പുതുവര്‍ഷത്തില്‍ നമുക്ക് അനുകരിക്കാവുന്ന ഏറ്റവും മികച്ച മാതൃക പരിശുദ്ധ കന്യാമറിയമാണ് നമ്മുടെ സ്വന്തം അമ്മയാണ്. എല്ലാം ശരിയാകും എന്ന് നമ്മോട് പറഞ്ഞുതരുന്നവളാണ് നമ്മുടെ ഈ അമ്മ. എന്നാല്‍ എല്ലാം ശരിയാകാന്‍ നാം എന്താണ് ചെയ്തുതരേണ്ടതെന്നും അമ്മയുടെ ജീവിതം നമുക്ക് പറഞ്ഞുതരുന്നുണ്ട്.
ദൈവത്തോടൊത്തുള്ളതായിരുന്നു അമ്മയുടെ ജീവിതം. ദൈവത്തോട് കൂടെയായിരിക്കുമ്പോള്‍ ജീവിതം എളുപ്പമുള്ളതാണെന്നോ പ്രയാസങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടാവുകയില്ലെന്നോ അമ്മ പറഞ്ഞുതരുന്നില്ല. ഉദാഹരണത്തിന് മറിയത്തിന്റെ ജീവിതത്തിലെ ചില സംഭവങ്ങളെ നമുക്ക് അപഗ്രഥിക്കാം.
കന്യകയായിരിക്കെ ഗര്‍ഭിണിയായി. കുഞ്ഞിനെ പ്രസവിക്കാന്‍ സുരക്ഷിതമായ ഒരു ഇടം പോലും കിട്ടിയില്ല. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി പലായനം ചെയ്യേണ്ടതായി വന്നു. ഉണ്ണിയെ ദൈവാലയത്തില്‍ കാഴ്ച വച്ചപ്പോള്‍ശിമയോന്‍ പറഞ്ഞ വാക്കുകള്‍ ഹൃദയഭേദകമായിരുന്നു. യേശുവിന്റെ പീഡാസഹനത്തിനും കുരിശുമരണത്തിനും അമ്മ സാക്ഷിയായി. ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍. പക്ഷേ കഠിനമായ ഈ ദു:ഖങ്ങളിലൂടെ കടന്നുപോയപ്പോഴൊന്നും അമ്മയ്ക്ക് പ്രത്യാശ നഷ്ടമായില്ല. ദൈവത്തിലുളള വിശ്വാസം കുറയുകയോ ആശ്രയത്വം ഉപേക്ഷിക്കുകയോ ചെയ്തില്ല. ഇവിടെയാണ് നമുക്ക് മാതാവ് മാതൃകയാകുന്നത്.
നമ്മുടെ ജീവിതത്തിലും ഈ പുതുവര്‍ഷത്തിലും നമ്മുടെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായ പലതും സംഭവിച്ചേക്കാം. പക്ഷേ അവയൊന്നും ദൈവത്തിലുള്ള വിശ്വാസം നഷ്ടമാക്കാന്‍ ഇടയാകരുത്.
പരിശുദ്ധ അമ്മേ പുതുവര്‍ഷത്തിലെ എല്ലാ അനുഭവങ്ങളെയും ദൈവകരങ്ങളില്‍ നിന്ന് സ്വീകരിക്കാനും നന്ദിയോടെ വാങ്ങുവാനും ഞങ്ങളെ സഹായിക്കണമേ. ആത്മീയമായി ഞങ്ങളെ ശക്തരാക്കണമേ. വിശുദ്ധിയും വിജ്ഞാനവും നല്കി ഞങ്ങളുടെ ജീവിതങ്ങളെ കരുത്തുറ്റതാക്കി മാറ്റണമേ. ആമ്മേന്‍