അരചനിലോ നരന്‍ ഒരുവനിലോ ശരണംതേടാന്‍തുനിയരുതേ.. എന്ന് സീറോ മലബാര്‍ കുര്‍ബാനയ്ക്കിടയില്‍ നാം പാടി പ്രാര്‍ത്ഥിക്കാറുണ്ട്. ദൈവത്തില്‍ മാത്രമാണ് നാം ശരണംവയ്‌ക്കേണ്ടതെന്നും അവിടുന്ന് മാത്രമേ നമുക്ക് നിത്യമായ ശരണം ആയിരിക്കുകയുള്ളൂവെന്നുമാണ് ഇതില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത്. അതുകൊണ്ടുതന്നെ ദൈവത്തിന്റെ ചിറകിന്‍കീഴില്‍ ശരണംവച്ചുകൊണ്ട് നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം. സങ്കീര്‍ത്തനങ്ങളിലാണ് ഈ മനോഹരമായ പ്രാര്‍ത്ഥനയുള്ളത്.
എന്നോടു കൃപയുണ്ടാകണമേ. ദൈവമേ എന്നോട് കൃപ തോന്നണമേ. അങ്ങയിലാണ് ഞാന്‍ അഭയം തേടുന്നത്. വിനാശത്തിന്റെ കൊടുങ്കാറ്റ് കടന്നുപോകുവോളം ഞാന്‍ അങ്ങയുടെ ചിറകിന്‍കീഴില്‍ ശരണം പ്രാപിക്കുന്നു. അത്യുന്നതനായ ദൈവത്തെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു. എനിക്കുവേണ്ടി എല്ലാം ചെയ്തുതരുന്ന ദൈവത്തെതന്നെ.
അവിടുന്ന് സ്വര്‍ഗ്ഗത്തില്‍ നിന്ന് സഹായമയച്ച് എന്നെ രക്ഷിക്കും. എന്നെ ചവിട്ടിമെതിക്കുന്നവരെ അവിടുന്ന് ലജ്ജിപ്പിക്കും. ദൈവംതന്റെ കാരുണ്യവും വിശ്വസ്തതയും അയ്ക്കും. മനുഷ്യമക്കളെ ആര്‍ത്തിയോടെ വിഴുങ്ങുന്ന സിംഹങ്ങളുടെ നടുവിലാണ് ഞാന്‍. അവയുടെ പല്ലുകള്‍ കുന്തങ്ങളും അസ്ത്രങ്ങളുമാണ്.അവയുടെ നാവുകള്‍ മൂര്‍ച്ചയുള്ള വാളുകളും. ദൈവമേ അങ്ങ് ആകാശത്തിന് മേല്‍ ഉയര്‍ന്നുനില്ക്കണമേ. അങ്ങയുടെ മഹത്വം ഭൂമിയിലെങ്ങും നിറയട്ടെ.( സങ്കീര്‍ത്തനങ്ങള്‍ 57:1-5)