പരിശുദ്ധ അമ്മ നമ്മുടെ സ്വന്തം അമ്മയാണ്. നമുക്കേറ്റവും പ്രിയങ്കരിയാണ്. അതുപോലെ പരിശുദ്ധാത്മാവിന്റെ പ്രിയ മണവാട്ടിയുമാണ്. അതോടൊപ്പം മാതാവ് എന്നും വിശ്വസ്തയും ഫലം നല്കുന്നവളുമാണ്. ഇതേക്കുറിച്ച് യഥാര്‍ത്ഥമരിയഭക്തിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്.
പരിശുദ്ധ മറിയം എന്നും പരിശുദ്ധാത്മാവിന്റെ മണവാട്ടിയാണ്, നിര്‍മ്മലയാണ്, വിശ്വസ്തയാണ്. മറിയം ഒരാത്മാവില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ അവള്‍ക്ക് മാത്രം സാധിക്കുന്ന കൃപാവരത്തിന്റെ വിസ്മയകരമായ അത്ഭുതങ്ങള്‍ അവിടെ സംഭവിച്ചുതുടങ്ങും. കാരണം മറിയം മാത്രമേ സര്‍വ്വസമൃദ്ധിയും നിറഞ്ഞവളായിട്ടുള്ളൂ. നൈര്‍മ്മല്യത്തിലും സമൃദ്ധിയിലും അവള്‍ക്ക് തുല്യരായി ആരും ഉണ്ടായിട്ടില്ല.ഇനി ഉണ്ടാവുകയും ഇല്ല.
പരിശുദ്ധാത്മാവിനോട് സഹകരിച്ചുകൊണ്ട് മറിയം ഇതുവരെ ഉണ്ടായിട്ടുള്ളതും ഇനി ഉണ്ടാകാനിടയില്ലാത്തതുമായ മഹത്തമമായഒന്നിനെ ഉല്പാദിപ്പിച്ചു. പരിശുദ്ധാത്മാവ് തന്റെ വധുവായ മറിയത്തെ ഒരാത്മാവില്‍ ദര്‍ശിക്കുമ്പോള്‍ അവിടുന്ന് അവിടെ പറന്നെത്തുകയായി. തന്റെ മണവാട്ടിക്ക് ഔന്നത്യമേറിയ സ്ഥാനംലഭിക്കത്തക്ക വിധത്തില്‍ അവിടുന്ന് ആ ആത്മാവിനോട് പൂര്‍ണ്ണമായി ഐക്യപ്പെടുകയും അതിന് സമൃദ്ധമായി തന്റെ ദാനവരങ്ങള്‍ നല്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവ് ആത്മാക്കളില്‍ വിസ്മയകരമായ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അതിന് ഒരു പ്രധാനകാരണം തന്റെ വിശ്വസ്തതയും അവിഭക്തയുമായ മണവാട്ടിയോടുള്ള ഗാഢമായ ഐക്യം അവരില്‍ ദര്‍ശിക്കാത്തതാണ്.
മറിയം ഒരു അവിഭക്ത മണവാട്ടിയാണ്. എന്തെന്നാല്‍ പിതാവിന്റെയും പുത്രന്റെയും സ്‌നേഹം തന്നെയായ പരിശുദ്ധാത്മാവ് തിരഞ്ഞെടുക്കപ്പെട്ടവരുടെ ശിരസായ ക്രിസ്തുവിന് രൂപം നല്കാനും ക്രിസ്തുവിനെ തിരഞ്ഞെടുക്കപ്പെട്ടവരില്‍ രൂപപ്പെടുത്താനും മറിയത്തെ വധുവായി സ്വീകരിച്ച ക്ഷണം മുതല്‍ അവളെ ഒരിക്കലും നിരാകരിച്ചിട്ടില്ല.കാരണം അവള്‍ എന്നെന്നും വിശ്വസ്തയും ഫലം നല്കുന്നവളുമാണ്.