വാഴ്ത്തപ്പെട്ട പോപ്പ് ഗ്രിഗറി പത്താമന്റെ മരണത്തിന് 600 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്‌റെ കല്ലറ തുറന്നു നോക്കിയപ്പോള്‍ കണ്ടത് അവിശ്വസനീയമായ കാഴ്ചയായിരുന്നു. സംസ്‌കാരസമയത്ത് അദ്ദേഹത്തെ ധരിപ്പിച്ചിരുന്ന ബ്രൗണ്‍ കളറുള്ള ഉത്തരീയം നശിക്കാതെയിരിക്കുന്നു. ഉത്തരീയത്തിന്റെ അത്ഭുതശക്തിയെക്കുറിച്ച് മനസ്സിലാക്കാന്‍ ഈ സംഭവം അനേകരെ പ്രേരിപ്പിച്ചു.
ഫാത്തിമായില്‍ മാതാവ് പ്രത്യക്ഷപ്പെട്ട അവസരത്തില്‍ അവസാന ദര്‍ശന വേളയില്‍ മാതാവിന്റെകയ്യില്‍ ഉത്തരീയമുണ്ടായിരുന്നു.. അമ്മയോടുള്ള വണക്കത്തിനും ആദരവിനും വേണ്ടി ഈ ഉത്തരീയം ധരിക്കാന്‍ മാതാവ് കുട്ടികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മാതാവിന്റെ സംരകഷണം ലഭിക്കാനും മാതാവിനോടുള്ള ഭക്തി പ്രകടിപ്പിക്കാനുമുള്ള മാര്‍ഗ്ഗമാണ് ബ്രൗണ്‍ കളറുള്ള ഉത്തരീയം ധരിക്കുന്നത്.
വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി ബ്രൗണ്‍ ഉത്തരീയത്തെ കണ്ടത് ഒരു യൂണിഫോമായിട്ടായിരുന്നു. മരിയകുടുംബത്തിലുള്ള അംഗങ്ങളുടെ പ്രതീകമായിട്ടായിരുന്നു വിശുദ്ധന്‍ ഇതിനെ കണ്ടത്.
വിശുദ്ധ സൈമണ്‍ സ്റ്റോക്കിന് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട് നല്കിയതാണ് ഈ ഉത്തരീയം. 1251 ജൂലൈ 16 നായിരുന്നു ഈ സംഭവം. കര്‍മ്മലമാതാവിന്‌റെ തിരുനാള്‍ ദിനമായി ജൂലൈ 16 തിരഞ്ഞെടുക്കാന്‍ കാരണമായതും ഇതുതന്നെ.