Saturday, March 22, 2025
spot_img
More

    വി. ഫ്രാൻസീസിനോടൊപ്പം ഒരു ക്രിസ്തുമസ്

    പ്രിയപ്പെട്ട ഫ്രാൻസീസ്,

    ഇന്ന് ക്രിസ്തുമസാണ്. ലോകം മുഴുവൻ തന്റെ രക്ഷകന്റെ പിറവിയെ ഒരുവേളകൂടി ആഘോഷിക്കുന്ന പുണ്യമാർന്ന ദിവസം…

    അന്ന് 1223ൽ ലോകചരിത്രത്തിൽ ആദ്യമായി ഇറ്റലിയിലെ ഗ്രേച്ചിയോയിൽ നീയൊരു പുൽക്കൂട് നിർമ്മിച്ചതിനെക്കുറിച്ച് ഞാൻ വായിച്ചറിഞ്ഞിട്ടുണ്ട്, എന്റെ ഗുരുഭൂതരും മറ്റ് പ്രിയപ്പെട്ടവരും പല ആവർത്തി പറഞ്ഞ് എന്നെ ഓർമ്മിപ്പിച്ചിട്ടുമുണ്ട്. കാലങ്ങൾ കഴിഞ്ഞപ്പോൾ നീ അന്ന് പുൽക്കൂടൊരുക്കിയ സ്ഥലം കാണാനും അവിടെയിരുന്ന് പ്രാർഥിക്കാനുമൊക്കെ എനിക്കും സാധിച്ചിട്ടുണ്ട് എന്നത് ഹൃദയത്തിനിന്നും ആനന്ദം പകരുന്നുമുണ്ട്. 

    ഫ്രാൻസീസ്, നിനക്കെങ്ങനെ അന്ന് അപ്രകാരമൊരു പുൽക്കൂടൊരുക്കാൻ കഴിഞ്ഞു എന്നത് എന്റെ ഒരന്വേഷണമായിരുന്നു. ഈ അന്വേഷണത്തിലൂടെ എനിക്ക് മനസിലായതിങ്ങനെയാണ്, നീയറിഞ്ഞ ക്രിസ്തുവിനേയും അവന്റെ പിറവിയേയും വീണ്ടും വീണ്ടും നിന്റെ ഹൃദയത്തിൽ ധ്യാനിച്ചപ്പോൾ കിട്ടിയ പ്രേരണയാലാണ് നീ അപ്രകാരം ചെയ്തതെന്ന്. അതോടൊപ്പം നീ ഒരു കാര്യംകൂടി ആഗ്രഹിച്ചു, ഈ രക്ഷാകര സംഭവം തന്റെ ചുറ്റുപാടുള്ളവർക്ക് കൂടി മനസിലാകണമെന്ന്. അങ്ങനെ, തിരുവചനത്തിൽ നിന്നും ലഭിച്ച ഉൾക്കാഴ്ചയോടെ ഈശോയുടെ പിറവി പുനഃസൃഷ്ടിച്ചപ്പോൾ സംഭവിച്ചത് പുതിയൊരു ചരിത്രമായിരുന്നു. ലോകം മുഴുവനിലേക്കും പകരാൻ കഴിഞ്ഞ ഒരു കൃപകൂടിയായിരുന്നത്. 

    ഇന്ന് ഞാൻ നിർമ്മിക്കുന്ന പുൽക്കൂടുകളും, ഞാൻ കാണുന്ന പുൽക്കൂടുകളും രക്ഷകന്റെ സാന്നിധ്യം പകരുന്നില്ല എന്നതെന്റെ നോവാണ്. കണ്ണുകൾക്ക് ആനന്ദം പകരുന്ന പലതും എനിക്കവിടെ കാണാനാകുന്നുണ്ട്. പക്ഷേ മറ്റെന്തൊക്കയോ എനിക്കവിടെ അന്യമാകുന്നതുപോലെയുള്ള അനുഭവം കടന്നുവരുന്നുണ്ട്. എന്തായിരിക്കാം അതിന്റെ കാരണം? ഞാൻ തന്നെയാണതിന്റെ കാരണം എന്ന ഉത്തരം മാത്രമേ ഉള്ളിലുയരുന്നുള്ളു. അന്ന് ഫ്രാൻസീസ് പുൽക്കൂടൊരുക്കിയപ്പോൾ അവന്റെ ഉള്ളം മുഴുവൻ മനുഷ്യനോടൊപ്പമാകാൻ മനുഷ്യനായ കർത്താവു മാത്രമായിരുന്നു. എന്നാൽ എന്റെ ഉള്ളിലെപ്പോഴും കർത്താവല്ലല്ലോ…!

    ഇന്ന് ഞാൻ നടത്തുന്ന ബാഹ്യമായ ആഘോഷങ്ങളും അതിനുവേണ്ടി ഒരുക്കുന്ന പുൽക്കൂടുകളും അർത്ഥമുള്ളാതാകണമെങ്കിൽ വീണ്ടും കർത്താവിന്റെ നിലയ്ക്കാത്ത സാന്നിധ്യം എന്റെ ഉള്ളിൽ നിറയണം എന്ന് ഞാനറിയുന്നു. ആദ്യമായി പുൽക്കൂടുണ്ടാക്കിയ വി. ഫ്രാൻസീസേ, ഈ പുണ്യദിനത്തിൽ ഞാൻ നിന്റെ മാധ്യസ്ഥ്യം തേടുന്നു. അന്ന് നീ അനുഭവിച്ച പൈതലായ രക്ഷകന്റെ ജീവസാന്നിധ്യം എന്റെ ഉള്ളിലും നിറയുവനായി പ്രാർഥിക്കണേ… !

    പോൾ കൊട്ടാരം കപ്പൂച്ചിൻ

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!