ഒരു കുഞ്ഞ് അപകടത്തില്‍ പെടുമ്പോള്‍ ആരെയായിരിക്കും ആദ്യം വിളിക്കുന്നത്? യാതൊരു സംശയവും വേണ്ട.തന്റെ അമ്മയെയായിരിക്കും. കാരണം അമ്മയില്‍ ആ കുഞ്ഞിന് അത്രമാത്രം ആശ്രയത്വവും വിശ്വാസവുമുണ്ട്. ഇതുപോലെ തന്നെയാണ് നമ്മുടെ കാര്യവും. നിത്യജീവിതത്തില്‍ നാംപലതരം അപകടങ്ങളെയും നേരിടേണ്ടിവന്നേക്കാം. പലതരം പ്രതിസന്ധികള്‍.. അപകടങ്ങള്‍. അപ്പോഴൊക്കെ നാം ആദ്യം വിളിക്കേണ്ടത് പരിശുദ്ധ അമ്മയെയായിരിക്കണം.
അപകടത്തില്‍പെടുന്ന കുഞ്ഞിനെ വാരിയെടുത്ത് അമ്മ, അപ്പന്റെ അടുക്കലേക്ക് ചെല്ലുന്നതുപോലെ നമ്മെയും എടുത്ത് മാതാവ് ഈശോയുടെ അടുക്കലേക്ക് പോകും.പക്ഷേ അതിന് മുമ്പ് നാം അമ്മയെ വിളിക്കണം. മാതാവ് തന്നെ പല ദര്‍ശനങ്ങളിലും സ്വകാര്യവെളിപാടുകളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
എന്നെ അമ്മയായി സ്വീകരിച്ചു കഴിഞ്ഞാല്‍ നീ മറ്റൊന്നിനെയും ഭയപ്പെടേണ്ടതില്ല എന്നാണ് അമ്മയുടെ വാഗ്ദാനം. അതുപോലെ ദൈവത്തെ പിതാവായും സഭയെ ഭവനമായും സ്വീകരിക്കണമെന്നും അമ്മ ഓര്‍മ്മിപ്പിക്കുന്നുണ്ട്. നമുക്ക് പരിശുദ്ധ അമ്മയെ സ്വന്തം അമ്മയായി സ്വീകരിക്കാം അപ്പോള്‍ നാം എല്ലാവിധ അപകടങ്ങളില്‍ നിന്നും ആപത്തുകളില്‍ നിന്നും സുരക്ഷിതരായിരിക്കും. നാം മാത്രമല്ല നമ്മുടെ പ്രിയപ്പെട്ടവരും നമ്മുടെ സ്വത്തുവകകളും എല്ലാം സുരക്ഷിതമായിരിക്കും.
പരിശുദ്ധ അമ്മേ എന്റെ അമ്മേ അമ്മയെ ഞാന്‍ എന്റെ സ്വന്തം അമ്മയായി സ്വീകരിക്കുന്നു. ഏറ്റുപറയുന്നു. എന്നെ കൈവെടിയല്ലേ..എന്നെ രക്ഷിക്കണമേ. ആമ്മേന്‍.