Wednesday, October 9, 2024
spot_img
More

    എന്തിനാണിത്ര തിടുക്കം ?


    “വിജ്ഞാനരഹിതമായ ഉത്സാഹം ശ്രേയസ്‌കരമല്ല, തിടുക്കം കൂട്ടുന്നവനു വഴി തെറ്റുന്നു.” (സുഭാഷിതങ്ങൾ 19: 2)

    തിരക്കുപിടിച്ച ജീവിതം ഇന്നത്തെ ലോകത്തിൻ്റെ മുഖമുദ്രയായിരിക്കുന്നു. എല്ലാവരും തിരക്കിട്ട ഓട്ടങ്ങളിലാണ്, പലതും നേടിയെടുക്കാൻ, സമ്പാദിക്കാൻ, പലരുടെയും മുന്നിൽകയറാൻ, എപ്പോഴും ജയിച്ചുനിൽക്കാൻ. ഓരോദിവസവും മാറിക്കൊണ്ടിരിക്കുന്ന ലോകത്തിൻ്റെ ഗതിയുടെ വേഗം കൂടിവരുന്നതല്ലാതെ കുറയുന്നില്ല. ആധുനിക ലോകം ‘ഡിമാൻഡ്’ ചെയ്യുന്നതനുസരിച്ചു ജീവിതവും പ്രവർത്തനങ്ങളും മുമ്പത്തേതിനേക്കാൾ വേഗത്തിലാക്കാൻ ഓരോരുത്തരും നിർബന്ധിതരാകുന്നു  എന്നതൊരു  സത്യം തന്നെയാണ്. പണ്ടുകാലത്തേതിനേക്കാൾ എല്ലാവരും ഇപ്പോൾ ‘ബിസി’ ആണെന്നാണ് പറഞ്ഞുവന്നതിൻറെ ചുരുക്കം. പലരും അത് ആഗ്രഹിക്കുന്നില്ലങ്കിലും അങ്ങനെ ആകേണ്ടി വരുന്നു! ഈ തിരക്കിനിടയിൽ ജീവിതത്തിൻറെ പല സുന്ദരനിമിഷങ്ങളും സൗഭാഗ്യങ്ങളും അനുഭവിക്കാൻ കഴിയാതെ പോകുന്നത് നിസ്സഹായരായി നോക്കിനിൽക്കാനേ ഇവർക്കൊക്കെ പറ്റാറുള്ളൂ. 

    ജീവിതത്തിൻറെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ തിരക്കിന്‍റെ ജീവിതത്തിലേക്ക് വഴുതിവീഴേണ്ടി വരുന്നവരോട് സഹതാപം തോന്നുമ്പോഴും ബുദ്ധിശൂന്യവും അനാവശ്യവുമായ തിരക്കും തിടുക്കവും കാണിച്ച് അപകടങ്ങളും ബുദ്ധിമുട്ടുകളും വിളിച്ചുവരുത്തുന്നവരോട്  ആർക്കും അനുഭവമുണ്ടാകുമെന്നു കരുതുന്നില്ല. കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിന് സമീപം ഇന്നലെ സ്വകാര്യ ബസ് തലകുത്തനെ മറിഞ്ഞ വാർത്ത ഭീതിയുളവാക്കുന്നതാണ്. ബസിലുണ്ടായിരുന്ന 23 പേരെ പരിക്കുകളോടെയും ഡ്രൈവറെ ഗുരുതരമായ പരിക്കുകളോടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. ട്രാഫിക് സിഗ്നൽ മറികടക്കാൻ അമിതവേഗത്തിൽ അശ്രദ്ധയോടെ ഡ്രൈവ് ചെയ്തതും മഴപെയ്തു നനഞ്ഞുതെറ്റികിടന്ന റോഡിൽ പൂർണമായും തേഞ്ഞുതീർന്ന പിൻടയറുകൾ ബസിന് ഉപയോഗിച്ചതിലെ അലംഭാവവുമാണ് അപകടം ക്ഷണിച്ചുവരുത്തിയതെന്നു ആർ. ടി. ഒ. യുടെ അന്വേഷണത്തിൽ കണ്ടെത്തി.

      നിയമത്തെയും സുരക്ഷയെയും മറികടന്നു ഏതാനും സെക്കൻഡുകളുടെ ലാഭം നോക്കാൻ ശ്രമിച്ചപ്പോൾ, ദിവസങ്ങളും മാസങ്ങളും ചിലപ്പോൾ വർഷങ്ങളും തന്നെ അതിനു വില കൊടുക്കേണ്ടിവന്നിരിക്കുന്നു. ട്രാഫിക് സിഗ്നൽ പച്ചയിൽ നിന്ന് ചുവപ്പിലേക്കു മാറുന്ന  മൂന്നു സെക്കൻഡുകളെ അലക്ഷ്യമായി തള്ളിക്കളഞ്ഞപ്പോൾ, ജീവിതത്തിന്റെ ചിരിയുടെയും ഉല്ലാസത്തിന്റെയും പച്ചപ്പുകളിൽനിന്നു മനംമടുപ്പിക്കുന്ന ചോരയുടെ ചുവപ്പിലേക്കാണ് ആക്സിലേറ്റർ കൊടുക്കുന്നതെന്ന് ആ ഡ്രൈവർ ചിന്തിച്ചുകാണില്ല. തിരക്കിൻറെ ആവേശം മനസ്സിൽ കയറിക്കഴിഞ്ഞാൽപിന്നെ വിവേകത്തിന്റെ ആലോചനകൾ മനസ്സിലോ, ക്ഷണിച്ചുവരുത്താൻ സാധ്യതയുള്ള അപകടങ്ങളുടെ മുന്നറിയിപ്പുകൾ ബുദ്ധിയിലോ തെളിയാറില്ല. എന്തിനാണ് ഇത്ര തിരക്ക് കൂട്ടുന്നത്? 100 മീറ്റർ ഓട്ടക്കളത്തിൽ ഓടുന്നവർക്ക്‌ ഓരോ സെക്കൻഡും വിലയുള്ളതാണ് എന്ന് പറയുന്നവരോട് ചോദിക്കട്ടെ, എല്ലാ ഓട്ടങ്ങളെയും 100 മീറ്റർ ഓട്ടങ്ങളായി കാണേണ്ടതുണ്ടോ? എപ്പോഴും താൻ മാത്രം വിജയിക്കേണ്ട ഓട്ടങ്ങളല്ലജീവിതമെന്നും, കൂടെ ചിലർ കൂടി തന്നോടൊപ്പം ഓടുന്നുണ്ടന്നും അവരെയും പരിഗണിച്ചാണ് താൻ ഓടേണ്ടതെന്നും  ഓർക്കേണ്ടതാണ് ജീവിതത്തിന്റെ ഓട്ടം!

    തിരക്കുപിടിച്ച ജീവിതമല്ല, തിരക്കുപിടിച്ച മനസ്സാണ് അപകടകാരി. ഈ മനസ്സ് വിവേകത്തോടെയുള്ള ചിന്തകളെ, സാഹചര്യമനുസരിച്ചു പെരുമാറാനുള്ള കഴിവിനെ നിർവീര്യമാക്കുന്നു. ‘മനനം ചെയ്യാൻ (ചിന്തിച്ച്, കാര്യങ്ങളെയും സാഹചര്യങ്ങളെയും അപഗ്രഥിക്കാനും  അതിനനുസരിച്ച് പ്രവർത്തിക്കാനുമുള്ള ശേഷി) കഴിവുള്ളവൻ’ എന്ന അർത്ഥത്തിലാണ് ‘മനുഷ്യൻ’ എന്ന പേര് ഉണ്ടായത്. ഈ കഴിവിന്റെ ഉപയോഗത്തിലെ കുറവാണ് ഇന്ന് കാണുന്ന പല പ്രശ്നങ്ങളുടെയും മൂലകാരണം. സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളിൽ, ചിന്തയും വിവേകവുമില്ലാത്ത സംസാരവും പെരുമാറ്റവുമാണ് നമ്മുടെ വീടുകളെയും നാടുകളെയും യുദ്ധക്കളമാക്കുന്നത്. 

    സമൂഹത്തിൻറെ പൊതുനന്മയ്ക്കായി നല്കപ്പെട്ടിട്ടുള്ള നിയമനകളോട് കാണിക്കേണ്ട ബഹുമാനവും ഇത്തരുണത്തിൽ പ്രസക്തമാണ്. സുരക്ഷിതമല്ലാത്ത തേഞ്ഞുതീർന്ന ടയർ ബസിൽ ഉപയോഗിച്ചിരുന്നതും ഈ അപകടത്തിൽ നിർണ്ണായകമായി. മഴപെയ്തുനനഞ്ഞു തെറ്റിക്കിടന്ന റോഡിന്റെ സാഹചര്യവും അപകടത്തിന് ആക്കം കൂട്ടി. മനസ്സിൽ തിരക്ക് കയറിക്കഴിയുമ്പോൾ അറിയേണ്ടതുപലതും (ടയർ തേഞ്ഞുതീർന്നത്) അറിയാതെ പോകുന്നു, കാണേണ്ടതുപലതും (തെറ്റിക്കിടന്ന റോഡ്) കണ്ണിൽ പെടാതെ പോകുന്നു. കൂടുതൽ പണസമ്പാദനവും പ്രൊഫഷണൽ ലൈഫിൻറെ ഉയർച്ചയും മാത്രം ലക്ഷ്യം വച്ച് തിരക്കുകളിലേക്ക് വീഴുന്നവരും ഇങ്ങനെ തന്നെ: കുടുംബത്തിലുള്ളവരെയും അടുത്തുനിൽക്കുന്നവരെയും പോലും കാണാതെ പോകാനും ദൈവചിന്തപോലെ പ്രധാനപ്പെട്ടത് പലതും മറക്കാനും ഇടയാകും. ഫലമോ, തിരിച്ചുകയറിവരാനാവാത്ത കുഴികളും വീഴ്ചകളും അവരെ കാത്തിരിക്കുന്നു. ചില അടിസ്ഥാന ജീവിത-ധാർമ്മിക-ദൈവിക നിയമങ്ങളെ മറന്നുകൊണ്ടുള്ള ഒരു ഓട്ടങ്ങളും നന്മയിലേക്കെത്തില്ല. 

    ഒരു ദിവസം മുഴുവൻ ചെന്നെത്താവുന്ന ദൂരം സ്വന്തമായി എടുക്കാമെന്ന്  രാജാവിൽ നിന്ന് കല്പനകിട്ടിയ ഭൃത്യൻ, ആദ്യം നടന്നു തുടങ്ങുകയും അത് പോരെന്നു തോന്നി പിന്നീട് നടപ്പ് ഓട്ടത്തിലേക്ക് മാറ്റുകയും, അല്പം പോലും വിശ്രമിക്കാതെ കഴിയുന്നത്ര ഓടാൻ പരിശ്രമിച്ച് വൈകുന്നേരത്തിനു മുൻപ് ആ വഴിയിൽ തന്നെ തളർന്നുവീണു മരിക്കുകയും ചെയ്ത ഗുണപാഠകഥ പ്രശസ്തമാണ്. അല്പം വിശ്രമിക്കാനായി ഒന്ന് സ്പീടുകുറച്ചാൽ അത്രയും സ്ഥലം നഷ്ടപ്പെടുമല്ലോ എന്ന ചിന്തയാൽ ഒരിടത്തും നിൽക്കാതെ, കുറച്ചുകൂടി നേടാം എന്ന ചിന്തയിൽ ഓടിയ ആ മനുഷ്യന് കയ്യിൽ കിട്ടിയതുപോലും അനുഭവിക്കാൻ കഴിയാതെ പോയി. ചിലപ്പോൾ, ചെറിയ ഒരു നേട്ടം കൂടി നേടാനായി, കിട്ടിയതിൽ സംതൃപ്തി വരാതെ വീണ്ടും വീണ്ടും ഓടുന്നവർക്കാണ് പലപ്പോഴും എല്ലാം നഷ്ടപ്പെടുന്ന അപകടം വന്നെത്തുന്നത്. ആവശ്യത്തിനുണ്ടായിട്ടും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനും വ്യക്തിപരമായി വിശ്രമിക്കാനും താത്പര്യമില്ലാതെ ആഴ്ചയിലെ ഏഴു ദിവസവും ‘ജോലിയേ ശരണം’ എന്ന രീതിയിൽ പെരുമാറുന്നവരുടെ കയ്യിൽ നിന്ന് വഴുതിപ്പോകുന്ന കുടുംബങ്ങളുടെയും ആരോഗ്യത്തിന്റെയും ഉദാഹരണങ്ങൾ ഇന്നത്തെ സമൂഹത്തിൽ ഏറെ കേട്ടുവരുന്നുണ്ട്. 

    ദൈവം ദാനമായി തന്ന ഈ ജീവിതത്തെ സന്തുലിതമായി നിറുത്താൻ കഴിയുന്നതാണ് ജീവിതവിജയം. അതിൽ ആവശ്യത്തിന് ജോലിയും വിശ്രമവും ദൈവവികകാര്യങ്ങൾക്കുള്ള സമയവും സന്തോഷവും വിനോദവും കുടുംബാങ്ങങ്ങളോടും കൂട്ടുകാരോടുമൊത്തുള്ള സമയവും വ്യക്തിപരമായ സമയവും ഒക്കെ വേണം. ലോകഗുരുവും ദൈവപുത്രനുമായ ഈശോയുടെ ജീവിതവും തന്ന മാതൃകയിതാണ്: ഈശോയ്ക്ക് പഠിപ്പിക്കാനും രോഗികളെ സുഖപ്പെടുത്താനും പ്രാർത്ഥിക്കാനും യാത്രചെയ്യാനും വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും കുട്ടികളുടെ കൂടെ ചിലവഴിക്കാനും സുഹൃത്തുക്കളെ സന്ദർശിക്കാനും ഒക്കെ സമയമുണ്ടായിരുന്നു. ഇതിനൊക്കെ താല്പര്യമുണ്ടങ്കിലും സമയം കിട്ടാറില്ലെന്നു ചിലർ പറയും. എന്നാൽ ‘വേണമെന്ന് വച്ചാൽ ചക്ക വേരിലും കായ്ക്കുമെന്നു’ തെളിയിക്കാവുന്നതേയുള്ളു. 

    ശാന്തമായ മനസ്സാണ് എല്ലാറ്റിനും പരിഹാരം. അവിടെ ചിന്തയ്ക്കും വിവേകത്തിനും മറ്റുള്ളവരെ പരിഗണിക്കുന്നതിനും ആവശ്യമുള്ളത് ഓർക്കുന്നതിനും കാണേണ്ടത് കാണുന്നതിനും ഇടമുണ്ടാകും. ദൈവാശ്രയബോധമില്ലാത്തതാണ് മനസ്സ് പലകാര്യങ്ങളുടെ തിരക്കിലേക്കും ധൃതിയിലേക്കും പോകാൻ കാരണമെന്ന് ആധ്യാത്മിക പിതാക്കന്മാർ പറയാറുണ്ട്. ദൈവം എല്ലാം നിയന്ത്രിക്കുമെന്നും വേണ്ടതെല്ലാം തരുമെന്നും കരുതുകയും, ചെയ്യേണ്ട ജോലി ചെയ്തിട്ട് ബാക്കിയെല്ലാം ദൈവത്തിലാശ്രയം വയ്ക്കുകയും ചെയ്യുന്നവർക്കെന്തിനാണ് തിരക്കിട്ട്‌ ഓടേണ്ട ആവശ്യം? “തനിക്കു പ്രിയപ്പെട്ടവർ ഉറങ്ങുമ്പോഴും കർത്താവ് അവർക്കു വേണ്ടത് നൽകുന്നു.” (സങ്കീർത്തനങ്ങൾ 127: 2). 

    തിരക്കിന്റെയും തിടുക്കത്തിന്റെയും അപകടങ്ങളിലേക്കു വീഴാത്ത ഒരു നല്ല ആഴ്ച ഏവർക്കും സ്നേഹപൂർവം ആശംസിക്കുന്നു. 

    ഫാ. ബിജു കുന്നയ്ക്കാട്ട് 

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!