കോപം ഒരു വികാരമാണ്. അതൊരിക്കലും പാപമല്ല. അതുകൊണ്ടാണ് കോപിച്ചുകൊള്ളുക എന്നാല്‍ പാപം ചെയ്യരുത് എന്ന് വിശുദ്ധ ഗ്രന്ഥം ഓര്‍മ്മിപ്പിക്കുന്നത്. പക്ഷേ കോപം നിയന്ത്രണാതീതമാകുമ്പോള്‍ അത് പാപത്തിന് കാരണമാകും. അതുകൊണ്ട് കോപം ഒരിക്കലും പിടിവിട്ടുപോകരുത്. കോപം വഴിയായി നമ്മുടെ ക്രിസ്തീയ വിശ്വാസത്തിന് കോട്ടം തട്ടുകയുമരുത്.
കോപപ്രകൃതി പലരുടെയും സഹജസ്വഭാവമാണ്. വിശുദ്ധരും അതില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടില്ല. വിശുദ്ധ ജെറോം അക്കൂട്ടത്തില്‍ മുമ്പനാണ്. ഉഗ്ര കോപിയായിരുന്നു ജെറോം. പെട്ടെന്ന് ദേഷ്യം വരും. പക്ഷേ പിന്നീട് അതോര്‍ത്ത് ഖേദിക്കുകയും ചെയ്യും. പ്രലോഭനങ്ങളുണ്ടാകുമ്പോള്‍ അദ്ദേഹം സ്വയം കഠിനമായി ശിക്ഷിക്കുകയും തന്റെ പാപങ്ങളെപ്രതി പ്രായശ്്ചിത്തം അനുഷ്ഠിക്കുകയുംചെയ്യുമായിരുന്നു. താന്‍ പരിപൂര്‍ണ്ണനല്ലെന്ന ഉത്തമബോധ്യത്താല്‍ തുടര്‍ച്ചയായി അദ്ദേഹം ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ദൈവത്തിന്റെ കരുണയ്ക്കുവേണ്ടി കരഞ്ഞുപ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
വിശുദ്ധ ജെറോമിന്റെ ജീവിതം നമ്മോട് പറയുന്നത് കോപം തെറ്റല്ലെന്നാണ്. കോപിച്ചാലും നമുക്ക് വിശുദ്ധജീവിതം നയിക്കാം എന്നാണ്.പക്ഷേ കോപം മൂലം നാം പറയുന്ന വാക്കുകള്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ വലിയ മുറിവാണ് സൃഷ്ടിക്കുന്നത്. പറഞ്ഞ വാക്കുകള്‍ നാം വിസ്മരിച്ചാലും കേട്ട ആള്‍ക്ക് അത് വിസ്മരിക്കാനാവില്ല. അതുകൊണ്ട് കോപം നിയന്ത്രിക്കുക. അതിന് ശരീരത്തെ നിയന്ത്രിക്കുക. പ്രാര്‍ത്ഥിക്കുക, ഉപവസിക്കുക.സര്‍വ്വോപരി ദൈവകരുണയ്ക്കായി നിലവിളിക്കുക.