പഴയനിയമത്തില്‍ എല്ലാ അനുഗ്രഹങ്ങളും ആളുകള്‍ക്ക് ലഭിച്ചിരുന്നു. പഴയ നിയമത്തില്‍ മനുഷ്യര്‍ക്ക് കിട്ടാതെ പോയതും പുതിയ നിയമത്തില്‍ മനുഷ്യര്‍ക്ക് യേശുവിലൂടെ മാത്രം കിട്ടിയതുമായ അനുഗ്രഹമാണ് അവിടുത്തെ ശരീരവും രക്തവും.
നിങ്ങള്‍ ജോലിക്കോ വീടിനോ വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ കര്‍ത്താവിന് വിരോധമില്ല. ചോദിക്കുന്ന എല്ലാ അനുഗ്രഹങ്ങളും ദൈവം തരുന്നുണ്ട്. എന്നാല്‍ ഇതിലൊരു പ്രശ്‌നമുണ്ട്. ഈ അനുഗ്രഹമെല്ലാം നിങ്ങള്‍ക്ക് തരാന്‍വേണ്ടി കര്‍ത്താവ് തന്റെ ശരീരത്തില്‍ സഹിച്ചിട്ടില്ല.
എന്നാല്‍ യേശു പറയുന്നു നിങ്ങള്‍ക്ക് ഒരു അനുഗ്രഹം തരാന്‍ വേണ്ടി ഞാന്‍ ശരീരത്തില്‍ ഒരുപാട് സഹിച്ചിട്ടുണ്ട്. എന്നാല്‍ ആ അനുഗ്രഹം നിനക്ക് വേണ്ട. നിനക്ക് ജോലി മതി, മക്കളെ മതി വീട് മതി.. പക്ഷേ ഞാന്‍ ശരീരത്തില്‍ ഒരുപാട് സഹിച്ചു നിനക്ക് നല്കിയ ഗിഫ്റ്റ് നിനക്ക് വേണ്ട.
കാലിത്തൊഴുത്തില്‍ യേശു പിറന്നുവീണത്, ഈജിപ്തിലേക്ക് പലായനം ചെയ്തത് കുര്‍ബാനയാകാനാണ് 30 വയസുവരെ ആരാലും അറിയപ്പെടാതെ തച്ചുപ്പണി ചെയ്തു ജീവിച്ചത് കുര്‍ബാനയാകാനാണ്. മൂന്നുകൊല്ലത്തെ പരസ്യജീവിതവും കുര്‍ബാനയാകാന്‍ വേണ്ടിയായിരുന്നു. പ്രാണവേദനയോടെ ഗദ്‌സ്‌തെമനിയില്‍ പ്രാര്‍ത്ഥിച്ചതും കുര്‍ബാനയാകാന്‍ വേണ്ടിയാണ്. കോടതിമുറികളില്‍ നാണം കെട്ടവനായി തലകുനിച്ചുനിന്നത് കുര്‍ബാനയാകാന്‍ വേണ്ടിയാണ്.
കാല്‍വരിയില്‍ പിടഞ്ഞുമരിക്കുന്നതിന്‌റെ തലേന്ന് ശിഷ്യരെ അടുത്തുവിളിച്ചിരുത്തി അവന്‍ പറഞ്ഞത് ഇതാണ് എന്റെ ശരീരം നാളെ കീറിമുറിക്കപ്പെടും. എന്‌റെ രക്തം നാളെ കാല്‍വരിയിലൂടെ ഒഴുകും. എന്റെ ശരീരമാണ് ഈ അപ്പം.. എന്‌റെ രക്തമാണ്ഈ വീഞ്ഞ്.
നിങ്ങളിത് ഭക്ഷിക്കുകയും പാനം ചെയ്യുകയും വേണം. എന്നാല്‍ നാം പറയുന്നതെന്താണ് എനിക്ക് വീടു മതി, മക്കളുടെ എന്‍ട്രന്‍സ് മതി… ഇത് വലിയ പാപമല്ലേ? തന്റെ ശരീരരക്തങ്ങള്‍ അള്‍ത്താരകളില്‍ ബലിയര്‍പ്പിച്ച വച്ചുവിളമ്പുമ്പോള്‍ നമുക്ക് അതുവേണ്ട.. നമുക്ക് പുറത്തുനിന്നാല്‍ മതി.. പരിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ മൊബൈലുമായി പുറത്തേക്ക് പോകുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്.
മുഖ്യമന്ത്രിയെ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ വന്നാല്‍ നിങ്ങളത് അറ്റന്റ് ചെയ്യുമോ.. പോലീസുദ്യോഗസ്ഥന്റെ മുമ്പില്‍ പരാതികൊടുക്കാന്‍ നില്ക്കുമ്പോള്‍ വരുന്ന മൊബൈല്‍ കോള്‍ നിങ്ങള്‍ അറ്റന്റ് ചെയ്യുമോ.. നി്ങ്ങളുടെ ദൈവം വെറും ഏഴാംകൂലിയാണോ.. അങ്ങനെ കരുതുന്നതുകൊണ്ടല്ലേ നിങ്ങള്‍ കുര്‍ബാനയ്ക്കിടയില്‍ ഫോണുമായിപുറത്തേക്ക് ഓടുന്നത്.
നിങ്ങള്‍ കുര്‍ബാനയ്ക്ക് വൈകിവരുന്നത്.. കര്‍ത്താവ് വിലകൊടുത്ത് വേദനിച്ചു നല്കിയ സമ്മാനമാണ് വിശുദ്ധ കുര്‍ബാന. അത് താഴ്ത്തിക്കെട്ടരുത്.വേണ്ടെന്ന് പറയരുത്.