മാനവചരിത്രത്തില്‍ പ്രമുഖസ്ഥാനമാണ് പരിശുദ്ധ മറിയത്തിനുളളത്. ലോകചരിത്രത്തില്‍ തന്നെ സുപ്രധാനമായ സംഭവവികാസങ്ങള്‍ സംഭവിച്ചത് മറിയത്തിലൂടെയാണ്.
ഈശോയ്ക്ക് ജന്മം നല്കിയതു മുതല്‍ ആരംഭിക്കുന്നു മറിയത്തിന് സഭയിലും സമൂഹത്തിലുമുള്ള പ്രാധാന്യം. ഈശോയെ വളര്‍ത്തിപരിപാലിച്ച മറിയത്തിന് അവിടുത്തെ കുരിശിന്‍ചുവട്ടില്‍ നില്ക്കാന്‍ വരെയുള്ള നിയോഗമുണ്ടായി. ഈശോയുടെ മരണത്തിനും ഉത്ഥാനത്തിനും ശേഷം വളരെ കുറച്ചു കാര്യങ്ങള്‍ മാത്രമേ മറിയത്തെക്കുറിച്ച് പുതിയ നിയമം രേഖപ്പെടുത്തിയിട്ടുള്ളൂ.
ലോകത്തെ സുവിശേഷവല്‍ക്കരിക്കാനുള്ള നിയോഗം ഈശോ അപ്പസ്‌തോന്മാരെയാണ് ഏല്പിച്ചത്. എങ്കിലും അപ്പസ്‌തോലന്മാരുടെ ജീവിതത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുവാനും അവരെ ശക്തരാക്കാനും മറിയത്തിന് സാധിച്ചു. ആദിമസഭയില്‍ അപ്പസ്‌തോലന്മാര്‍ക്കൊപ്പം പ്രാര്‍ത്ഥനാനിരതയായിരുന്ന മറിയത്തെ നമുക്ക് ബൈബിളില്‍ കണ്ടുമുട്ടാന്‍ കഴിയുന്നുണ്ട്.
പെന്തക്കുസ്താനുഭവം സംഭവിച്ചതും മറിയത്തിന്റെ സാന്നിധ്യത്തിലായിരുന്നുവല്ലോ. ഈശോയുടെ കുരിശിന്‍ചുവട്ടില്‍ വച്ച് പരിശുദ്ധ അമ്മയെ സ്വന്തം അമ്മയായി ഭവനത്തില്‍ സ്വീകരിച്ച യോഹന്നാന്റെ ഒപ്പമായിരുന്നു പരിശുദ്ധ അമ്മ അവസാനകാലംവരെജീവിച്ചിരുന്നത് എന്നാണ് വിശ്വാസം.
മാതാവിന്റെ സ്വര്‍ഗ്ഗാരോപണം സംഭവിച്ചത് യോഹന്നാന്‍ ജീവിച്ചിരുന്ന ഏഫേസൂസില്‍ വച്ചായിരുന്നുവെന്നാണ് പാരമ്പര്യം. അപ്പസ്‌തോലന്മാര്‍ക്കിടയില്‍ പരിശുദ്ധ മറിയത്തിനുള്ള സ്ഥാനം നമുക്കൊരിക്കലും നിഷേധിക്കാനാവില്ല.