പഴയനിയമത്തിലെ അബ്രാഹവും പുതിയ നിയമത്തിലെ മറിയവും തമ്മില്‍ എന്ത് ബന്ധം? ഇതല്ലേ ഈ ചോദ്യത്തിന് കൊടുക്കാവുന്ന മറുചോദ്യം. പക്ഷേ അബ്രാഹവും മറിയവും തമ്മില്‍ ബന്ധമുണ്ട്.
അത് മറ്റൊരുതരത്തിലുമല്ല. ഇരുവരും ദൈവികപദ്ധതിയോട് പൂര്‍ണ്ണമായും സഹകരിക്കുകയും ദൈവത്തില്‍ ശരണം വയ്ക്കുകയും ചെയ്തു. ദൈവത്തില്‍ വിശ്വസിച്ചു. ദൈവം വെളിപെടുത്തിയ പദ്ധതികളോട് രണ്ടുപേരും ഒരിക്കല്‍പോലും നോ പറഞ്ഞില്ല.
രണ്ടുപേരും ദൈവത്തില്‍ നിന്ന് വാഗ്ദാനം സ്വീകരിച്ചവരായിരുന്നു. അതിശയകരമായ വാഗ്ദാനമായിരുന്നു അത്.
മാതാവിനോട് ഗബ്രിയേല്‍ ദൈവദൂതന്‍ പറഞ്ഞ വാഗ്ദാനം ലൂക്കാ സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം. അവന്‍ വലിയവനായിരിക്കും. അത്യുന്നതന്റെ പുത്രന്‍ എന്ന് വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും. യാക്കോബിന്റെ ഭവനത്തിന്മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും., അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല( ലൂക്കാ 1:31-33).
മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത അത്ഭുതങ്ങള്‍ക്കാണ് അബ്രാഹവും മറിയവും സാക്ഷികളായത്. ദൈവികശക്തിയാല്‍ ഗര്‍ഭം ധരിച്ച ബൈബിളിലെ ആദ്യ സ്ത്രീയാണ് സാറ. സാധാരണഗതിയില്‍ ഗര്‍ഭവതിയാകാനുള്ള സാധ്യതകള്‍ ഇല്ലാതിരുന്ന കാലത്താണല്ലോ സാറ ഗര്‍ഭം ധരിച്ചത്. മാതാവിന്റെ കാര്യത്തിലും സംഭവിച്ചത് അതാണല്ലോ. കന്യക ഗര്‍ഭംധരിക്കുക. ഇതു രണ്ടും സാധ്യമായത് അബ്രാഹവും മറിയവും ദൈവനീതിയെയും പദ്ധതിയെയും ചോദ്യം ചെയ്തില്ല എന്നതുകൊണ്ടുമാത്രമാണ്.
അബ്രാഹത്തിന്റെ യഥാര്‍ത്ഥപുത്രിയെന്ന് മറിയത്തെ വിശേഷിപ്പിക്കുന്നതുപോലും മറിയത്തിന്റെ ഈ പൂര്‍ണ്ണസമര്‍പ്പണം കാരണമായിട്ടാണ്.