ദൈവം കരുണാമയനാണെന്ന് നമുക്കറിയാം. അവിടുന്ന് നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുമെന്നും. ദൈവത്തിന്റെ അപരിമേയമായ കരുണയുടെ ഓര്‍മ്മപ്പെടുത്തല്‍ എന്നോണമാണ് ആഗോള കത്തോലിക്കാസഭ കരുണയുടെവര്‍ഷം പോലും ആചരിച്ചത്. എ്ന്നാല്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ കരുണയുടെ ലക്ഷ്യം എന്താണ്? ദൈവം പാപം ക്ഷമിക്കും എന്ന് കരുതുന്നതുകൊണ്ടാണ് നമ്മള്‍ വീണ്ടും വീണ്ടും പാപം ചെയ്യുന്നത്. പക്ഷേ അങ്ങനെ വീണ്ടും വീണ്ടും പാപം ചെയ്യാനുള്ള ലൈസന്‍സാണോ ദൈവത്തിന്റെ കരുണ? ഒരിക്കലുമല്ല. ദൈവത്തിന്റെ കരുണയുടെ ലക്ഷ്യത്തെക്കുറിച്ച് വചനം രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്:
അതോ അവിടുത്തെ നിസ്സീമമായ കരുണയുംസഹിഷ്ണുതയുംക്ഷമയും നീ നിസ്സാരമാക്കുകയാണോ ചെയ്യുന്നത്? നിന്നെ അനുതാപത്തിലേക്ക് നയിക്കുകയാണ് ദൈവത്തിന്റെ കരുണയുടെ ലക്ഷ്യമെന്ന് നീ അറിയുന്നില്ലേ?( റോമാ 2:4)
അതെ നമുക്ക് അനുതാപമുണ്ടാകണം. അര്‍ഹതയില്ലാത്തത് ഒരാള്‍ നമുക്കായി ചെയ്തുതരുമ്പോള്‍ നമുക്ക് ആ വ്യക്തിയോട്കടപ്പാടും സ്‌നേഹവും നന്ദിയും തോന്നുന്നതുപോലെ അര്‍ഹതയില്ലാത്ത കരുണ നമുക്ക് ലഭിക്കുന്നതുവഴി നാം ദൈവത്തോട് കൂടുതല്‍ നന്ദിയുള്ളവരായിരിക്കുക. അനുതപിക്കുക. പാപം ചെയ്യാതിരിക്കുക. അതിനാണ് ദൈവകരുണ.
അനുതപിക്കാതിരിക്കുകയും ദൈവകരുണയെ നിസ്സാരമാക്കുകയും ചെയ്യുന്നവര്‍ക്ക് എന്താണ് സംഭവിക്കുന്നതെന്നും വചനം പറയുന്നുണ്ട്.
എന്നാല്‍ ദൈവത്തിന്റെ നീതിയുക്തമായ വിധി വെളിപെടുന്ന ക്രോധത്തിന്റെ ദിനത്തിലേക്ക് നീ നിന്റെ കഠിനവും അനുതാപരഹിതവുമായ ഹൃദയം നിമിത്തം നിനക്കുതന്നെ ക്രോധം സംഭരിച്ചുവയ്ക്കുകയാണ്.( റോമാ 2:5)
അതിനാല്‍ നമുക്ക് അനുതപിക്കാം, ദൈവകരുണയെ നിസ്സാരമാക്കാതിരിക്കാം.