വിശുദ്ധവാരത്തില്‍ നാംകണ്ടുവരുന്ന ഒരു രീതിയുണ്ട്. ദേവാലയത്തിലെ ക്രൂശിതരൂപം മറയ്ക്കും. എന്തുകൊണ്ടാണ് ഇപ്രകാരം ചെയ്യുന്നത്? പലപല കാരണങ്ങള്‍ ഇതിനായി നിരത്തുന്നുണ്ട്. അവയില്‍ ചില കാരണങ്ങളിലൂടെ കടന്നുപോകാം.
ക്രുശിതരൂപങ്ങള്‍ രത്‌നങ്ങളും മറ്റുംകൊണ്ട് അലങ്കരിക്കുന്ന പതിവുണ്ടായിരുന്നു. നോമ്പുകാലത്ത് യേശുവിന്റെ സഹനങ്ങളെ ധ്യാനിക്കുന്നതിനാല്‍ അലങ്കരിക്കപ്പെട്ട ആ രൂപങ്ങള്‍ തുണികള്‍കൊണ്ട്് മറയ്ക്കുന്നു. യേശുവിന്റെ പീഡാനുഭവം അവിടുന്ന സ്വന്തം ദൈവികത മറച്ചുവച്ചതിന്റെ ഫലമാണെന്നും യേശുവിന്റെ ദൈവികത മറയ്ക്കപ്പെട്ടതിന്റെ അടയാളമായാണ് രൂപങ്ങള്‍ മറയ്ക്കുന്നതെന്നുമാണ്ദൈവശാസ്ത്രപരമായ കാരണങ്ങളില്‍ ഒന്ന് .
പീഡാനുഭവത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി ലോകത്തില്‍ നിന്നും മറയുന്നതിന്റെ ഓര്‍മ്മയ്ക്കായാണ് രൂപങ്ങള്‍ മൂടുന്നതെന്നാണ് മറ്റൊരു വ്യാഖ്യാനം.
നോമ്പുകാലം സാധാരണ കാലമല്ലെന്ന് ഓര്‍മ്മിപ്പിക്കുന്നതിനായും ഇമ്പമുള്ള കാഴ്ചകള്‍ ഉപേക്ഷിക്കുന്നതിന്റെ ഭാഗമായും രൂപങ്ങള്‍ മൂടുന്നുവെന്നും വിശദീകരണങ്ങളുണ്ട്.