പ്രണയപരാജയം, ദാമ്പത്യകലഹം,സൗഹൃദങ്ങള്‍ക്കിടയിലെ അകല്‍ച്ച, എന്തിന് പ്രിയപ്പെട്ടവരുടെ മരണം..ഇങ്ങനെ ബന്ധങ്ങളുടെ പേരില്‍ പലകാരണങ്ങള്‍കൊണ്ടും പല സാഹചര്യങ്ങളിലൂടെയും ഹൃദയം പിളര്‍ന്ന വേദന അനുഭവിക്കാത്തവരായി ആരുമുണ്ടാവുമെന്ന് തോന്നുന്നില്ല. എല്ലാം നശിച്ചുവെന്നും ഇനിയൊന്നും പഴയതുപോലെയാവില്ലെന്നും ഹൃദയം തകര്‍ന്നിരിക്കുന്നവരോടായി ദൈവം പറയുന്നത്‌കേള്‍ക്കൂ. മനുഷ്യര്‍പറയുന്നതുപോലെയല്ലല്ലോ ദൈവത്തിന്റെ വാക്ക്. നമുക്ക് ഉറപ്പായും വിശ്വസിക്കാവുന്ന വാക്കും അവിടുത്തെ മാത്രമാണല്ലോ. അതുകൊണ്ട് ആശ്വാസദായകമായ ചില വചനങ്ങളിലൂടെ നമുക്ക് കടന്നുപോകാം.
ഹൃദയം നുറുങ്ങിയവര്‍ക്ക് കര്‍ത്താവ് സമീപസ്ഥനാണ്. മനമുരുകിയവരെ അവിടുന്ന് രക്ഷിക്കുന്നു.( സങ്കീ34:18)
കര്‍ത്താവേ അങ്ങെന്റെ അരികിലുണ്ടായിരിക്കണമേ. എന്റെ ഹൃദയത്തിന്റെ വേദന അങ്ങേയ്ക്ക് മാത്രമാണല്ലോ അറിയാവുന്നത്. അവിടുന്ന് എനിക്ക് ആശ്വാസംനല്കണമേ.
അവിടുന്ന് അവരുടെ മിഴികളില്‍ നിന്ന് കണ്ണീര്‍തുടച്ചുനീക്കും. ഇനി മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേല്‍ ദു:ഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല.പഴയതെല്ലാം കടന്നുപോയി( വെളി 21:4)
കര്‍ത്താവേ എന്റെ മിഴികളിലെ കണ്ണീര് അവിടുന്ന് തുടച്ചുനീക്കണമേ. പഴയ ദു:ഖങ്ങളില്‍ നിന്ന് എന്നെ മോചിപ്പിക്കണമേ. എന്റെ സങ്കടങ്ങള്‍ക്ക് ശമനം നല്കണമേ.
കര്‍ത്താവ് അരുളിച്ചെയുന്നു നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി( ജെറമിയ 29:11)
കര്‍ത്താവേ ഞാന്‍ കടന്നുപോകുന്ന ഈ വേദനകള്‍ക്കെല്ലാം പിന്നില്‍ അങ്ങേ കരമുണ്ടെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. അവിടുന്നറിയാതെ ഒന്നും എന്റെ ജീവിതത്തില്‍സംഭവിക്കുകയില്ലെന്ന ബോധ്യം വലിയ ആശ്വാസമായി എന്നില്‍ നിറയ്ക്കണമേ.
കഴിഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുകയോ പരിഗണിക്കുകയോ വേണ്ട( ഏശയ്യ 43: 18)
ദൈവമേ കഴിഞ്ഞകാലത്തെ മുറിപ്പെടുത്തുന്ന സംഭവങ്ങളില്‍ നിന്ന്, അനുഭവങ്ങളില്‍ നിന്ന് എനിക്ക് പൂര്‍ണ്ണമായ മോചനം നല്കണമേ.