മാതാവിന്റെ ജനനത്തിരുനാളിനോട് അനുബന്ധിച്ചാണ് എട്ടുനോമ്പാചരണം ആരംഭിച്ചതെങ്കിലും ഇങ്ങനെയൊരു ആചരണത്തിന് പിന്നില്‍ ഒരു കഥയുണ്ട്. ഏഴാം നൂറ്റാണ്ടില്‍ ഇറാക്കിലുള്ള ക്രൈസ്തവരും ടിപ്പുവിന്റെ പടയോട്ടകാലത്ത് തിരുവിതാംകൂറിലെ ക്രൈസ്തവരും തങ്ങളുടെ ജീവനും മാനവും കാത്ത പരിശുദ്ധഅമ്മയോടുള്ള നന്ദിപ്രകടനമായിട്ടാണ് എട്ടുനോമ്പാചരിച്ചത്.
ഇറാക്കില്‍ നിന്ന് വന്ന അറബ് ക്രൈസ്തവര്‍ക്കിടയില്‍ എട്ടുനോമ്പാചരണം ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു. പരിശുദ്ധ അമ്മയുടെ സംരക്ഷണശക്തി മനസ്സിലാക്കിയവരായിരുന്നു അവര്‍. പതിനെട്ടാം നൂറ്റാണ്ടിലായിരുന്നു ടിപ്പുവിന്റെ പടയോട്ടം നടന്നത്. അന്ന് മലബാറിലും മറ്റും ടിപ്പുവിന്റെ ക്രൂരതകള്‍ക്ക് ക്രൈസ്തവര്‍ ഇരകളായിരുന്നു. തങ്ങളുടെ ജീവനും മാനവും രക്ഷിക്കാന്‍ മാതാവിന്റെ സംരക്ഷണം തേടി പ്രാര്‍ത്ഥിക്കാന്‍ അവര്‍ക്ക് പ്രേരണയായത് അറബ് ക്രൈസ്തവര്‍ മാതാവിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിച്ചതിലൂടെ അത്ഭുതകരമായി രക്ഷപ്പെട്ട അനുഭവമായിരുന്നു. ഈ മാധ്യസ്ഥപ്രാര്‍ത്ഥനയ്ക്ക് അര്‍ഹമായ മറുപടിയും ലഭിച്ചു. മാതാവിന്റെ അത്ഭുതകരമായ സംരക്ഷണത്തിന്റെ ശക്തി അവര്‍ തിരിച്ചറിഞ്ഞു. അന്നുമുതല്‍ എട്ടുനോമ്പാചരണം ആരംഭിച്ചു.
സ്ത്രീകളുടെ പ്രത്യേകിച്ച് കന്യകകളുടെ ഉപവാസമായിട്ടാണ് എട്ടുനോമ്പ് ആചരിച്ചുപോരുന്നത്. എട്ടുനോമ്പിന്റെ ആരംഭസ്ഥാനം മണര്‍കാടുപള്ളിയാണ്. കാഞ്ഞിരപ്പള്ളിയിലെ അക്കരപ്പള്ളിയും നാഗപ്പുഴ പള്ളിയും ളാലം സെന്റ് മേരീസും കുറവിലങ്ങാട് പള്ളിയുമൊക്കെ എട്ടുനോമ്പിന്റെ പേരില്‍ പ്രശസ്തമാണ്.
അമ്മേ മാതാവേ ഞങ്ങളെ രക്ഷിക്കണമേ..