ആവര്‍ത്തിച്ചു ചൊല്ലുന്ന പ്രാര്‍ത്ഥനകള്‍ക്കെല്ലാം ഒരു പ്രശ്‌നമുണ്ട്. പതുക്കെ പതുക്കെ അതൊരുചടങ്ങ് മാത്രമാകും. ആത്മാര്‍ത്ഥത ഇല്ലാതെയാകും. എന്നിട്ടും നാം അത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.
ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവര്‍ പ്രാര്‍ത്ഥനയില്‍ ആവര്‍ത്തനമുണ്ടാകാതിരിക്കാനായി അതിന്റെ വാക്കുകളില്‍ മാറ്റം വരുത്തണോയെന്ന് ചിന്തിക്കുക പോലും ചെയ്യും. ഈ ചിന്തകളിലൂടെ കടന്നുപോകുന്നവരോടായി ഈശോപറയുന്നത് ഇതാണ്.
നിങ്ങളുടെ ഹൃദയത്തിലുള്ളതെന്താണോ അതാണ് വിലമതിക്കപ്പെടുന്നത്. നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ചൊല്ലുന്ന വാക്യങ്ങള്‍ ദൈവത്തോട് നിങ്ങളുടെ ഹൃദയം തുറക്കുവാനുപയോഗിക്കുന്ന വാക്കുകളാണ്. അത് നിങ്ങള്‍ ദിവസേന ഉരുവിടുന്ന വാക്കുകളാണെന്നത് പ്രശ്‌നമല്ല. എന്നാല്‍ ആ വാക്കുകളില്‍ ഹൃദയമുണ്ടായിരിക്കണം.
യേശുവിന്റെ കണ്ണുകളിലൂടെ എന്ന കൃതിയിലാണ് ഈശോയുടെ ഈ വാക്കുകള്‍. നാം പ്രാര്‍ത്ഥിക്കുന്ന ഭാഷ ദൈവം നോക്കുകയില്ല. പക്ഷേ തീര്‍ച്ചയായും നമ്മുടെ പ്രാര്‍ത്ഥനകളുടെ ആത്മാര്‍ത്ഥത ദൈവം നോക്കും. അതുകൊണ്ട് നമുക്ക് ഹൃദയപൂര്‍വ്വം പ്രാര്‍ത്ഥിക്കാം. ദൈവത്തിന് ആ പ്രാര്‍ത്ഥന കേള്‍ക്കാതിരിക്കാനാവില്ല.