Wednesday, October 9, 2024
spot_img
More

    കഥയും കാര്യവും പാട്ടുമായി ‘ജിബാന്റ്’

    എന്തും ഏതും ചര്‍ച്ചയാക്കാനും പരസ്യപ്പെടുത്താനുമുള്ള പൊതു ഇടമാണ് ഇന്ന് സോഷ്യല്‍ മീഡിയ. അതുകൊണ്ടുതന്നെ ഇതിന്റെ സാധ്യതകളും വ്യാപനവും നാം ഉദ്ദേശിക്കുന്നതിനും അപ്പുറമാണ്. ഈ മാധ്യമത്തിന്റെ സവിശേഷ സാധ്യതകളെ സുവിശേഷത്തിന് വേണ്ടി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെആരംഭിച്ചിരിക്കുന്ന ഒരു യുവജന മുന്നേറ്റമാണ് ജി ബാന്റ് .

    കഥയും കാര്യവും പാട്ടുമാണ് ജി ബാന്റിന്റെ ഹൈലൈറ്റ്. നമ്മുടെ ചുറ്റുപാടുകളില്‍ ജീവിക്കുന്ന പ്രചോദനാത്മകമായ ജീവിതങ്ങളെ പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി വെബ് സീരിസും വീഡിയോ ആല്‍ബങ്ങളും ആരാധനാഗീതങ്ങളുമെല്ലാമാണ് ജിബാന്റിന്റെ ആഭിമുഖ്യത്തില്‍ അവതരിപ്പിക്കപ്പെടുന്നത്.

    ഡ്രീംബിഗ് എന്ന പേരിലുള്ള വെബ് സീരിസില്‍ ആദ്യം അവതരിപ്പിച്ചത് ഇന്ത്യയിലെ ആദ്യ ആംപ്യൂട്ട് ഫുട്‌ബോള്‍ കളിക്കാരനായ വൈശാഖിന്റെ ജീവിതമായിരുന്നു. സമാനമായരീതിയിലുള്ള, പ്രതികൂലങ്ങളോട് പടവെട്ടിയും വെല്ലുവിളികളെ അതിജീവിച്ചുമുള്ള ജീവിതങ്ങളെ പരിചയപ്പെടുത്തുന്നതിലൂടെ ചെറിയ ചെറിയ നിരാശതകളിലും നിഷേധാത്മകമായ അനുഭവങ്ങളിലും തളയ്ക്കപ്പെട്ടുകഴിയുന്നവര്‍ക്കെല്ലാം വലിയ പ്രചോദനമാണ് ലഭിക്കുന്നത്.

    പന്തക്കുസ്താ തിരുനാളിനോട് അനുബന്ധിച്ച് ജിബാന്റ് അവതരിപ്പിച്ച ത്രീത്വാരാധന ആത്മീയമണ്ഡലങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തെ, ത്രീത്വോപാസകനായ ഫാ.ആര്‍മണ്ടിന്റെ ആശയങ്ങളോട് ചേര്‍ന്ന് ബാന്റ് അംഗങ്ങള്‍ സ്തുതിക്കുന്നതായിരുന്നു പ്രസ്തുത ആല്‍ബം. ചിത്രഗിരി പള്ളിയില്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ മനസ്സോടെ ബാന്റ് അംഗങ്ങള്‍ ഒരുമിച്ചുകൂടുകയും ആരാധന നടത്തുകയും ചെയ്തിരുന്നത് ഷൂട്ട് ചെയ്ത് പുറത്തിറക്കുകയായിരുന്നു.

    ജീസസ് യൂത്തിന്റെ ദര്‍ശനങ്ങളോടുള്ള പ്രതിപത്തിയും അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ ആധ്യാത്മികതയോടുള്ള ചായ് വുമാണ് ജി ബാന്റിനെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഘടകം.

    കപ്പൂച്ചിന്‍ സഭാംഗമായ ഫാ. ജോജോ മണിമലയുടെ മനസ്സില്‍ രൂപമെടുത്തതാണ് ജിബാന്റ്. അദ്ദേഹമാണ് ഈ ടീമിന് ആത്മീയനേതൃത്വം നല്കുന്നത്.ജിന്റോ തോമസ്, ജെസ്‌റ്റോ ജോസഫ്, ജോയല്‍ തോമസ്, ജോജോ തോമസ്, അരുണ്‍, വിഷ്ണു മോഹന്‍, അലീന, അരുണ്‍ അര്‍ജുന്‍ പി നായര്‍ തുടങ്ങിയവരാണ് അണിയറ പ്രവര്‍ത്തകര്‍.

    നന്മയുടെയും സ്‌നേഹത്തിന്റെയും സുഗന്ധവും മനസ്സിന്റെ പ്രകാശവുമുള്ള ഈ മുന്നേറ്റം കൂടുതല്‍ ആളുകളിലേക്ക് എത്തേണ്ടതുണ്ട്. കാരണം നന്മ തിരിച്ചറിയാന്‍ കഴിയാതെ പോകുന്നതാണ് നമ്മുടെ കാലഘട്ടത്തിന്റെ പാപങ്ങളിലൊന്ന്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9946098797

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!