Friday, January 2, 2026
spot_img
More

    നിമിത്തത്തിന്റെ പേരും പറഞ്ഞ് പരിശുദ്ധ അമ്മയെ അധിക്ഷേപിക്കരുതേ…

    കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയായില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയും അതിനോടുളള പ്രതികരണവും തികച്ചും വേദനാജനകമായി തോന്നിയതുകൊണ്ടാണ് ഇങ്ങനെയൊരുകുറിപ്പ് എഴുതുന്നത്.രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൊണ്ടോ വ്യക്തിവിദ്വേഷം കൊണ്ടോ അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലും ഉദ്ദേശ്യലക്ഷ്യങ്ങള്‍ കൊണ്ടോ ഈ സംഭവത്തെയും അതിന് ആധാരമായ വ്യക്തിയെയും പരിഹസിക്കുമ്പോള്‍ നിഷ്പക്ഷതയോടെ നിലകൊള്ളുന്ന ഒരു സാധാരണ വിശ്വാസിക്ക് അവിടെ വേദനയുണ്ടാകുന്നുണ്ട്. അതെന്തിന് എന്ന് ചോദിച്ചാല്‍ അതിന്‌റെ ഉത്തരം ഇവിടെ അപഹസിക്കപ്പെടുന്നത് പരിശുദ്ധ അമ്മയാണ് എന്നതാണ്.

    ഇത്രയും വായിക്കുമ്പോള്‍ തന്നെ മാത്രവുമല്ല ഇവിടെ ചേര്‍ത്തിരിക്കുന്ന ചിത്രം വഴിയായും വായനക്കാര്‍ക്ക് കാര്യം മനസ്സിലായെന്ന് കരുതുന്നു. അതെ നടന്‍ സുരേഷ് ഗോപി തന്റെ മകള്‍ ഭാഗ്യയുടെ വിവാഹത്തോട് അനുബന്ധിച്ച് കുടുംബസമ്മേതം തൃശൂര്‍ ലൂര്‍ദ്ദ് പള്ളിയിലെത്തി മാതാവിനെ സ്വര്‍ണ്ണകിരീടം അണിയിക്കുകയും ഏതാനും നിമിഷങ്ങള്‍ക്കുളളില്‍ തന്നെ അത് താഴെ വീഴുകയും ചെയ്തതാണ് സംഭവം. സുരേഷ് ഗോപിയോടും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തോടും വിയോജിപ്പുള്ളവര്‍ ധാരാളമുണ്ട്. പക്ഷേ വിയോജിപ്പുകള്‍ ആരോഗ്യപരമായിരിക്കണം, അത് വ്യക്തിഹത്യയിലേക്ക് നീങ്ങരുത്. മാത്രവുമല്ല അതിനായി മതത്തെയോ വിശ്വാസത്തെയോ കരുവാക്കുകയുമരുത്.

    കിരീടം പിടിച്ചോ തൃശൂര്‍ തരണേ എന്ന മട്ടിലുള്ള ചില കുറിപ്പുകള്‍ ഈ ചിത്രത്തോട് ചേര്‍ത്തുകണ്ടു. സമൂഹത്തിലും സഭയിലും ബഹുമാന്യരായ വ്യക്തികള്‍ പോലും ഇങ്ങനെ കുറിപ്പെഴുതുകയും അത്തരത്തിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നത് അരോചകരമായിട്ടാണ് തോന്നിയത്. സ്വര്‍ണ്ണകിരീടം കിട്ടിയതുകൊണ്ട് സുരേഷ് ഗോപിയെ ഇലക്ഷനില്‍ ജയിപ്പിക്കാന്‍ മാത്രം വില കുറഞ്ഞവളൊന്നുമല്ല നമ്മുടെ പരിശുദ്ധ അമ്മ. സുരേഷ് ഗോപി ജയിക്കുകയോ തോല്ക്കുകയോ മറ്റൊരു വിഷയം. അതിനെ മാതാവിനോട് ചേര്‍്ത്തുവച്ചുകെട്ടരുത്.

    മറ്റുള്ളവര്‍ക്ക് അന്യായമായും അഹിതമായും പാരിതോഷികങ്ങളും സമ്മാനങ്ങളും കൊടുത്ത് സ്വന്തം കാര്യം സാധിച്ചെടുക്കുകയോ അല്ലെങ്കില്‍ മറ്റുളളവരില്‍ നിന്ന് അതുപോലെ കൈപ്പറ്റി അവര്‍ക്ക് പ്രത്യുപകാരം ചെയ്തുകൊടുക്കുകയോ ചെയ്തവര്‍ക്ക് മാത്രമേ മാതാവിനെ അത്തരമൊരു രീതിയില്‍ കാണാനാകൂ. സഭയുടെ ഉള്‍പ്പടെ പല പദവികളിലും ഇരുന്നപ്പോള്‍ അത്തരക്കാര്‍ പലര്‍ക്കും സ്വജനപ്രീണനം നടത്തിയിട്ടുമുണ്ടാവും. എല്ലാവരും തന്നെപോലെയാണെന്ന് കരുതുന്നവര്‍ക്ക് മാതാവിനെയും അങ്ങനെ കാണാന്‍ കഴിയുന്നത് മാതാവിന്‌റെ കുഴപ്പമല്ല അവരുടെ കുഴപ്പമാണ്. അതുകൊണ്ടാണ് തികച്ചും അപഹാസ്യമായി ഇത്തരം പോസ്റ്റുകള്‍ അവര്‍ ഷെയര്‍ ചെയ്യുന്നത്.

    ഇനി മറ്റൊരു കാര്യം. സുരേഷ് ഗോപി മരിയഭക്തനാണെന്ന കാര്യം ഇതിനകം പലവട്ടം തെളിഞ്ഞ കാര്യമാണ്. മരിയന്‍പത്രം പോലും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹം സഞ്ചരിക്കുന്ന വാഹനത്തില്‍ കൊന്തയുണ്ടെന്ന കാര്യവും പരസ്യമാണ്. അതുപോലെ മകളുടെ വിവാഹം ക്ഷണിക്കാനെത്തിയപ്പോള്‍ പാലാ കുരിശുപള്ളിയിലെത്തി തിരികത്തിച്ച് പ്രാര്‍ത്ഥിച്ചതും വാര്‍ത്തയായിരുന്നു.

    ലേലം സിനിമ ഹിറ്റായതോടെ അദ്ദേഹം അഭിനയിക്കുന്ന ജോഷി ചിത്രങ്ങളുടെയെല്ലാം തുടക്കം വാഗമണ്‍ വെണ്ണികുളത്തെ മാതാവിന്റെ ഗ്രോട്ടോയില്‍ നിന്നാണെന്ന കാര്യവും സിനിമാ പ്രേക്ഷകര്‍ക്ക് അറിയാം. ഇതൊക്കെ പരസ്യമായ കാര്യങ്ങളാകുമ്പോഴാണ് സുരേഷ് ഗോപി ലൂര്‍ദ്ദ് മാതാവിന് സ്വര്‍ണ്ണകിരീടം ചാര്‍ത്തിയതിനെ രാഷ്ട്രീയപ്രേരിതമായി വിലയിരുത്തി വിമര്‍ശിക്കുന്നത്. അതിന് പുറമെയാണ് നിമിത്തത്തിന്റെ കാര്യം.

    മാതാവിന്റെ ശിരസില്‍ നിന്ന് സ്വര്‍ണ്ണകിരീടം താഴെപോയത് അശുഭസൂചനയാണെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. അതൊരു നിമിത്തമാണെന്ന് പറയുന്നവരുമുണ്ട്. കത്തോലിക്കാവിശ്വാസികള്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നവരല്ല. അവര്‍ക്ക് എല്ലാ ദിവസവും ദൈവത്തിന്റെ ദിവസമാണ്. സംഭവിക്കുന്നതെല്ലാം ദൈവം അറിഞ്ഞുകൊണ്ടാണ്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് അന്ധവിശ്വാസം പ്രചരിപ്പിക്കുന്നത്. വിശുദ്ധ കുര്‍ബാന വിതരണം ചെയ്യുമ്പോള്‍ ചില വൈദികരുടെ കൈയില്‍ നിന്ന് തിരുവോസ്തി അബദ്ധത്തില്‍ താഴെ വീണുപോകാറുണ്ട്. എന്ന് കരുതി ആ കുര്‍ബാന നിമിത്തമോ അശുഭസൂചനയോ ആണോ?

    മറുനാടന്‍ മലയാളിയുടെ ചുമതലക്കാരന്‍ ഷാജന്‍ സ്‌കറിയ ഒരു വീഡിയോയില്‍ ചോദിക്കുന്നതുപോലെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ പോയവഴിക്ക് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും ഫ്രാന്‍സിസ് മാര്‍പാപ്പയും വീണുപോയിട്ടുണ്ട്. അതും അശുഭസൂചനയും നിമിത്തവുമാണോ?

    മറ്റ് ചിലര്‍ പറയുന്നത് മണിപ്പൂര്‍ കലാപത്തില്‍ നിരപരാധികള്‍ കൊന്നൊടുക്കപ്പെട്ടതിലുള്ള മാതാവിന്റെ പ്രതിഷേധം കാരണം മാതാവ് തന്നെ കിരീടം തട്ടിത്താഴെയിട്ടതാണെന്നാണ്( സുരേഷ് ഗോപി കൃത്യമായിട്ടാണ് അത് വച്ചതെന്നും എന്നാല്‍ ആരോ ഒരാള്‍ അത് ആസൂത്രിതമായി തട്ടിതാഴെയിടുകയായിരുന്നുവെന്നും മറ്റുമുള്ളവീഡിയോയും ഇപ്പോള്‍ പ്രചരിപ്പിക്കുന്നുണ്ട്. അത് വേറെ കഥ).ശരിയാണ് മണിപ്പൂരില്‍ നടന്നത് സമാനതകളില്ലാത്ത കൊടുംക്രൂരതകള്‍ തന്നെയാണ്. അതിന്റെ പിന്നിലുണ്ടായിരുന്നത്ആരായാലും അവരെ നിയമത്തിന്റെ മുമ്പിലേക്ക് കൊണ്ടുവരികയും അവരെ ശിക്ഷിക്കേണ്ടതുമാണ്. പക്ഷേ അതിന്റെ പേരില്‍ കിരീടം തട്ടിത്താഴെയിടാന്‍ മാത്രം മാതാവെന്താ കുന്നായ്മക്കാരിയോ? അല്ലെങ്കില്‍ പറയൂ, നേര്‍ച്ചകാഴ്ചകള്‍ ദൈവത്തിന് പ്രീതികരമായവിധത്തില്‍ അര്‍പ്പിക്കാന്‍ മാത്രം അത്രയധികം യോഗ്യതയുള്ളവരും വിശുദ്ധരുമായവര്‍ എത്രപേരുണ്ടിവിടെ? ഭണ്ഡാരത്തില്‍ ഓരോരുത്തര്‍ അര്‍പ്പിക്കുന്ന ചെറുതുംവലുതുമായ തുക മുതല്‍ സുരേഷ് ഗോപി അര്‍പ്പിച്ച സ്വര്‍ണ്ണകിരീടം വരെ ഓരോ നേര്‍ച്ചകാഴ്ചകളാണ്. ഓരോരുത്തരും അവനവരുടെ സാമ്പത്തികം അനുസരിച്ച് നേര്‍ച്ചകാഴ്ചകള്‍ അര്‍പ്പിക്കുന്നു. അങ്ങനെയെങ്കില്‍ അതൊക്കെ അര്‍പ്പിക്കാന്‍ മാത്രം നാം യോഗ്യരാണോ. ദൈവം അത് സ്വീകരിച്ചുവെന്ന് നമുക്ക് എങ്ങനെ ഉറപ്പിച്ചുപറയാന്‍ കഴിയും?

    കള്ളക്കടത്തുകാരന്റെയും കള്ളുവില്പനക്കാരന്റെയും കാശുപോലും പള്ളി ഉപയോഗിച്ചിട്ടുണ്ട്, ഉപയോഗിക്കാറുമുണ്ട്. അതിനോടൊന്നും കാണി്ക്കാത്ത തീട്ടിക്കാടായ്കയും പഥ്യവും ചലച്ചിത്രതാരമായ സുരേഷ്‌ഗോപിയുടെ നേര്‍ച്ചയോട് കാണിക്കുന്നതിലെ അനൗചിത്യം മനസ്സിലാവുന്നതേയില്ല. സുരേഷ് ഗോപി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയമാണോ പ്രശ്‌നം അതോ സുരേഷ് ഗോപിയെന്ന വ്യക്തിയോ?

    സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ക്കുവേണ്ടിയുള്ള ആരോപണക്കളരിയില്‍ മാതാവിനെ ഇറക്കരുത്. അത്രേയുള്ളൂ. അതാണ് അപേക്ഷയും. മരിയന്‍പത്രത്തിന് അത് സഹിക്കാനാവില്ല.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!