ദൈവം നിന്നെ ശിക്ഷിക്കുന്നതായി കാണുന്നുവെങ്കില്‍ ദൈവത്തിന്റെ ശത്രുക്കളുടെ അടുക്കലേക്ക് ഓടിപ്പോകാതെ അവിടുത്തെ സ്‌നേഹിതന്മാരായ രക്തസാക്ഷികളുടെയും വിശുദ്ധരുടെയും സഹായം അപേക്ഷിക്കുക: വിശുദ്ധ ജോണ്‍ ക്രിസോസ്തമിന്റെ വാക്കുകളാണ് ഇത്.
എന്താണ് ഇതിന്റെ അര്‍ത്ഥം? വിശുദ്ധരോട് നാം മാധ്യസ്ഥം യാചിക്കണം എന്നുതന്നെയാണ്. കാരണം വിശുദ്ധര്‍ ദൈവത്തോട് വിശ്വസ്തത പുലര്‍ത്തിയവരാണ്. അവിടുത്തേക്ക് പ്രിയപ്പെട്ടവരാണ്.
അതുകൊണ്ടുതന്നെ വിശുദ്ധരുടെ മാധ്യസ്ഥം നാം യാചിക്കേണ്ടിയിരിക്കുന്നു. വിശുദ്ധരുടെ മാധ്യസ്ഥം ഈശോയുടെ മാധ്യസ്ഥത്തോട് ഐക്യപ്പെട്ടിരിക്കുന്നുവെന്നാണ് ആത്മീയപിതാക്കന്മാര്‍ പറയുന്നത്. അവരോടും നമ്മോടൊപ്പം നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അപേക്ഷിക്കുന്നത് വളരെ സ്വീകാര്യമായ കാര്യമാണത്രെ. മാത്രവുമല്ല വിശ്വാസപ്രമാണത്തില്‍ നാം പ്രാര്‍ത്ഥിക്കുന്നത് പുണ്യവാന്മാരുടെ ഐക്യത്തില്‍ എന്നാണല്ലോ.
പുണ്യവാന്മാരുടെ ഐക്യത്തിലായിരിക്കുക. അത് നമ്മുടെ ആ്തമീയോന്നതിക്ക് വളരെ ഗുണം ചെയ്യും. ഏതെങ്കിലും വിശുദ്ധരോട് പ്രത്യേകമായ വണക്കവും ഭക്തിയും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്,.
അതിസാധാരണമായ ഒരു ഉദാഹരണം പറയാം. സര്‍ക്കാര്‍ ഓഫീസുകളില്‍ ചുവപ്പുനാടയില്‍ കുരുങ്ങികിടക്കുന്ന ചില ഫയലുകള്‍ മുന്നോട്ട് ചലിക്കാന്‍ ഏതെങ്കിലും പരിചയക്കാര്‍ അവിടെയുണ്ടായിരിക്കുന്നത് സഹായകരമാണല്ലോ.
അതുപോലെ സ്വര്ഗ്ഗത്തിലും ചില ഉന്നതരും സ്വാധീനശക്തിയുമുള്ളവര്‍ ഉണ്ടായിരിക്കുന്നത് നല്ലതാണ്. ദൈവപിതാവിനോട് കാര്യങ്ങള്‍ സാധിച്ചുകിട്ടാന്‍.
അതുകൊണ്ട് ഇതുവരെ വിശുദ്ധരുടെ ഐക്യത്തിലായിട്ടില്ലായിരുന്നുവെങ്കില്‍, ഏതെങ്കിലും വിശുദ്ധരോട് വണക്കമോ ഭക്തിയോ ഇല്ലായിരുന്നുവെങ്കില്‍ ഇന്നുമുതലെങ്കിലും അത്തരമൊരു ഐക്യത്തിലേക്ക് കടന്നുവരിക. അവരോട് മാധ്യസ്ഥം യാചിക്കുക അവര്‍ തീര്‍ച്ചയായും നമ്മെ സഹായിക്കും.