നിങ്ങള്‍ക്ക് കഴിയുന്നത് ദാനം ചെയ്യുക. അത് വലുതോ ചെറുതോ ആകട്ടെ. കൊടുക്കുന്നതിലെ നിങ്ങളുടെ സന്നദ്ധതയാണ് പ്രധാനപ്പെട്ടത്. വിശുദ്ധ ജോസ് മരിയ എസ്‌ക്രീവയുടേതാണ് ഈ വാക്കുകള്‍.
ദാനം ചെയ്യുക. അത് ആത്മാവിനെ പാപക്കറകളില്‍ നിന്ന് വിശുദ്ധീകരിക്കും. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റേതാണ് ഈ വാക്കുകള്‍.
ഇങ്ങനെ നിരവധി വിശുദ്ധര്‍ ദാനധര്‍മ്മങ്ങളുടെ ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ച് പറഞ്ഞിട്ടുണ്ട്. ദാനധര്‍മ്മം വഴി നാം ആത്മാവിന്റെ സുരക്ഷ ഉറപ്പാക്കുകയാണ് ചെയ്യുന്നത്. എല്ലാ മതവിശ്വാസങ്ങളിലും ദാനധര്‍മ്മത്തെക്കുറിച്ച് പറയുന്നുണ്ട്.
നോമ്പുകാലങ്ങളില്‍ നാം കൂടുതലായി ദാനധര്‍മ്മം ചെയ്യേണ്ടതുണ്ട് . സാമ്പത്തികഭാരം അനുഭവിക്കുന്ന ഒരുപാട് സഹോദരങ്ങള്‍ നമുക്ക് ചുറ്റിനുമുണ്ട്. രോഗങ്ങള്‍ മൂലം വിഷമിക്കുന്ന പലര്‍ക്കും മരുന്നുവാങ്ങാന്‍ പോലും പണംഇല്ലാത്ത അവസ്ഥയുണ്ട്. മക്കളെ പഠിപ്പിക്കാന്‍ കഴിയാതെ വിഷമിക്കുന്നവരുണ്ട്. വീടുപണി പൂര്‍ത്തിയാക്കാന്‍ വിഷമിക്കുന്നവരുണ്ട്. വീടുപണിക്ക് വേണ്ടി കടമെടുത്ത പണം തിരികെ അടയ്ക്കാന്‍ കഴിയാത്തവരുണ്ട്. പെണ്‍മക്കളെ കെട്ടിച്ചയ്ക്കാന്‍ പണമില്ലാത്തവരുണ്ട്. ജോലിയില്ലാത്തവരുണ്ട്. ജോലിയില്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരുണ്ട്.. ഇങ്ങനെ പലതരം ആളുകള്‍ നമുക്ക് ചുറ്റിനുമുണ്ട്.
നമുക്ക് തന്നെ അറിയാവുന്നവരായിരിക്കും ഇവരില്‍ ചിലരെങ്കിലും. നമുക്ക് അവരെ സഹായിക്കാന്‍ തയ്യാറാകാം. ഈ നോമ്പുകാലത്ത് അനാവശ്യമായ ചെലവുകള്‍ ഒഴിവാക്കിയും ധൂര്‍ത്ത് വേണ്ടെന്ന് വച്ചും മത്സ്യമാംസാദികള്‍ വേണ്ടെന്നുവച്ചും കി്ട്ടുന്ന പണം ഇങ്ങനെ മറ്റുള്ളവര്‍ക്കായി ദാനം ചെയ്യാന്‍ ശ്രമിക്കാം. നമ്മള്‍ സുഖിച്ചും സുഭിക്ഷമായും ജീവിക്കുമ്പോള്‍ കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്നവരെ തീര്‍ച്ചയായും സഹായിക്കേണ്ട ബാധ്യതയുണ്ടെന്ന് മറക്കരുത്.