ഒരു അരുവിയില്‍ നിന്ന് മധുരവും കയ്പും പുറപ്പെടുമോ.. ഒരു വൃക്ഷത്തില്‍ നിന്ന് മധുരവും കയ്പുമുളള ഫലങ്ങള്‍ ഉണ്ടാകുമോ. ഇതൊക്കെ അസാധ്യമായകാര്യങ്ങളാണെന്ന് നമുക്കറിയാം. കയ്പുള്ള വൃക്ഷം എന്നും കയ്പുളള ഫലങ്ങള്‍ മാത്രമേ നല്കൂ.
മധുരമുളള വൃക്ഷം മധുരവും.അല്ലെങ്കില്‍ ചോദിക്കട്ടെ പ്ലാവില്‍ നിന്ന് തേങ്ങ ലഭിക്കുമോ. തെങ്ങില്‍ നിന്ന് അടയ്ക്ക ലഭിക്കുമോ. ഇല്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മധുരവും കയ്പും ഒരേസമയം നല്കാന്‍ കഴിയുന്നവരാണ് നമ്മള്‍.
എങ്ങനെയാണ് നാം മധുരവും കയ്പും നല്കുന്നത്? നാവിനാണ് ഇത്തരത്തിലുള്ള ഫലം സൃഷ്ടിക്കാന്‍ കഴിയുന്നത്. ഒരേ സമയം നാവിന് മധുരവും കയ്പും നല്കാനുള്ള കഴിവുണ്ട്. ഒരേ സമയം നാം ഒരാളെ ശപിക്കുന്നു. അതേ സമയം മറ്റൊരാളോട് മധുരതരമായി സംസാരിക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
തിരുവചനം നമ്മുടെ ഈ സ്വഭാവപ്രത്യേകതകളെ കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്.
എല്ലാത്തരം വന്യമൃഗങ്ങളെയും പക്ഷികളെയും ഇഴജന്തുക്കളെയും സമുദ്രജീവികളെയും മനുഷ്യന്‍ ഇണക്കുന്നുണ്ട്. ഇണക്കിയിട്ടുമുണ്ട്. എന്നാല്‍ ഒരു മനുഷ്യനും നാവിനെനിയന്ത്രിക്കാന്‍ സാധിക്കുകയില്ല, അത് അനിയന്ത്രിതമായ തിന്മയുംമാരകമായ വിഷവുമാണ്. ഈ നാവുകൊണ്ട് കര്‍ത്താവിനെയും പിതാവിനെയും നാം സ്തുതിക്കുന്നു. ദൈവത്തിന്‌റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യരെ അതേ നാവുകൊണ്ട് ശപിക്കുകയും ചെയ്യുന്നു. ഒരേ വായില്‍ നിന്ന് അനുഗ്രഹവും ശാപവും പുറപ്പെടുന്നു. എന്റെ സഹോദരരേ ഇത് ഉചിതമല്ല. അരുവി ഒരേ ഉറവയില്‍ നിന്ന് മധുരവും കയ്പും പുറപ്പെടുവിക്കുമോ( യാക്കോബ് 3:7-11)
നമ്മുക്ക് നമ്മുടെ നാവിനെ നിയന്ത്രിക്കാം. ദൈവത്തെ സ്തുതിക്കുന്ന നാവുകൊണ്ട് തന്നെ മറ്റുള്ളവരെ ശപിക്കാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം. മറ്റുള്ളവരെ ശപിക്കുന്ന നാവുകൊണ്ട് തന്നെ സ്തുതിക്കുന്നത് ദൈവം ഇഷ്ടപ്പെടുമോ. ആര്‍ക്കറിയാം?