Friday, November 22, 2024
spot_img
More

    നോമ്പുകാലത്ത് നാം വിചാരണ ചെയ്യേണ്ട ചിലര്‍

    വിശുദ്ധവാരത്തിലൂടെ കടന്നുപോകുമ്പോള്‍, ക്രിസ്തുവിന്റെ പീഡാസഹനങ്ങളെ ധ്യാനിക്കുമ്പോള്‍ മനസ്സിലേക്ക് ഏറ്റവും വെറുപ്പോടെ കടന്നുവരുന്ന കഥാപാത്രം യൂദാസ് ആയിരിക്കും.. സംശയമില്ലാത്ത കാര്യമാണ് അത്, ക്രിസ്തുവിനെ ഒറ്റുകൊടുത്തതും ക്രൂശുമരണത്തിന് കൂട്ടുനിന്നതുമൊക്കെ അയാളായിരുന്നുവല്ലോ.?
    ഏറ്റവും സ്‌നേഹത്തോടെ ഓര്‍മ്മിക്കുന്നവരില്‍ യോഹന്നാനും വേറോനിക്കയും കുരിശു ചുമന്ന് ക്രിസ്തുവിനെ സഹായിച്ച ശിമയോനുമുണ്ടാവും. ഒരു പക്ഷേ എനിക്ക് തോന്നുന്നു ഈ രണ്ടുഗണത്തിലുമായിരിക്കില്ല നമ്മളില്‍ ഭൂരിപക്ഷവുമെന്ന്.

    കാരണം മറ്റൊരാളെ ഒറ്റുകൊടുക്കാനോ ചതിക്കാനോ നമ്മളില്‍ പലര്‍ക്കും കഴിയാറില്ല. ചതിയും വഞ്ചനയും മറ്റൊരാളെ കുഴിയിലാക്കിക്കൊണ്ടുള്ള നേട്ടങ്ങളും നമ്മളില്‍ പലരുടെയും ലക്ഷ്യവുമല്ല.

    അതുപോലെ തന്നെയാണ് യോഹന്നാന്റെയും ശിമയോന്റെയും വേറോനിക്കയുടെയും കാര്യവും.ഒരാളുടെ സഹനങ്ങളുടെയും അയാളുടെ ഒറ്റപ്പെടലുകളുടെയും നിമിഷങ്ങളില്‍ അയാളെ വിട്ടുപിരിയാതെ നില്ക്കാന്‍ മാത്രം നന്മമരങ്ങളൊന്നുമായിരിക്കില്ല നമ്മളില്‍ ഭൂരിപക്ഷവും. അല്ലെങ്കില്‍ പറയൂ, ഏതു ത്യാഗം സഹിച്ചും മറ്റൊരാളുടെ പീഡാസഹനങ്ങളുടെ യാത്രകളില്‍ അനുഗമിക്കാന്‍ നിങ്ങളില്‍ എത്ര പേര്‍ തയ്യാറാകും? യോഹന്നാനെ പോലെ… ലാഭങ്ങളല്ല നഷ്ടങ്ങള്‍ മാത്രമേ ആ യാത്രയിലുണ്ടാവൂ..

    കുരിശിന്റെ വഴിയെ നടന്നവനായിരുന്നു യോഹന്നാന്‍. ക്രിസ്തു ശരീരം കൊണ്ട് കുരിശു ചുമന്നുവെങ്കില്‍ മനസ്സില്‍ ആ ഭാരം പേറിയവനായിരുന്നു യോഹന്നാന്‍. ഒടുവില്‍ ക്രിസ്തുവിന്റെ കുരിശിന്‍ ചുവട്ടില്‍ നില്ക്കാനും യോഹന്നാന്‍ തയ്യാറായി. ഇത് ഒരു ജീവിതവീക്ഷണവും കാഴ്ചപ്പാടും ആഭിമുഖ്യവുമാണ്. എത്ര കഷ്ടപ്പെട്ടാണെങ്കിലും ഞാന്‍ സ്‌നേഹിക്കുന്ന ഒരാളുടെ കഠിനവ്യഥകളിലും കനത്ത ഇരുട്ടിലും ഞാന്‍ കൂടെയുണ്ടാകും എന്ന തീരുമാനമാണ് യോഹന്നാനെ അതിന് പ്രേരിപ്പിക്കുന്നത്.

    ജീവിതത്തിന്റെ നല്‍വഴികളില്‍ കൂടെയുണ്ടാകുന്നത് ഒരിക്കലും ഒരു വലിയകാര്യമല്ല. പക്ഷേ എല്ലാവരും കൂടി ഒറ്റപ്പെടുത്തിയ, എല്ലാവരും ചേര്‍ന്ന് ദ്രോഹിച്ച, എല്ലാവരും ചേര്‍ന്ന് ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ക്കൊപ്പം നില്ക്കാന്‍ ഉറപ്പുള്ള ഒരു നട്ടെല്ലും ഹൃദയം നിറയെ സ്‌നേഹവും വേണം. യോഹന്നാന്‍ ചെയ്തത് അതാണ്. ദൈവം സ്‌നേഹമാണ് എന്ന യോഹന്നാന്‍ എഴുതിയതു പോലും അയാളുടെ ഉളളില്‍ സ്‌നേഹത്തിന്റെ സമൃദ്ധി അത്രത്തോളമുണ്ടായിരുന്നതുകൊണ്ടാണ്.

    മറ്റൊരാള്‍ വീഴുമ്പോള്‍ ഓടിയെത്തി ആ മുഖമൊന്ന് തുടയ്ക്കാന്‍ നമ്മളാരും വേറോനിക്കമാരുമായിട്ടി്‌ല്ലെന്ന് തോന്നുന്നു. അടുത്ത ബന്ധമൊന്നും ഇല്ലാതിരുന്നിട്ടും ഭാരംതാങ്ങാനാവാതെ വീണുപോയ ഒരാളുടെ ഭാരം ഏറ്റെടുത്ത് അയാളെ കര്‍മ്മം പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന ശിമയോനാകാനും നാം ഒരുപാട് വളരേണ്ടതായിട്ടുണ്ട്.

    അങ്ങനെയെങ്കില്‍ എവിടെയാണ് നാം നമ്മളെ അടയാളപ്പെടുത്തേണ്ടത്? എനിക്ക് തോന്നുന്നു അത് തീര്‍ച്ചയായും പത്രോസിലും പിന്നെ പീലാത്തോസിലുമാണെന്ന്. നമ്മുടെ ജീവിതവുമായി കൂടുതല്‍ അടുത്തുനില്ക്കുന്നത് അവരാണ്.

    റിസ്‌ക്ക് ഏറ്റെടുക്കേണ്ട സാഹചര്യം വരുമ്പോള്‍ നാം വളരെ നിസ്സാരമായി അവിടെ നിന്ന് സ്‌ക്കിപ്പാകും. നഷ്ടം വരുമെന്ന് തീര്‍ച്ചയുള്ള സാഹചര്യങ്ങളില്‍ നിന്ന് നൈസായി സ്‌കൂട്ടാകും. പത്രോസിനെ പോലെ….

    ഒരാള്‍ സഹായം ചോദിക്കുമ്പോള്‍ കൈ മലര്‍ത്തിക്കാണിക്കുന്ന സ്വഭാവമുണ്ടോ നിനക്ക്.. എ്ങ്കില്‍ തീര്‍ച്ചയായും പത്രോസാണ് നമ്മെ ഭരിക്കുന്നത്. ഞാന്‍ എന്നെ മാത്രം സ്‌നേഹിക്കുന്നതുകൊണ്ടാണ് നിന്റെ ദയനീയതകളില്‍ നിന്ന് ഞാന്‍ മുഖംതിരിക്കുന്നത്.

    ക്രിസ്തുവിനെ അറിയില്ല എന്ന് എത്ര കൂളായിട്ടാണ് പത്രോസ് പറയുന്നത്. ഇന്നലെ വരെ ഒരുമിച്ചുനടന്നവരാണ്. കാര്യങ്ങളൊക്കെ പരസ്പരം മനസ്സിലാക്കിയവരാണ്. പക്ഷേ ക്രിസ്തു മൂലം തനിക്ക് നഷ്ടമുണ്ടാവുമെന്ന് ഭയക്കുമ്പോള്‍ അറിയില്ല എന്ന് പറയാന്‍ പത്രോസ് നിര്‍ബന്ധിതനോ സന്നദ്ധനോ ആകുന്നു,

    ഏറ്റവും അടുപ്പമുണ്ടായിരുന്ന ആള്‍ അറിയില്ലെന്ന് പറയുമ്പോള്‍ ക്രിസ്തു അനുഭവിക്കുന്ന വേദനയെക്കുറിച്ചൂകൂടി ആലോചിക്കൂ. റോമന്‍ പട്ടാളക്കാര്‍ പീഡിപ്പിച്ച ശരീരത്തില്‍ അനുഭവിച്ച വേദനയെക്കാള്‍ ഭീകരമായിരുന്നിരിക്കാം ക്രിസ്തുവിന്റെ ഹൃദയത്തിലുണ്ടായ വേദന. അറിയില്ല എന്ന് പത്രോസ് പറയുന്ന മറുപടി ക്രിസ്തുവിന്റെ വീക്ഷണത്തില്‍ ഇങ്ങനെയും വിലയിരുത്താം. ശരിക്കും പത്രോസിനെ താനറിഞ്ഞിട്ടേയില്ല. ഇതായിരുന്നു യഥാര്‍തഥപത്രോസ്. ഇതുവരെ താന്‍ കണ്ടതൊന്നുമായിരുന്നില്ല യഥാര്‍ത്ഥപത്രോസ്.

    ചില സാഹചര്യങ്ങളാണ് ഓരോരുത്തരെയും അറിയാനുള്ള ഉരകല്ല്. സഹായിക്കുമെന്ന് പ്രതീക്ഷിച്ച് സഹായം തേടിച്ചെല്ലുമ്പോഴായിരിക്കും……

    ആരുടെയെങ്കിലും കുറ്റപ്പെടുത്തല്‍ കേള്‍ക്കേണ്ടിവരുമ്പോള്‍, നാം കുറ്റക്കാരായി മാറുമെന്ന് ഭയപ്പെടുമ്പോള്‍ അവിടെ മറ്റുചിലരിലേക്ക് പഴി ചാരി നാം കൈകഴുകും. പീലാത്തോസിനെപോലെ.. ഔദ്യോഗിക ജോലിക്കിടയിലും കുടുംബജീവിതത്തിലും സൗഹൃദബന്ധങ്ങള്‍ക്കിടയിലുമൊക്കെ ഇതിനെത്രയോ സാധ്യതകളാണ്. എത്രയോ സാഹചര്യങ്ങളിലാണ് നാം ഇങ്ങനെ കൈകഴുകിയിരിക്കുന്നത്.
    ഓരോ കൈ കഴുകലിലും നാം ക്രൂശിച്ചത് ഒരു നിരപരാധിയെയാണ്. പക്ഷേ ആ നിമിഷം നാം അത് തിരിച്ചറിയുന്നില്ലെന്ന് മാത്രം.കാരണം നിലനില്്പ്പാണ് മുഖ്യം. എനിക്ക് നിലനില്ക്കണമായിരുന്നു. അതിന് എനിക്ക് നിന്നെ കൈവെടിയേണ്ടിവന്നു. കുറ്റപ്പെടുത്തേണ്ടിവന്നു.

    ഇതൊന്നും നാം ദുഷ്ടരായതുകൊണ്ടല്ല മറിച്ച് മനുഷ്യരായതുകൊണ്ടാണ്. മനുഷ്യന്‍ ദൈവവും ചെകുത്താനുമാകുന്നത് ചില ഭേദപ്പെട്ട വ്യത്യാസങ്ങള്‍ കൊണ്ടാണ്. അല്ലെങ്കില്‍ ഓരോ മനുഷ്യനിലും ഏറിയും കുറഞ്ഞും അതിലേതെങ്കിലും ഒരു ഭാവം പുറത്തേക്ക് വരും. സാഹചര്യമാണ് ചെകുത്താനാകണോ ദൈവമാകണോ എന്ന് തീരുമാനിക്കുന്നത്. ചെകുത്താനാകാന്‍ എളുപ്പമാണ്. പക്ഷേ ദൈവമാകുക ബുദ്ധിമുട്ടാണ്.

    ദൈവമാകുക എന്ന് പറയുമ്പോള്‍ അത് ആദിമാതാപിതാക്കളെ പോലെ ദൈവലംഘനമല്ല. മറിച്ച് ദൈവികാംശം സ്വീകരിക്കലും അതിനനുസരിച്ചുള്ള പ്രതികരിക്കലുമാണ്.കരുണയോടും സ്‌നേഹത്തോടും സൗഹൃദത്തോടും നിസ്വാര്‍ത്ഥതയോടും കൂടി പെരുമാറുക എന്നതാണ്.

    ഈ ലോകത്ത് എല്ലാ കാര്യങ്ങളും നടക്കുന്നത് നിയമത്തിന്റെയോ നീതിയുടെ വഴിക്കൊന്നുമല്ല. മകന്‍ ചെയ്ത ഒരു തെറ്റിന് അപ്പന്‍ എന്ന നിലയില്‍ അവനെ ശിക്ഷിക്കാന്‍ എനിക്ക് അവകാശമുണ്ട്. എന്റെ ഭാഗത്ത് ശരിയുമുണ്ട്. പക്ഷേ നീതിയും നിയമവും ശരിയും നോക്കുന്നതിനപ്പുറം കരുണയുടെ ഒരു അംശം കൂടി എന്നിലുണ്ടെങ്കില്‍ ഞാന്‍ അവനോട് ഉദാരനാകുകയും കുറ്റവിമുക്തനാക്കുകയും ചെയ്യുന്നു.

    അതെ, ഈ ലോകത്തില്‍ നമുക്ക് വേണ്ടത് ഇത്തിരി കൂടി കരുണയാണ്.
    എല്ലാ ബലഹീനതകളുമുള്ള മനുഷ്യനാണെന്ന് തുറന്നു സമ്മതിക്കുമ്പോഴും മറ്റൊരാളോടുള്ള കരുണയുടെ കാര്യത്തില്‍ നാം കുറെക്കൂടി കരുണ കാണിക്കാന്‍ ശ്രമിക്കുമ്പോള്‍, തയ്യാറാകുമ്പോള്‍ പത്രോസില്‍ നിന്ന് യോഹന്നാനിലേക്കും ശിമയോനിലേക്കും വേറോനിക്കയിലേക്കും വലിയ ദൂരമൊന്നുമുണ്ടാവില്ല. കരുണ കാണിക്കുന്നത് ഒരിക്കലും അയാള്‍ അതിന് അര്‍ഹനാണോയെന്ന് നോക്കിയല്ലല്ലോ അര്‍ഹതയില്ലാത്തത് കൊടുക്കുന്നതാണ് കരുണ. അവകാശപ്പെട്ടതു കൊടുക്കുന്നത് നീതിയും.

    ദൈവം നമ്മോട് കാണിച്ചതും നാം കാണിക്കാന്‍ മറക്കുന്നതും അതുതന്നെയാണ്. കരുണ. മനുഷ്യവംശത്തോടുള്ള അളവറ്റ കരുണയാല്‍ സ്വപുത്രനെ ബലികൊടുക്കാന്‍ തയ്യാറായ ദൈവത്തിന്റെ മഹാകരുണയെയും അതുവഴി നാം നേടിയെടുത്ത സ്വര്‍ഗ്ഗഭാഗ്യങ്ങളെയും ഒരിക്കല്‍കൂടി ഓര്‍മ്മിക്കുമ്പോള്‍ കരുണയുടെ പുഴയിലേക്ക് നമുക്ക് നനഞ്ഞിറങ്ങാം.

    പീഡാസഹനങ്ങളെ ഓര്‍മ്മിക്കുമ്പോള്‍ നമുക്കോരോരുത്തര്‍ക്കും സ്വയം ചോദിക്കാം. ഈ യാത്രയില്‍ എവിടെയാണ് ഞാന്‍. ഇതില്‍ ആരാണ് ഞാന്‍.. പത്രോസോ യൂദാസോ പീലാത്തോസോ അതോ യോഹന്നാനോ ശിമയോനോ വേറോനിക്കയോ?

    വിനായക് നിര്മ്മല്

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!