.
പരിശുദ്ധ കന്യകാമറിയത്തിന്റെ അമ്മയാണ് വിശുദ്ധ അന്ന.
വളരെക്കാലത്തോളം മക്കളില്ലാത്ത ദുഖവും പേറിയായിരുന്നു അന്നയും ഭര്‍ത്താവായ ജൊവാക്കിമും ജീവിച്ചിരുന്നത്. മക്കളില്ലാത്ത ദുഃഖം അതനുഭവിച്ചവര്‍ക്കു മാത്രമേ പൂർണ്ണമായി ഇത് മനസ്സിലാകൂ.
ഇക്കാരണത്താല്‍, അമ്മയാകുവാന്‍ ആഗ്രഹിക്കുന്ന എന്നാല്‍ അതിനുള്ള ഭാഗ്യം ലഭിക്കാത്തവരും വന്ധ്യതാപ്രശ്നമുള്ളവരുടേയും മാധ്യസ്ഥയാണ് വിശുദ്ധ അന്ന. ദൈവത്തിലുള്ള ഉറച്ച വിശ്വാസം മൂലം ഒരു മകളെ നല്‍കികൊണ്ട് ദൈവം അന്നയെ അനുഗ്രഹിച്ചു,
അവള്‍ തന്റെ മുഴുവന്‍ ഹൃദയത്തോടും തന്റെ മകളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തു. അടിയുറച്ച ദൈവഭയത്തിലും ദൈവസ്നേഹത്തിലും അന്ന മകളായ മറിയത്തെ വളർത്തി. മറിയത്തെ മടിയിലിരുത്തി നിര്‍വൃതിയിലാണ്ടിരിക്കുന്ന അന്നയെ പലപ്പോഴും ചിത്രകലയില്‍ ചിത്രീകരിച്ചിട്ടുണ്ട്.
ദൈവമാതാവാകുവാനുള്ള വിളിക്കുള്ള “ശരി” എന്ന മറിയത്തിന്റെ വിനീതമായ പ്രത്യുത്തരം ഈ നല്ല അമ്മയുടെ ശിക്ഷണത്തില്‍ നിന്നും ലഭിച്ചതാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അങ്ങനെ അന്നയ്ക്കു ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ മുത്തശ്ശിയാകുവാനുള്ള ഭാഗ്യം ലഭിച്ചു.
ഈ അമ്മയുടെ ജീവിതം നൽകുന്ന സന്ദേശം: അമ്മ എന്ന പദം ഒരു തലമുറയിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ഒരു നല്ല അമ്മയ്ക്കു മാത്രമേ നല്ല മുത്തശ്ശിയാവാൻ സാധിക്കൂ. കുടുംബത്തിൽ മുത്തശ്ശിമാരും വളരെ പ്രധാനപ്പെട്ടവരാണ്. അമ്മയെ ഉപേക്ഷിക്കുന്ന മക്കൾ ഓർക്കുക തങ്ങൾ അനുഭവിക്കുന്ന നന്മകൾക്ക് പിന്നിൽ പ്രാർത്ഥനാനിരതയായ ഒരു അമ്മയുടെയോ മുത്തശ്ശിയുടെയോ സ്നേഹമുണ്ടായിരുന്നു എന്ന്..