Friday, December 27, 2024
spot_img
More

    ജൂണ്‍ 23 ന് മൂന്നു മണി മുതല്‍ നാലു മണി വരെ ഭാരതസഭയിലെങ്ങും ദേവാലയ മണികള്‍ മുഴക്കി പ്രാര്‍ത്ഥിക്കണം

    തൃശൂര്‍: മണിപ്പൂരില്‍ നടന്നുകൊണ്ടിരിക്കുന്നത് വംശീയഹത്യയാണെന്നും ഇനിയും നാം ഇക്കാര്യത്തില്‍ നിസ്സംഗരായിരിക്കരുതെന്നും നമ്മുടെ ഒരുമയുടെയും മണിപ്പൂര്‍ ജനതയോടുള്ള ഐകദാര്‍ഢ്യത്തിന്റെയും ഭാഗമായി ജൂണ്‍ 23 വെള്ളിയാഴ്ച മൂന്നു മണി മുതല്‍ നാലു മണിവരെ ഭാരതസഭയിലെങ്ങും ദേവാലയമണികള്‍ മുഴക്കുകയും ദിവ്യകാരുണ്യാരാധന നടത്തുകയുംവേണമെന്ന നിര്‍ദ്ദേശവുമായി ഫിയാത്ത് മിഷനിലെ സീറ്റ്‌ലി ജോര്‍ജ്. സീറ്റ്‌ലിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ:

    ആസുത്രിത വംശഹത്യയെന്ന് തന്നെ വിളിക്കേണ്ട മണിപ്പൂർ കലാപത്തെക്കുറിച്ചുള്ള കൂടുതൽ കൂടുതൽ വാർത്തകൾ പുറത്ത് വന്ന് കൊണ്ടിരിക്കുന്നു. കലാപം തുടങ്ങിയ നാൾ മുതൽ ഒരു ദിവസംപോലും ഒഴിവില്ലാതെ അനേകർ കൊല്ലപ്പെടുകയും ദൈവാലയങ്ങൾ തകർക്കപ്പെടുകയും  ഗ്രാമങ്ങൾ അപ്പാടെ അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തുകൊണ്ടേയിരിക്കുന്ന ക്രിസ്തീയവംശഹത്യ  ലോകത്തെവിടെയെങ്കിലും ഈ ദശാബ്ദത്തിലോ അതിനുമുമ്പോ നടന്നിട്ടുണ്ടോ എന്ന് സംശയമാണ്.

    നൈജീരിയയിലെ ക്രൈസ്തവപീഡനങ്ങളെ വെല്ലുന്ന സംഭവങ്ങളാണ് മണിപ്പൂരിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒറീസയിലെ കാണ്ഡമാൽ കലാപത്തേക്കാൾ നൂറിരട്ടി ഭീകരമാണിത്. ഒരു കലാപസമയത്ത് എങ്ങനെയാണ് ഒരു സമൂഹം മാത്രം തെരഞ്ഞുപിടിച്ച് ആക്രമിക്കപ്പെടുന്നത്? 36 മണിക്കൂറിനുള്ളിൽ ഒരു മതവിഭാഗത്തിൻ്റെ 250 ദൈവാലയങ്ങളും ഏതാനും സ്ഥാപനങ്ങളും തകർക്കപ്പെടുകയും മറുവിഭാഗത്തിന് കാര്യമായ ഒരു നഷ്ടവും വരാതിരിക്കുകയും ചെയ്യുന്നത്?

    ഇതൊക്കെകൊണ്ടുതന്നെ ഇത്, ക്രൈസ്തവഉന്മൂലനമെന്ന ചിലരുടെ അജണ്ടയിലേയ്ക്ക് വിരൽ ചൂണ്ടുന്നു. എന്നാൽ ഇതിനേക്കാളേറെ ഭയപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്ന കാര്യം ക്രൈസ്തവരുടെ നിസ്സംഗതയാണ്. സ്വജീവൻ നൽകി ശത്രുവിനെപ്പോലും രക്ഷിക്കാൻ തയ്യാറായവൻ്റെ പിൻഗാമികൾ, ഒരേ അപ്പത്തിൽ നിന്നും വീഞ്ഞിൽ നിന്നും ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്ന സ്വസഹോദരങ്ങളുടെ വേദനകൾക്കു നേരെ പുറം തിരിഞ്ഞിരിക്കുന്ന അവസ്ഥ, അതെത്ര ദയനീയമാണ്. സത്യമാണോ എന്നറിയില്ലെങ്കിലും അതിന് ചിലരെയെങ്കിലും പ്രേരിപ്പിക്കുന്ന ചിന്തകൾ റീത്ത്, സഭാ, വ്യത്യാസങ്ങളും മറ്റ് ചില ഭയപ്പാടുകളുമാണത്രേ.

    ഇത് നമ്മളെ ബാധിക്കുന്നതല്ല, നമ്മുടെ റീത്തിന്, സഭയ്ക്ക് കാര്യമായ പരിക്കുകൾ പറ്റിയിട്ടില്ല തുടങ്ങിയ ചിന്തകൾ. എത്ര ദയനീയമാണ് നമ്മുടെ സ്ഥിതി എന്നോർത്ത് നോക്കുക. നാമെന്നാണ് ഈ സങ്കുചിത ചിന്തകൾ വിട്ടുണരുക. മണിപ്പൂരിലെ സംഭവവികാസങ്ങളെക്കുറിച്ച് കാര്യമായ ഒരറിവും ഇല്ലാത്തവരായിരിക്കും ഇപ്പോഴും നമ്മുടെ കേരളാസഭാതനയരിലധികവും. കാരണം ആഗോള സഭയിലെയോ ഭാരതസഭയിലേയോ വേദനിക്കുന്ന സമൂഹങ്ങളുടെ കാര്യം നമ്മുടെ ഒരു ദൈവാലയങ്ങളിലും സാധാരണയായി പ്രാർത്ഥനാവിഷയമാകാറില്ലല്ലോ. അറുക്കപ്പെടുക്കപ്പെടുകയും വെടികൊണ്ട് ചിതറപ്പെടുകയും ചെയ്യുന്ന ക്രൈസ്തവസഹോദരങ്ങളും, തകർക്കപ്പെടുന്ന സഭാസമൂഹങ്ങളും ഇപ്പോഴും നമ്മുടെ ദിവ്യബലിമധ്യേയുള്ള മധ്യസ്ഥപ്രാർത്ഥനാവേളകളിൽ അപൂർവ്വമായല്ലേ കടന്നുവരുന്നത് . 

    ആരും ഈ പ്രശ്നങ്ങളിൽ ഇടപെടുന്നില്ലെന്നുള്ള ആവലാതികൾ പലയിടങ്ങളിൽ നിന്നും ഇപ്പോൾ ഉയരുന്നുണ്ട്. നമ്മുടെ കുടുംബപ്രശ്നത്തിൽ ആദ്യം ഇടപെടേണ്ടത് നമ്മളല്ലേ? ക്രിസ്തുവിൽ നാം ഒറ്റശരീരമാണെന്ന ബോധ്യമുണ്ടെങ്കിൽ നാം ഇങ്ങനെ കാഴ്ചക്കാരായി നിൽക്കുമോ?നാം മാറണം പ്രിയമുള്ളവരേ. ക്രിസ്തീയമൂല്യങ്ങൾക്കനുസരിച്ച് നാം ഇടപെടണം. വ്യക്തിപരമായും, കുടുംബപ്രാർത്ഥനയിലും, കൂട്ടായ്മകളിലും ദിവ്യബലിമധ്യേയും ദൈവിക ഇടപെടലിനായി നാം പ്രാർത്ഥിച്ചുകൊണ്ടേയിരിക്കണം. കാര്യങ്ങളുടെ നിജസ്ഥിതികൾ അറിയണം, മറ്റുള്ളവരെ അറിയിക്കണം. ഭരണകേന്ദ്രങ്ങളിൽ സമ്മർദ്ദം ചെലുത്താൻ നമുക്ക് സാധിക്കണം. ഇടയന്മാർ അതിന് നേതൃത്വം നൽകണം.

    ഈ വരുന്ന വെള്ളിയാഴ്ച (ജൂൺ 23) 3 മണിമുതൽ 4 മണിവരെ ഭാരതസഭയിലെങ്ങും ദൈവാലയമണികൾ മുഴക്കാനും ദിവ്യകാരുണ്യആരാധന നടത്താനും ഭാരതസഭ ഒന്നിച്ച് തീരുമാനിക്കുന്നത്  ഏറെ ഉചിതമായിരിക്കും. ആരാധനനടത്താൻ സാധിക്കാത്ത ഇടങ്ങളിൽ സ്വതന്ത്രമായി പ്രാർത്ഥിക്കുകയുമാവാം. (ദൈവാലയങ്ങളിൽ ഒരേസമയം മണിമുഴക്കി പ്രാർത്ഥനകൾ നടത്തുന്നത്  നമ്മുടെ ഒരുമയുടെയും, ഈ വേദന മറ്റുള്ളവരെ അറിയിക്കുന്നതിൻ്റെയും അടയാളമായിരിക്കും) വൈദികശ്രേഷ്ഠരും, ധ്യാനഗുരുക്കന്മാരും ഇക്കാര്യം കൊച്ചുകൊച്ചു മെസേജുകളായി വിശ്വാസസമൂഹത്തെ മുൻകൂട്ടി അറിയിക്കുന്നത് നന്നായിരിക്കും. തങ്ങളുടെ ഇടവകവികാരിയുമായോ ആത്മീയപിതാക്കന്മാരുമായോ ആലോചിച്ച് ഇത് നടപ്പിൽ വരുത്താൻ അത്മായസഹോദരങ്ങൾക്ക് പരിശ്രമിക്കാവുന്നതാണ്.
    ഫിയാത്ത് മിഷൻ ദിവ്യകാരുണ്യനാഥൻ്റെ മുമ്പിൽ ഈ നിയോഗത്തിനായി പ്രാർത്ഥിച്ചുകൊണ്ടേയിരിക്കുന്നു.

    പ്രാർത്ഥനയിൽ നമുക്കൊന്നാകാം.ഒരുമനസ്സോടെ, ഹൃദയഭാരത്തോടെ നാം നിലവിളിക്കുമ്പോൾ, ഏതൊരു സാഹചര്യത്തെയും മാറ്റിമറിക്കാൻ പോന്ന കർത്താവ് പ്രവർത്തിക്കും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!