പരിശുദ്ധ കന്യാമറിയത്തിന്റെ വിരക്തഭര്‍ത്താവായ വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തി നമ്മളില്‍ പലരുടെയുംജീവിതത്തിന്റെ ഭാഗമാണ്. ബുധനാഴ്ചകളിലെ നൊവേനയും യൗസേപ്പിതാവിന്റെ മരണത്തിരുനാളിനൊരുക്കമായുളള വണക്കമാസവും എല്ലാം നമ്മുടെ ഭക്തിയുടെ പ്രകടനങ്ങളാണ്.
കുടുംബജീവിതക്കാരുടെയും ആഗോളസഭയുടെയും മധ്യസ്ഥനായ യൗസേപ്പിതാവ് സാത്താന്റെ ഭയകാരണം കൂടിയാണ്. യൗസേപ്പിതാവിനോടുള്ള ഭക്തിയില്‍ കൂടുതല്‍വളരാന്‍ വേണ്ടിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ സെന്റ് ജോസഫ് വര്‍ഷം പ്രഖ്യാപിച്ചതുതന്നെ. നിരവധി വിശുദ്ധര്‍ യൗസേപ്പിതാവിന്റെ ഭ്ക്തരായിരുന്നു. യൗസേപ്പിതാവിനോടുള്ള ഭക്തിയുടെ കാരണമായി ഈ വിശുദ്ധര്‍ പറയുന്നത് ഇപ്രകാരമാണ്.
നമ്മുടെ കുടുംബത്തിന്റെ മാധ്യസ്ഥനായി യൗസേപ്പിതാവിനെ സ്വീകരിക്കുന്നതിലൂടെ നമ്മളും കുുടുംബവും അവിടുത്തെ കരങ്ങളുടെ സംരക്ഷണത്തിന്‍ കീഴിലാകുന്നുവെന്നാണ് വിശുദ്ധ പീറ്റര്‍ ജൂലിയന്‍ പറയുന്നത്.
യൗസേപ്പിതാവിനോടുള്ള ശക്തമായ മാധ്യസ്ഥത്തിന്റെ കാരണമായി വിശുദ്ധ അഗസ്റ്റിയന്‍ പറയുന്നത്, യൗസേപ്പിതാവ് ചോദിച്ചാല്‍ ഈശോയ്ക്ക് അത് നിരസിക്കാന്‍ കഴിയില്ലെന്നാണ്.കാരണം ഈശോയുടെ വളര്‍ത്തുപിതാവായിരുന്നുവല്ലോ യൗസേപ്പിതാവ്.
ഈശോയും മാതാവും യൗസേപ്പിതാവിന്റെ ആവശ്യങ്ങളെ നിരസിക്കുകയില്ലെന്ന് വിശുദ്ധ ഫ്രാന്‍സിസ് ദെ സാലസും പ്രഖ്യാപിച്ചിട്ടുണ്ട്.
യൗസേപ്പിതാവിന്റെ മാധ്യസ്ഥം ചോദിക്കുമ്പോഴാണ് അവിടുത്തെ ശക്തി നമുക്ക് മനസ്സിലാവുന്നത് എന്നാണ് വിശുദ്ധ ജോസ് മരിയ എസ്‌ക്രീവ പറയുന്നത്.
യൗസേപ്പിതാവിന്റെ മാധ്യസ്ഥം സാത്താനോടുള്ള പോരാട്ടത്തില്‍ മരണം വരെ നമുക്ക് സഹായകമാകുമെന്ന് അല്‍ഫോന്‍സ് ലിഗോരി പറയുന്നു.
ഈ വിശുദ്ധരോട് ചേര്‍ന്ന് നമുക്കും യൗസേപ്പിതാവിനോട് പ്രാര്‍ത്ഥിക്കാം. ആ പിതാവിന്റെ മാധ്യസ്ഥം തേടാം. യൗസേപ്പിതാവിന്റെ മാധ്യസ്ഥശക്തി നമുക്ക് നമ്മുടെ ജീവിതത്തില്‍ തിരിച്ചറിയാം.
ജോലി പ്രതിസന്ധികളില്‍, വരുമാനമാര്‍ഗ്ഗങ്ങള്‍ അടയുമ്പോള്‍, ദാമ്പത്യപ്രശ്‌നങ്ങള്‍ അലട്ടുമ്പോള്‍, മക്കള്‍ വഴിതെറ്റുമ്പോള്‍, ജീവിതപങ്കാളി നിര്‍ദ്ദയംപെരുമാറുമ്പോള്‍.. അപ്പോഴെല്ലാം നമുക്ക് പ്രത്യേകമായി യൗസേപ്പിതാവിനോട് മാധ്യസ്ഥം തേടാം. മാധ്യസ്ഥം തേടുമ്പോഴാണല്ലോ ശക്തി പ്രകടമാകുന്നത്.
വിശുദ്ധ യൗസേപ്പിതാവേ എന്റെ ജീവിതമാര്‍ഗ്ഗങ്ങള്‍ തടസ്സപ്പെടുത്തരുതേ.. എന്റെ കുടുംബത്തില്‍ സമാധാനം പുലരണമേ. എന്റെ മക്കളെ നന്മയിലും വിശുദ്ധിയിലും വളര്‍ത്തണമേ. എന്റെ യൗസേപ്പിതാവേ എന്റെ മരണസമയത്തും കൂടെയുണ്ടായിരിക്കണമേ. ആമ്മേന്‍