എറണാകുളം: എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും അനുബന്ധസ്ഥാപനങ്ങളിലും ഡിസംബര്‍ 25 ന് സിനഡ് ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌ക്കോ പുത്തൂരിന് പൗരസ്ത്യതിരുസംഘം നിര്‍ദ്ദേശം നല്കി. കര്‍ദിനാള്‍ ക്ലൗഡിയോയാണ് ഇക്കാര്യത്തില്‍ കത്ത് നല്കിയിരിക്കുന്നത്. കുര്‍ബാനവിഷയത്തിലെ അന്തിമതീരുമാനമാണ് ഇത്. ഏകീകൃത കുര്‍ബാനയോട് വിശ്വസ്തരായിരിക്കാന്‍ അതിരൂപതയിലെ വൈദികരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
2022 ലെ ക്രിസ്തുമസിന് കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന അനിഷ്ടസംഭവങ്ങളും തുടര്‍ന്നുണ്ടായ സംഘര്‍ഷവും മൂലമുണ്ടായ വലിയ അപകീര്‍ത്തി കണക്കിലെടുത്താണ് 2023 ലെ ക്രിസ്തുമസ് ഒരു പ്രതീകാത്മകതീയതിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
പേപ്പല്‍ ഡെലിഗേറ്റ് ആര്‍ച്ച് ബിഷപ് സിറില്‍ വാസില്‍ പ്രസ്തുതപദവിയില്‍ തുടരുക തന്നെ ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കണമെന്ന് മാര്പാപ്പ സൂചിപ്പിച്ചിട്ടുള്ളതായും കത്തില്‍ പറയുന്നു.