കാഞ്ഞൂര്‍, അര്‍ത്തുങ്കല്‍, അതിരമ്പുഴ…ഇങ്ങനെ കേരളത്തിലെ വിവിധ ദേവാലയങ്ങളില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന്റെ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ജനുവരി 20 ആണ് വിശുദ്ധന്റെ തിരുനാള്‍ദിനം.
സൈനികസേവനം ഇഷ്ടമില്ലായിരുന്നുവെങ്കിലും ക്രിസ്തീയവിശ്വാസത്തെ പ്രതി പീഡിപ്പിക്കപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു വിശുദ്ധന്‍ സൈന്യത്തില്‍ ചേര്‍ന്നത്. ഇക്കാലയളവില്‍ നിരവധി പേരെ സഹായിക്കാനും മാനസാന്തരപ്പെടുത്താനും സെബസ്ത്യാനോസിന് സാധിച്ചു.
അതെന്തായാലും ഒടുവില്‍ ചക്രവര്‍ത്തി സെബാസ്റ്റ്്യന്റെ ക്രിസ്തീയവിശ്വാസം തിരിച്ചറിഞ്ഞു. ജുപ്പീറ്റര്‍ ദേവന് ധൂപം സമര്‍പ്പിച്ച് ജീവന്‍ രക്ഷിക്കാന്‍ ഡയോക്ലീഷന്‍ ചക്രവര്‍ത്തി ഒരു ആനുകൂല്യം നല്കിയെങ്കിലും ഈശോയോടുള്ള സ്‌നേഹത്തെപ്രതി സെബാസ്റ്റ്യന്‍ അതിന് തയ്യാറായില്ല.
തീയില്‍ദഹിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ചക്രവര്‍ത്തിയോട്, അത് തനിക്ക് റോസാപ്പൂമെത്തയില്‍കൂടി ന്ടക്കുന്നതിന് തുല്യമാണെന്നായിരുന്നു സെബാസ്റ്റ്യന്റെ മറുപടി. കോപാകുലനായ ചക്രവര്‍ത്തി സെബാസ്റ്റ്യനെ അമ്പെയ്തുകൊല്ലാന്‍ കല്പിച്ചു. ഘാതകര്‍ അദ്ദേഹത്തെ മരത്തില്‍ വരിഞ്ഞുകെട്ടി അമ്പെയ്തു.
പക്ഷേ അത്ഭുതകരമായി സെബാസ്റ്റ്യന്‍ രക്ഷപ്പെട്ടു. ഇക്കാര്യമറിഞ്ഞ ചക്രവര്‍ത്തി ഇരുമ്പുവടികൊണ്ട് സെബാസ്റ്റ്യനെ അടിച്ചുകൊല്ലാന്‍ ഉത്തരവിടുകയായിരുന്നു. അങ്ങനെ സെബാസ്റ്റ്യന്‍ രക്തസാക്ഷിയായി.
ഇരുമ്പുവടികൊണ്ട് അടിച്ചുകൊല്ലപ്പെടുകയായിരുന്നുവെങ്കിലും അമ്പെയ്തു മരത്തില്‍ കെട്ടിനിര്‍ത്തിയിരിക്കുന്ന വിശുദ്ധന്റെ രൂപമാണ് പ്രചാരത്തിലുളളത്.
വിശുദ്ധ സെബസ്ത്യാനോസേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ..