.
ഇത്തരം മനുഷ്യസ്‌നേഹഗാഥകള്‍ ഇനിയും ഉണ്ടാകട്ടെ. മതത്തിന്റെ പേരില്‍ അന്ധമാകാതിരിക്കട്ടെ നമ്മുടെ കണ്ണുകളും വിശ്വാസങ്ങളും.