പാപങ്ങളും പാപഭാരങ്ങളുമായി ഇടറിനീങ്ങുന്ന മനുഷ്യരാണെവിടെയും. പാപഭാരം കുറയ്ക്കാന്‍ വേണ്ടി പല മാര്‍ഗ്ഗങ്ങളും അവര്‍ അന്വേഷിക്കുന്നു. പാപങ്ങളുടെ കടം വീട്ടാന്‍ എന്താണ് മാര്‍ഗ്ഗമെന്ന് അവര്‍ ചിന്തിക്കുന്നു. ഇതിനുള്ള മാര്‍ഗ്ഗമായി പ്രഭാഷകന്‍ നമ്മോട് പറയുന്നത് ഇതാണ്.
പിതാവിനോടു കാണിക്കുന്ന കാരുണ്യംവിസ്മരിക്കപ്പെടുകയില്ല. പാപങ്ങളുടെ കടം വീട്ടുന്നതിന് അതുപകരിക്കും.( പ്രഭാഷകന്‍ 3:14)
ഇത് ഏത് സാഹചര്യത്തിലാണ് പറയുന്നതെന്ന് മനസ്സിലാക്കാന്‍ ഈ വചനത്തിന്റെ തൊട്ടുമുമ്പുള്ള ഭാഗങ്ങളിലൂടെ കടന്നുപോകുന്നത് നല്ലതായിരിക്കും.
അത് ഇപ്രകാരമാണ്.
മകനേ പിതാവിനെ വാര്‍ദ്ധക്യത്തില്‍ സഹായിക്കുക, മരിക്കുന്നതുവരെ അവന് ദു:ഖമുണ്ടാകരുത്. അവന് അറിവു കുറവാണെങ്കിലും സഹിഷ്ണുത കാണിക്കുക. നീ എത്ര ബലവാനാണെങ്കിലും അവനെ നിന്ദിക്കരുത്. പിതാവിനോട് കാണിക്കുന്ന കാരുണ്യം വിസ്മരിക്കപ്പെടുകയില്ല. പാപങ്ങളുടെ കടം വീട്ടുന്നതിന് അതുപകരിക്കും. കഷ്ടതയുടെദിനത്തില്‍ അത് നിനക്ക് കാരുണ്യത്തിനായി ഭവിക്കും.സൂര്യപ്രകാശത്തില്‍ മൂടല്‍മഞ്ഞെന്നപോലെ നിന്റെ പാപങ്ങള്‍ മാഞ്ഞുപോകും.
അതെ നമുക്ക് നമ്മുടെ പിതാക്കന്മാരോട് കൂടുതല്‍ സഹിഷ്ണുത പുലര്‍ത്താം, അവരെ സ്‌നേഹിക്കാം. രോഗകിടക്കയില്‍ ശുശ്രൂഷിക്കാം. അതുവഴി നമ്മുടെ പാപങ്ങള്‍ മോചിക്കപ്പെടുക തന്നെ ചെയ്യും.