Friday, December 6, 2024
spot_img
More

    എന്തിനാണ് മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ നടത്തുന്നത്? ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ വ്യക്തമാക്കുന്നു

    അര്‍ത്ഥമറിഞ്ഞും മനസ്സിലാക്കിയുംവേണം നാം ഓരോന്നും ചെയ്യേണ്ടത്.വിമലഹൃദയപ്രതിഷ്ഠ എന്ന് കേള്‍ക്കുമ്പോഴേ അത് ഉടനടി നടത്തരുത്. അത് എന്തിന് വേണ്ടി ചെയ്യുന്നു എന്ന് അറിഞ്ഞിട്ട് വേണം ചെയ്യാന്‍.

    മറിയത്തിന്റെ ആന്തരികജീവിതത്തെ പ്രതിഫലിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ് വിമലഹൃദയം. പരിശുദ്ധ മറിയത്തിന് ഒരു ആന്തരിക ജീവിതമുണ്ട്. പുറമേയ്ക്ക് നാം കാണുന്ന രൂപങ്ങളോ ചിത്രങ്ങളോ അല്ല മാതാവ്. നാം പുറമേയ്ക്ക് കാണുന്നത് മാതാവിന്റെ ബാഹ്യരൂപമാണ്. ആ രൂപം എന്താണോ സൂചിപ്പിക്കുന്നത് ആ രൂപത്തിന് ഒരു ആന്തരികജീവിതമുണ്ട്.

    മറിയത്തിന്റെ ആന്തരികജീവിതത്തെ വിശദമാക്കുന്ന ഒരു ഭക്തനാമമാണ് വിമലഹൃദയം. ഒരു വ്യക്തിയെ പുറമേയ്ക്ക് നോക്കുമ്പോള്‍ കുഴപ്പമില്ലെന്ന് നാം കരുതുന്നു. അയാളുടെ ഉള്ളില്‍ നടക്കുന്നത്, അയാള്‍ വിചാരിക്കുന്നത്, അയാളുടെ നിരീക്ഷണം ഇതൊന്നും നമുക്ക് അറിയില്ല. ബാഹ്യമായി കാണുമ്പോള്‍ കുഴപ്പമില്ലെന്ന്‌തോന്നുന്ന ആള്‍ അങ്ങനെയാകണം എന്നില്ല. ആ വ്യക്തി എന്താണ് എന്ന് അയാള്‍ ഒറ്റയ്ക്ക് മാത്രമാകുമ്പോഴാണ് അറിയുന്നത്.

    മാതാവിന്റെ ആന്തരികജീവിതം എന്നാണ് വിമലഹൃദയം കൊണ്ട് അര്‍ത്ഥമാക്കുന്നത്. അമ്മ എങ്ങനെയാണ് പങ്കുവച്ചത്, സ്‌നേഹിച്ചത്, തന്റെ ജീവിതം ബലിയാക്കിയത് , അമ്മ എങ്ങനെയാണ് ചിന്തിച്ചത് ഇതിനെകുറിക്കുന്ന വാക്കാണ് വിമലഹൃദയം.

    മാതാവിന്റെ വിമലഹൃദയത്തിന് നാം പ്രതിഷ്ഠിക്കുമ്പോള്‍ മാതാവ് എന്താണോ ആ സ്വഭാവത്തിന് നാം നമ്മെ തന്നെ സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. അമ്മയുടെ ആന്തരികജീവിതത്തിന്റെ തിരുനാളാണ് വിമലഹൃദയതിരുനാള്‍. മാതാവിന്റെ സന്തോഷങ്ങളും സങ്കടങ്ങളും അമ്മയുടെ ചിന്തകളും സ്‌നേഹവും കാര്യങ്ങളെ കണ്ടരീതി, പങ്കുവച്ച രീതി ഇതെല്ലാമാണ് വിമലഹൃദയം കൊണ്ട് അര്‍ത്ഥമാക്കുന്നത്. മാതാവിനെക്കുറിച്ച് എവിടെ പറഞ്ഞാലും അവിടെ അഭിഷേകമുണ്ട്.

    പരിശുദധാത്മാവ് ഒരു വ്യക്തിയില്‍ പൂര്‍ണ്ണമായും , പൂര്‍ണ്ണതയില്‍ ഈ പ്രപഞ്ചത്തില്‍ ഒരു വ്യക്തിയുടെ ഹൃദയത്തിലേക്ക് ഇറങ്ങിവന്നിട്ടുണ്ടെങ്കില്‍ അത് പരിശുദ്ധ അമ്മയില്‍ മാത്രമാണ്. പരിശുദ്ധാത്മാവിന്‍റെ വ്യത്യസ്തമായ അഭിഷേകം പലരിലും ഉണ്ടായിട്ടുണ്ട്. പക്ഷേ പരിശുദ്ധാത്മാവ് പൂര്‍ണ്ണമായി പരിശുദ്ധ അമ്മയില്‍ മാത്രമാണ് ഇറങ്ങിവന്നത്. അതായത് പൂര്‍ണ്ണാര്‍ത്ഥത്തില്‍. അങ്ങനെ ഇറങ്ങിവന്നാലേ യേശുവിന്റെ മനുഷ്യാവതാരം നടക്കൂ. പല കാര്യങ്ങളില്‍ ഒന്നുമാത്രമായി ദൈവത്തെ ഒതുക്കരുത്.

    മാതാവിന് മാതാവിന്റേതായിട്ട് ഒരു ചിന്തയോ ജീവിതമോ ഇല്ല. മാതാവിന്റെ ഹൃദയത്തില്‍ പിതാവും പരിശുദ്ധാത്മാവും ഈശോയും ഈശോ വഴി നേടിയെടുക്കണമെന്ന് ആഗ്രഹിക്കുന്ന ആത്മാക്കളുമാണ് ഉള്ളത്. മാതാവിന് മാതാവിന്‍റേതു മാത്രമായ ചിന്തയോ ലോകമോ ഇല്ല.

    ഈശോ മാത്രമാണ് അമ്മയുടെ ഹൃദയത്തില്‍ നിറഞ്ഞുനില്ക്കുന്നത്. മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുമ്പോള്‍ ഈശോയിലേക്കാണ് നാം നമ്മുടെ ഹൃദയം സമര്‍പ്പിക്കപ്പെടുന്നത്. മാതാവിലൂടെയല്ലാതെ നേരിട്ട് ഈശോയ്ക്ക് നമ്മുടെ ഹൃദയം സമര്‍പ്പിച്ചുകൂടെ എന്ന് സംശയിക്കുന്നവരുണ്ടാകാം. പക്ഷേ സ്വന്തം ഹൃദയം ഈശോയ്ക്ക് നേരിട്ട് നല്കാന്‍ മാത്രം നാമാരും വിശുദ്ധരല്ല.

    അതുകൊണ്ടാണ് മുപ്പത്തിമൂന്നു ദിവസത്തെ പ്രാര്‍ഥനയോ വിമലഹൃദയപ്രതിഷ്ഠാ ജപം ചൊല്ലിയോ അല്ലെങ്കില്‍ ഒരു ജപമാല ചൊല്ലിയോ അമ്മയുടെ വിമലഹൃദയത്തിന് നാം സമര്‍പ്പിക്കുന്നത്. അങ്ങനെ വിമലഹൃദയപ്രതിഷ്ഠാ ജപം ചൊല്ലിയോ മറ്റേതെങ്കിലും പ്രാര്‍ത്ഥനകളിലൂടെയോ നാം നമ്മുടെ ഹൃദയം മാതാവിന്‍റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചാല്‍ അമ്മ അത് തന്റെ ഹൃദയത്തില്‍ വച്ച് കഴുകി ഈശോയുടെ ഹൃദയത്തിന് സമര്‍പ്പിക്കും. കഴുകി വെടിപ്പാക്കി, വിശുദ്ധീകരിച്ച്, പ്രാര്‍ത്ഥിച്ച്, സ്നേഹിച്ച് അമ്മ ഈശോയ്ക്ക് നല്കുന്ന നമ്മുടെ ഹൃദയത്തെ സാത്താന് പിന്നെയൊരിക്കലും തൊടാനാവില്ല. അതുകൊണ്ടാണ് അമ്മ വഴി നാം വിമലഹൃദയപ്രതിഷ്ഠ നടത്തുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!