Wednesday, October 16, 2024
spot_img
More

    “മകന്‍ കൊല്ലപ്പെട്ടിട്ടും ദൈവത്തിലുള്ള ശരണം എനിക്ക് നഷ്ടമായില്ല” ഈ അമ്മയുടെ വിശ്വാസസാക്ഷ്യം നമ്മെ പ്രചോദിപ്പിക്കും


    നമ്മള്‍ നമ്മുടെ വിശ്വാസത്തിന്റെ വേരുകള്‍ ദൈവത്തിലാണ് ആഴപ്പെടുത്തേണ്ടത്. ജീവിതത്തിലെ അവസ്ഥാഭേദങ്ങള്‍ എന്തുമായിരുന്നുകൊള്ളട്ടെ ദൈവത്തില്‍ ശരണം വച്ചുവെങ്കില്‍ മാത്രമേ അവിടുത്തെ സ്‌നേഹിക്കാനും എല്ലാം ദൈവത്തിന്റെ പദ്ധതികള്‍ക്ക് വിട്ടുകൊടുക്കാനും നമുക്ക് കഴിയുകയുള്ളൂ. അലെപ്പോയില്‍ ജീവി്ക്കുന്ന യോലാ എന്ന സിറിയന്‍- അമേരിക്കന്‍ കത്തോലിക്ക സ്ത്രീയുടെ വാക്കുകളാണ് ഇത്.

    മൂന്നു മക്കളുടെ അമ്മയായ യോലായ്ക്ക് മറ്റു പലര്‍ക്കുമെന്നതുപോലെ സിറിയയിലെ ആഭ്യന്തരയുദ്ധം നഷ്ടപ്പെടുത്തിയത് ജോലി, സമ്പത്ത് എന്നിവ മാത്രമായിരുന്നില്ല 19 കാരനായ മകനെക്കൂടിയായിരുന്നു. യുദ്ധത്തിന്റെ അനേകം ഇരകളില്‍ ഒരാള്‍.

    മകന്‍ അപകടത്തിലാണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ മാതാവിനോട് ഒന്നേ പ്രാര്‍ത്ഥിച്ചുള്ളൂ, എന്നെ വെറുതെ പരീക്ഷിക്കരുതേ. നീ കുടിച്ച കയ്പുകലര്‍ന്ന കാസ എനിക്ക് നേരെ നീട്ടരുത്. എനിക്കത് കുടിക്കാനാവില്ല.

    പക്ഷേ ആ രാത്രിയില്‍ തന്നെ എനിക്ക് ഫോണ്‍ വന്നു. മകന്‍ ക്രിക്കോറിന് മാരകമായ പരിക്കേറ്റെന്നും ഹോസ്പിറ്റലിലാണെന്നും. ഞാന്‍ അപ്പോള്‍ വിശുദ്ധ ചാര്‍ബെലില്ലിന്റെ മുമ്പിലേക്ക് ഓടിച്ചെന്നു. എന്റെ മകനെ എനിക്ക് ജീവനറ്റ നിലയില്‍ കാണാന്‍ ഇടവരുത്തരുതേ.

    പക്ഷേ അവിടെയും മാനുഷികമായി നോക്കുമ്പോള്‍ ഈ അമ്മയുടെ പ്രാര്‍ത്ഥന വിഫലമായി. മകന്‍ മരിച്ചുവെന്ന വാര്‍ത്തയാണ് വൈകാതെ യോലായെ തേടിയെത്തിയത്.

    മകന്റെ സംസ്‌കാരം കഴിഞ്ഞ ആ ദിവസങ്ങളില്‍ യോലാ വീണ്ടും വിശുദ്ധന്റെ മുമ്പിലെത്തി. സത്യം പറയാമല്ലോ എനിക്ക് നിന്നെ ഇനി സ്‌നേഹിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല കാരണം നീയെന്റെ മകനെ രക്ഷിച്ചില്ലല്ലോ.

    ഏകദേശം പത്തുമിനിറ്റോളം പരാതികളും പരിഭവങ്ങളും പറഞ്ഞ് യോലാ അവിടെയിരുന്നു. കുറെക്കഴിഞ്ഞപ്പോള്‍ ആ രൂപം തന്നോട് ഇങ്ങനെ പറയുന്നതുപോലെ യോലായ്ക്ക് അനുഭവപ്പെട്ടു. എനിക്ക് ഒന്നേ നിന്നോട് വാക്കു പറയാനുള്ളൂ. നീ നിന്റെ മകന്റെ കൂടെയായിരിക്കും.

    ആ വാക്കുകള്‍ യോലായെ മരണത്തിന് അപ്പുറമുള്ള ജീവിതത്തിന്റെ മഹാരഹസ്യത്തിലേക്കാണ് കൊണ്ടുപോയത്. എല്ലാക്രൈസ്തവരെയും പോലെ പുനരുത്ഥാനത്തിന്റെ മഹത്വം..സന്തോഷം.

    ഇന്ന് യോലാ ജീവിക്കുന്നത് മരണത്തിന് ശേഷം താനും മകനും തമ്മില്‍ കണ്ടുമുട്ടുന്ന നിമിഷത്തിന് വേണ്ടിയാണ്. ആഴത്തില്‍ വേരു പാകിയ മരം പോലെയായിരിക്കണം നമ്മള്‍. ഒരു കാറ്റിനും മഴയ്ക്കും അപ്പോള്‍ അതിനെ കടപുഴക്കിവീഴ്ത്താനാവില്ല. അതുപോലെ ഏതു ദുരിതം വന്നാലും ദൈവത്തിലുള്ള വിശ്വാസം നമ്മള്‍ നഷ്ടപ്പെടുത്തരുത്. അതുണ്ടാവാതിരിക്കാന്‍ നമ്മള്‍ ദൈവവുമായി ആഴപ്പെട്ട ബന്ധം പുലര്‍ത്തണം. അപ്പോള്‍ നാം ഒന്നിനും നിരാശപ്പെടുകയില്ല. യോലാ പറയുന്നു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!